കോഴിക്കോടിന്റെ സ്‌നേഹക്കൂട്  ഉദ്ഘാടനം നാളെ

കോഴിക്കോടിന്റെ സ്‌നേഹക്കൂട് ഉദ്ഘാടനം നാളെ

കോഴിക്കോട്: നഗരസഭ ഭൂരഹിത ഭവനരഹിതർക്കായി ”കോഴിക്കോടിന്റെ സ്‌നേഹക്കൂട്” പദ്ധതിയിൽ ഉൾപ്പെടുത്തി പണിത ആദ്യ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 4 മണിക്ക് പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമം- ദേവസ്വം പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ നിർവ്വഹിക്കും. കോഴിക്കോട് നഗരസഭയുടെ ഉടമസ്ഥതയിലുള്ള 16-ാം വാർഡിലെ മൂഴിക്കൽ വള്ളിയേക്കാട്, 16 പട്ടികജാതി കുടുംബങ്ങൾക്കായി നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ചയമാണ് ഇത്. രണ്ട് കോടി ഇരുപത് ലക്ഷം രൂപയാണ് പദ്ധതി ചെലവ്. രണ്ട് കിടപ്പു മുറികളും ഒരു അടുക്കളയും ഒരു ഹാളും ഉൾപ്പെടുന്നതാണ് ഓരോ യൂണിറ്റിന്റെയും സൗകര്യം.
കോഴിക്കോട് നഗരസഭയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം ഭൂരഹിത ഭവന രഹിതരായ അയ്യായിരത്തിൽപരം ഗുണഭോക്താക്കളാണ് ഉള്ളത്. സംസ്ഥാന സർക്കാറിന്റെ മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിൽ ഉൾപ്പെടുത്തി കോഴിക്കോട് നഗരസഭ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കോഴിക്കോടിന്റെ സ്‌നേഹക്കൂട്. ഒരു വർഷത്തിനകം പദ്ധതിയിൽ ഉൾപ്പെട്ട 1000 ഗുണഭോക്താക്കൾക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നതിനാണ് നഗരസഭ കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ബേപ്പൂരിൽ ഒന്നര ഏക്കറിൽ നൂറോളം പേർക്ക് ഫ്‌ളാറ്റ് സമുച്ചയം പണിയുന്നതിനുള്ള പദ്ധതി അന്തിമ ഘട്ടത്തിലാണ്.
നഗരസഭ ഇതുവരെയായി ഭവനരഹിതരായ 4823 ഗുണഭോക്താക്കൾക്കുള്ള പദ്ധതിക്ക് അംഗീകാരം നേടുകയും 4323 ഗുണഭോക്താക്കൾ നഗരസഭയുമായി കരാറിൽ ഏർപ്പെട്ട് ഭവനത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോടകം 2500 ഓളം ഗുണഭോക്താക്കൾ ഭവന നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.
നഗരസഭ PMAY-LIFE പദ്ധതി പ്രകാരം നാളിതുവരെയായി 192.18 കോടി രൂപയാണ് വകയിരുത്തിയിട്ടുണ്ട്. ഇതിൽ 72.34 കോടി രൂപ കേന്ദ്ര സർക്കാർ വിഹിതവും 24.11 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതവും 95.72 കോടി രൂപ നഗരസഭാ വിഹിതവുമാണ്. ഇതിൽ ഇതുവരെയായി 110 കോടി രൂപ ചെലവഴിച്ചു.
ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി അർഹരായ എല്ലാവർക്കും അടച്ചുറപ്പുള്ള ഭവനം എന്ന ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിന് നഗരസഭ മുന്തിയ പരിഗണനയാണ് നൽകുന്നത്. കോഴിക്കോടിന്റെ സ്‌നേഹക്കൂട് പദ്ധതിയിൽ നഗരത്തിലെ ഉദാരമതികളായ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോട് കൂടിയാണ് 1000 വീടുകൾ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ പണികഴിഞ്ഞ ഈ 16 വീടുകളും അർഹരായവർക്ക് നൽകുന്നതിന്റെ ഉദ്ഘാടനചടങ്ങാണ് നടക്കുന്നത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *