പ്രകൃതിക്കായി ജീവിച്ച ഒരു മഹത് വ്യക്തികൂടി നമ്മോട് വിടപറഞ്ഞിരിക്കുന്നു. പ്രൊഫ.ശോഭീന്ദ്രൻ മാഷിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹം ഉയർത്തിപ്പിടിച്ച പ്രകൃതി ദർശനം വരും തലമുറക്ക് വഴികാട്ടിയാവണം. പ്രകൃതിയോടുള്ള സ്‌നേഹമായിരുന്നു മാഷിന്റെ ജീവിതം മുഴുവനും. ഗുരുവായൂരപ്പൻ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയായി വിരമിച്ച അദ്ദേഹം തന്റെ റിട്ടയർമെന്റ് കാലം മുഴുവനും പ്രകൃതി-സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതനായി. സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയമായി ഇടപെട്ടു. മാഷിനെ ഏത് ആൾക്കൂട്ടത്തിലും തിരിച്ചറിയാമായിരുന്നു. പച്ചവേഷമാണ് അദ്ദേഹം ധരിച്ചിരുന്നത്. പച്ച തൊപ്പിയും അദ്ദേഹത്തിന്റെ ദർശനത്തിന് മിഴിവേക്. ഇന്ന് കോഴിക്കോട്ടെ പാതയോരങ്ങളിൽ നമുക്ക് തണൽ പകരുന്ന മരങ്ങളിൽ മഹാഭൂരിപക്ഷവും അദ്ദേഹവും ശിഷ്യൻമാരും നട്ട് പിടിപ്പിച്ചതാണ്. മരങ്ങളുടെ പരിചരണം, അവ നിലനിൽക്കേണ്ടത് മാനവ കുലത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്നദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചു. താമരശ്ശേരി ചുരത്തിലെ മഴയാത്ര, പ്രകൃതി സ്‌നേഹം തുളുമ്പിയ നിരവധി പരിപാടികളിലൂടെ പ്രകൃതിയുടെ പ്രാധാന്യം അദ്ദേഹം സമൂഹത്തെ നിരന്തരം ഓർമ്മിപ്പിച്ചു. വയനാട്ടിലെ വന്യമൃഗ സങ്കേതങ്ങളിൽ കാട്ടു മൃഗങ്ങൾക്ക് കുടിക്കാൻ കുളങ്ങളും, തടാകങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു. മനുഷ്യർ മാത്രമല്ല ജന്തു ജീവജാലങ്ങളും പ്രകൃതിയുടെ ഭാഗമാണെന്നും അവകൂടിയാവുമ്പോഴേ പ്രകൃതി പൂർണ്ണതയാവൂ എന്നദ്ദേഹം വിശ്വസിക്കുകയും അതിനായി അക്ഷീണം പ്രയത്‌നിക്കുകയും ചെയ്തു.
അദ്ദേഹം സേവനമനുഷ്ഠിച്ച ഗുരുവായൂരപ്പൻ കോളേജിൽ വിദ്യാർത്ഥികൾക്കിടയിൽ ഐക്യം വളർത്താൻ അദ്ദേഹം പ്രകൃതിസ്‌നേഹത്തിന്റെ വഴിത്താര വെട്ടി തെളിയിച്ചു. ഗുരുവിന്റെ നേതൃത്വത്തിൽ ശിഷ്യരൊന്നാകെ പ്രകൃതി പരിപാലനത്തിൽ വ്യാപൃതരായി. അദ്ദേഹം റിട്ടയർ ചെയ്യുമ്പോൾ അദ്ദേഹത്തിന് ശിഷ്യർ നൽകിയ ഉപഹാരം പോലെ രാജ്യത്ത് മറ്റൊരു ഗുരുവിനും ലഭിച്ചിട്ടില്ല. വേങ്ങേരി എന്ന ഗ്രാമത്തെ ഹരിതാഭമാക്കുകയും പൂനൂർ പുഴ മലിനീകരണത്തിനെതിരെയും ഇദ്ദേഹം മുന്നിൽ നിന്ന് പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണ്. പ്രകൃതിക്കായി ജീവിച്ച ഈ മനുഷ്യസ്‌നേഹിക്ക് പ്രണാമങ്ങൾ.