കോഴിക്കോട്: സുപ്രീം കോടതി വിധിയുടെയും പട്ടികജാതി, പട്ടിക വര്‍ഗ്ഗ ഗോത്ര കമ്മീഷന്‍ ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ സംവരണ മാനദണ്ഡ പ്രകാരം ദലിത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് 26ന് യൂണിവേഴ്‌സിറ്റിക്ക് മുന്‍പില്‍ സമരം നടത്തുമെന്ന് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2021ല്‍ പുറപ്പെടുവിച്ച അസി.പ്രൊഫസര്‍ റാങ്ക് ലിസ്റ്റില്‍ യൂണിവേഴ്‌സിറ്റി സംവരണ ക്രമം അട്ടിമറിച്ചതിനാല്‍ ഡോ.ടി.എസ്. ശ്യാംകുമാര്‍ , ഡോ.താര, ഡോ.സുരേഷ് പുത്തന്‍ പറമ്പില്‍ എന്നിവര്‍ സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ഗോത്ര കമ്മീഷന് പരാതി നല്‍കി. ഇവരെ മൂന്ന് പേരെയും നിയമിക്കാന്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ 9ന് കമ്മീഷന്‍ ഉത്തരവിട്ടിട്ടു നിയമനം നടത്താന്‍ യൂണിവേഴ്‌സിറ്റി തയ്യാറായിട്ടില്ല. യൂണിവേഴ്‌സിറ്റിയില്‍ നിലവിലുള്ള 7 പട്ടികജാതി ബാക്ക് ലോഗില്‍ അടിയന്തിരമായി നിയമനം നടത്തുക, യുജിസി മാനദണ്ഡപ്രകാരം യൂണിവേഴ്‌സിറ്റി നിയമന അപേക്ഷ ക്ഷണിക്കുമ്പോള്‍ തന്നെ സംവരണ ക്രമം പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന സമരത്തില്‍ ദലിത് സമുദായ മുന്നണി എയ്ഡഡ് മേഖലാ സംവരണ പ്രക്ഷോഭ സമിതി, എന്‍ലൈറ്റഡ് യൂത്ത് മൂവ്‌മെന്റ്, ബ്ലാക് സ്‌കിന്‍, ദലിത ഗവേഷക കൂട്ടായ്മ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റിക്ക് മുമ്പില്‍ സമരം നടത്തുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഒ.പി.രവീന്ദ്രന്‍, കെ.സന്തോഷ് കുമാര്‍, വി.നാരായണന്‍, ഷജില്‍ കുമാര്‍, മുരളീധരന്‍.പി.ആര്‍ എന്നിവര്‍ പങ്കെടുക്കും.