ശോഭീന്ദ്രൻ മാഷെന്ന പ്രകൃതി സ്‌നേഹി ഇനി ഓർമ്മ

ശോഭീന്ദ്രൻ മാഷെന്ന പ്രകൃതി സ്‌നേഹി ഇനി ഓർമ്മ

ജീവിതം മുഴുവൻ പ്രകൃതിയോടൊപ്പം നടന്ന ശോഭീന്ദ്രൻ മാഷ് ഇനി ഓർമ്മ. ”മരമാണ് ജീവൻ. അതുകൊണ്ട് നാം ഒരു ജീവസംരക്ഷണ പ്രവർത്തനത്തിന് ഒരുങ്ങേണ്ടിയിരിക്കുന്നു” എന്നാണ് മാഷ് പറഞ്ഞുകൊണ്ടിരുന്നത്. പച്ച പാന്റ്, പച്ച കുപ്പായം, പച്ച തൊപ്പി, വെളുത്ത നീണ്ട താടിയുമായി മനുഷ്യരെ കൂട്ടിയിണക്കി മരങ്ങൾ നട്ട് പിടിപ്പിക്കാനും വനയാത്രയും വയനാട് ചുരത്തിലെ മഴയാത്രയും നടത്താനും തലമുറ വ്യത്യാസമില്ലാതെ പരിചയപ്പെട്ട മനുഷ്യരെ ചേർത്തുപിടിക്കാനും മാത്രം അറിയാവുന്ന ആ പ്രകൃതി മനുഷ്യൻ നമ്മെ വിട്ടുപോയിരിക്കുന്നു.

76 വയസിന്റെ പ്രകൃതിയനുഭവങ്ങൾക്കൊടുവിൽ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു പതിറ്റാണ്ട് കാലം കോഴിക്കോട്ടെ ഗുരുവായൂരപ്പൻ കോളേജിലെ എക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന മാഷ് കോളേജിനെ പച്ചപിടിപ്പിക്കുന്നതിൽ മുന്നിൽ തന്നെ നിന്നു. നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസറായിരുന്ന കാലത്ത് എൻഎസ്എസിലൂടെ വിദ്യാർത്ഥികൾക്കിടയിൽ പ്രകൃതി സനേഹവും മനുഷ്യ സ്നേഹവും ഒരുപോലെ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. മരങ്ങൾ മാത്രമല്ല, ക്യാമ്പസിൽ ശിൽപ്പങ്ങൾ സ്ഥാപിച്ചതിന് പിന്നിലും ശോഭീന്ദ്രൻ മാഷിന്റെ കൈകളുണ്ട്. ക്യാമ്പസ് പ്രതിമകളിൽ പ്രശസ്തമായ ബോധിച്ചുവട്ടിലെ ബുദ്ധപ്രതിമ ഏറെ പ്രസിദ്ധമാണ്.

അധ്യാപന ജീവിതത്തോടും പ്രകൃതി സ്‌നേഹത്തോടുമൊപ്പം കലയേയും ചേർത്തുപിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. നാടകങ്ങളിലൂടെ അഭിനയരംഗത്ത് തുടക്കം കിറിച്ച മാഷ് സംവിധായകൻ ജോൺ എബ്രഹാമിന്റെ അടുത്ത സുഹൃത്തുമായിരുന്നു. തുടർന്ന് അമ്മ അറിയാൻ, ഷട്ടർ, അരക്കിറുക്കൻ, കൂറ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ച ‘വിപ്ലവം’ ദിനപത്രത്തിന്റെ സബ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ് അംഗം, കാവ് സംരക്ഷണ വിദഗ്ധ സമിതി അംഗം, പ്രകൃതി സംരക്ഷണ ഏകോപന സമിതി കോ ഓർഡിനേറ്റർ, ഗ്രീൻ കമ്യൂണിറ്റി കോ ഓർഡിനേറ്റർ എന്നീ നിലകളിൽലും ശോഭീന്ദ്രൻ മാഷ് ശോഭിച്ചു.

മൂന്നാമത് ഇന്ദിരാഗാന്ധി പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്, കേരള സർക്കാരിന്റെ വനമിത്ര അവാർഡ്, സഹയാത്രി അവാർഡ്, മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർ, സോഷ്യൽ സർവീസ് എക്‌സലൻസ് അവാർഡ് എന്നിവയും മാഷിനെ തേടിയെത്തി. പ്രിയ സുഹൃത്തിനൊപ്പമുള്ള ഓർമകൾ പങ്കുവെക്കുന്ന മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം എന്ന പുസ്തകം ഏറെ പ്രശസ്തമായിരുന്നു.

കോഴിക്കോട് കക്കോടിയിൽ പരേതരായ തൈലപ്പറമ്പത്ത് നാരായണന്റെയും അംബുജാക്ഷിയുടേയും മകനായാണ് ശോഭീന്ദ്രൻ മാഷ് ജനിച്ചത്. ചേളന്നൂർ ഗവ എൽപി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ മാഷ് മലബാർ ക്രിസ്ത്യൻ കോളേജിലും സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി. കർണ്ണാടക സർക്കാർ സർവീസിൽ അദ്ധ്യാപകനായാണ് ശോഭീന്ദ്രൻ മാഷ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ബംഗളൂരു ആർട്സ് ആൻഡ് സയൻസ് കോളജ് അദ്ധ്യാപകനായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം വിദ്യാർത്ഥിയായിരുന്ന ഗുരുവായൂരപ്പൻ കോളേജിൽ തന്നെ അധ്യാപകനായെത്തുകയായിരുന്നു. 2002ൽ ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് വിരമിച്ച അദ്ദേഹം മുഴുവൻ സമയവും പ്രകൃതിക്ക് വേണ്ടി മാറ്റിവെക്കുകയായിരുന്നു.

റിട്ട. പ്രൊഫസർ എംസി പത്മജയാണ് പങ്കാളി. മക്കൾ ബോധികൃഷ്ണ (അസി. പ്രൊഫസർ ഫാറൂഖ് കോളേജ്), ധ്യാൻദേവ് (ഐസിഐസി പ്രുഡൻഷ്യൽ). മരുമക്കൾ: ഡോ. ദീപേഷ് കരിസുങ്കര (അസി.പ്രൊഫസർ ശ്രീനാരായണ ഗുരുകോളേജ്, ചേളന്നൂർ), റിങ്കു പ്രിയ. നിരവധി പേരാണ് ശോഭീന്ദ്രൻ മാഷിനെ അനുശോചിച്ച് രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട്ട് ഇനി ഇതുപോലെ ഒരു പച്ച മനുഷ്യൻ ഇല്ലെന്ന ദു:ഖത്തിലാണ് നാടും നാട്ടുകാരും.

Share

Leave a Reply

Your email address will not be published. Required fields are marked *