ഇരുപത്തിനാല് മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന് അന്ത്യശാസനം നൽകിയതിനെത്തുടർന്ന് ഗാസയിൽ നിന്നു പലായനം ചെയ്ത പലസ്തീനി അഭയാർഥികൾക്കു നേരേ വ്യോമാക്രണം നടത്തി ഇസ്രയേൽ. സ്വന്തം മണ്ണിൽ നിന്ന് ജീവനും കൊണ്ടു രക്ഷപെടുകയായിരുന്ന കുട്ടികളടക്കമുള്ള സംഘത്തിനു നേർക്കാണ് ആക്രമണം നടന്നത്. കുട്ടികളടക്കം എഴുപതിലേറെപ്പേർ കൊല്ലപ്പെട്ടതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഗാസയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കവിഞ്ഞു.
തെക്കൻ ലെബനനിൽ മാധ്യമപ്രവർത്തകർക്ക് നേരെയും ഇസ്രയേൽ ഷെല്ലാക്രമണം നടത്തി. ആക്രമണത്തിൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ വീഡിയോ ജേർണലിസ്റ്റ് ഇസ്സാം അബ്ദുള്ള കൊല്ലപ്പെട്ടു. കൂടാതെ ആറ് മാധ്യമപ്രവർത്തകർക്ക് പരുക്കേറ്റു. റോയിട്ടേഴ്സിനെ കൂടാതെ അൽ ജസീറയും ഏജൻസ് ഫ്രാൻസ് പ്രസും(എഎഫ്പി) ഉൾപ്പെടെയുള്ള മാധ്യമസംഘം ഇസ്രയേൽ അതിർത്തിയോട് ചേർന്നള്ള അൽമ അൽ ഷാബിൽ നിന്നും റിപ്പോർട്ട് ചെയ്യുമ്പോഴാണ് ദാരുണ സംഭവം. അതിർത്തിയിൽ ഹിസ്ബുള്ളയും ഇസ്രയേൽ സൈന്യവും തമ്മിലുള്ള സംഘർഷത്തിനിടയിലാണ് ഇസ്രയേൽ ഷെല്ലാക്രമണം നടത്തിയത്.
ലൈവ് റിപ്പോർട്ടിങ്ങിനിടെയായിരുന്നു ഇസ്സാം അബ്ദുള്ള കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്സ് പറയുന്നു. താർ അൽ സുഡാനി, മഹർ നസേ എന്നീ റോയിട്ടേഴ്സിലെ മാധ്യമപ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പ് പ്രസ് എന്ന് എഴുതിയ ഹെൽമെറ്റും ഫ്ളാക്ക് ജാക്കറ്റും ധരിച്ചിരിക്കുന്ന ഫോട്ടോ ഇസ്സാം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ഗാസയിലെ അഭയാർത്ഥികൾ അവരുടെ വീട് വിട്ട് ഈജിപ്തിലെ സിനായ് മരുഭൂമിയിൽ പലായനം ചെയ്യണമെന്നും അവിടെ അവർക്ക് കൂടാരങ്ങളുള്ള നഗരം പണിയുമെന്നും ഇസ്രയേൽ മുൻ ഉപ വിദേശകാര്യ മന്ത്രി ഡാന്നി അയലൻ പറഞ്ഞു. ഹമാസിനെ പുറത്താക്കാൻ വേണ്ടി ഗാസയിലെ ജനങ്ങളോട് താൽക്കാലികമായി സ്ഥലം വിട്ട് പോകണമെന്നും അതിന് ശേഷം അവർക്ക് തിരികെ വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഗാസയുടെ മറുവശത്തുള്ള സിനായ് മരുഭൂമിയിൽ അനന്തമായ സ്ഥലമുണ്ട്.