കോഴിക്കോട്: എന്‍ട്രന്‍സ് കോച്ചിങ് രംഗത്ത് മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റെയ്‌സ് എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററും സയന്‍സ് സെന്ററും സഹകരിച്ച് സംയുക്ത സംരംഭം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി 500 കോടി മുതല്‍മുടക്കി വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു. നീറ്റ്, ജെ ഈ ഈ പരീക്ഷകളില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്‍നിര റാങ്കുകള്‍ കരസ്ഥമാക്കുന്നതില്‍ കേരളം പിറകിലാണ്. ഇതിന് പരിഹാരമായി ഇന്ത്യയിലെ മികച്ച അധ്യാപകരെയും, കോഴ്‌സ് മെറ്റീരിയലുകളും, പുതിയ കോച്ചിംഗ് രീതികളെയും പരിചയപ്പെടുത്തിക്കൊണ്ട് നിലവില്‍ വരുന്ന ഓണ്‍ലൈന്‍-ഫിസിക്കല്‍ ട്യൂഷന്‍-എന്‍ട്രന്‍സ് എഡ്‌ടെക് സംരംഭമാണ് ഇതില്‍ ആദ്യത്തേത്. കേരളത്തിലും വിദേശത്തുമുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടും.
വിവിധ മത്സര പരീക്ഷകള്‍ക്ക് ഉന്നത നിലവാരമുള്ള അധ്യാപകരെ വാര്‍ത്തെടുക്കാന്‍ സംസ്ഥാനത്ത് 3 കേന്ദ്രങ്ങളില്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും.
മത്സര പരീക്ഷകളില്‍ അഡ്മിഷന്‍ ലഭിക്കാത്ത ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ആത്മധൈര്യവും പുതിയ പഠന സാധ്യതകളും ലഭ്യമാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് ആരംഭിക്കുന്ന മെന്ററിങ് ആന്‍ഡ് ലേര്‍ണിംഗ് പ്ലാറ്റ്‌ഫോമാണ് മറ്റൊരു പദ്ധതി.
സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ സമഗ്രവളര്‍ച്ച ലക്ഷ്യംവെച്ച് 100 സ്‌കൂളുകളില്‍ സ്‌കൂള്‍ എംപവര്‍മെന്റ് പ്രോഗ്രാം നടപ്പിലാക്കും. വിദ്യാര്‍ത്ഥികളുടെ ജന്മസിദ്ധമായ കഴിവുകളെ കേന്ദ്രീകരിച്ച് തൊഴില്‍ സാധ്യതകളും സമഗ്ര വ്യക്തിത്വ വികസനവും ലക്ഷ്യമിട്ട് ഹോളിസ്റ്റിക് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആരംഭിക്കും.
കുരുന്നുകളെ പുതുകാല വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്ന ന്യൂ എയ്ജ് ഏളി എജുക്കേഷന്‍ പ്രോജക്ട് ആണ് മറ്റൊന്ന്.
അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയത് 2000 തൊഴിലവസരങ്ങള്‍ ഈ സംരംഭം സൃഷ്ടിക്കും.
ജനപ്രതിനിധികളുമായി സഹകരിച്ച് നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സൗജന്യ വിദ്യാഭ്യാസ പദ്ധതികളും നടപ്പിലാക്കും.
പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം ഈ മാസം 29ന് കോഴിക്കോട് വെച്ച് നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍മാരായ രാജേഷ് തേറത്ത്, പ്രഷോഭ്.പി, രൂപേഷ്.കെ, ഫര്‍ഹാന്‍.എന്‍.വി, രാജേഷ് എസ്.കെ, ദിലീപ്.യു, അഫ്‌സല്‍.എന്‍.കെ, നസീര്‍ ഡി.ബി പങ്കെടുത്തു.