നഗരത്തിലെ നിറസാന്നിധ്യമായിരുന്ന പ്രിയപ്പെട്ട പിവിജി വിട വാങ്ങിയിരിക്കുന്നു. സൗമ്യതയുടെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു അദ്ദേഹം. വലിപ്പചെറുപ്പങ്ങളില്ലാതെ എല്ലാവരോടും അദ്ദേഹം ആത്മബന്ധം പുലര്‍ത്തി. മലയാള ചലച്ചിത്ര ലോകത്തിന് ഒരിക്കലും വിസ്മരിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയാണ് അദ്ദേഹത്തിന്റെ മടക്കം. നിര്‍മ്മാതാവ്, ഫിലിം ഡിസ്ട്രിബ്യൂട്ടര്‍ എന്നീ രംഗങ്ങളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നെന്നും സ്മരിക്കപ്പെടും. കോഴിക്കോടിന്റെ വികസനത്തന്‍ എന്നും അദ്ദേഹം മുന്നില്‍ നിന്ന് പോരാടി. മലബാര്‍ ചേംബറിന്റെ സാരഥിയായിരിക്കുമ്പോഴും, എല്ലായ്‌പ്പോഴും, എയര്‍പോര്‍ട്ട് വികസനം, റെയില്‍വേ വികസനം നഗര വികസനത്തിന്റെ വേദികളിലെല്ലാം അദ്ദേഹം നിറസാന്നിധ്യമായിരുന്നു. നഗരത്തിലെ സാമൂഹിക, സാംസ്‌കാരിക വേദികളിലും അദ്ദേഹം നിറഞ്ഞു നിന്നു. സംഘടനകള്‍ക്ക് കൈതാങ്ങായും നിലകൊണ്ടു. കെ എസ് യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം മരിക്കുമ്പോള്‍ എഐസിസി അംഗമായിരുന്നു. സിനിമാ നിര്‍മ്മാതാക്കളുടെ അന്തര്‍ ദേശീയ സംഘടനയായ ഫിയാഫിന്റെ ഫസ്റ്റ് വൈസ് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു. പിതാവായ പി.വി.സ്വാമി പടുത്തുയര്‍ത്തിയ കെടിസി എന്ന സ്ഥാപനത്തെ വളര്‍ത്തിയെടുക്കുന്നതില്‍ സഹോദരനായ പിവി ചന്ദ്രനോടൊപ്പം അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചു. കെടിസി സംസ്ഥാനത്തെ ശ്രദ്ധേയമായ സ്ഥാപനമായി വളര്‍ന്നു. മാതൃഭൂമി ദിനപത്രത്തിന്റെ മുഴുവന്‍ സമയ ഡയറക്ടര്‍ എന്ന നിലയ്ക്കും പത്രത്തിന്റെ വളര്‍ച്ചയിലും ശ്രദ്ധേയമായ സംഭാവനകളാണ് അദ്ദേഹം അര്‍പ്പിച്ചത്.
മാധ്യമ പ്രവര്‍ത്തകരോട് വലിയ കരുതല്‍ കാണിച്ച വ്യക്തിത്വമായിരുന്നു. മാധ്യമ രംഗത്ത് വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ മാധ്യമ പ്രവര്‍ത്തകരുമായി അദ്ദേഹം സംവദിച്ചു.
പ്രിയ പിവിജിയുടെ വിടവാങ്ങല്‍ തീരാ നഷ്ടം തന്നെയാണ്. സ്‌നേഹ സമ്പന്നമായ കോഴിക്കോടന്‍ കൂട്ടായ്മയുടെ തെളിമയാര്‍ന്ന മുഖമായിരുന്നു പിവിജി. സായന്തനങ്ങളില്‍ നഗരത്തില്‍ നടന്നിരുന്ന സമ്മേളന കൂട്ടായ്മകളില്‍ നിറഞ്ഞു നിന്നിരുന്ന ആ സാന്നിധ്യമാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ വിയോഗം മലയാളക്കരക്ക് തന്നെ തീരാ നഷ്ടമാണ്. പിവിജിയുടെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു, ആദരാഞ്ജലികളര്‍പ്പിക്കുന്നു.