കരയുദ്ധത്തിന് ഇസ്രയേൽ സജ്ജം, വടക്കൻ  ഗാസയിലെ 11 ലക്ഷം പലസ്തീനികളെ ഒഴിപ്പിക്കാൻ ഇസ്രയേലി സൈന്യം യുഎന്നിനോട് ആവശ്യപ്പെട്ടു

കരയുദ്ധത്തിന് ഇസ്രയേൽ സജ്ജം, വടക്കൻ ഗാസയിലെ 11 ലക്ഷം പലസ്തീനികളെ ഒഴിപ്പിക്കാൻ ഇസ്രയേലി സൈന്യം യുഎന്നിനോട് ആവശ്യപ്പെട്ടു

വടക്കൻ ഗാസയിലുള്ള 11 ലക്ഷം പലസ്തീനികളെ 24 മണിക്കൂറിനുള്ളിൽ ഒഴിപ്പിക്കണമെന്ന് ഇസ്രയേലി സൈന്യം ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടതായി യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക്ക്. ഇസ്രയേൽ സമാനതകളില്ലാത്ത ആക്രമണത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണിത്.

ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ ഗാസയിൽ പ്രത്യാക്രമണം നടത്തിയിരുന്നു. എന്നാൽ പുതിയ മുന്നറിയിപ്പ് സംബന്ധിച്ച് പ്രതികരിക്കാൻ ഇസ്രയേൽ ഇതുവരെ തയാറായിട്ടില്ല. മാനുഷിക പ്രത്യാഘാതങ്ങൾ ഒഴിവാക്കിക്കൊണ്ട് ഇത്തരം നീക്കങ്ങൾ ഒരിക്കലും സാധ്യമാകില്ലെന്നാണ് യുഎന്നിന്റെ വിലയിരുത്തൽ. യുഎൻ ഉദ്യോഗസ്ഥർ ഉൾപ്പടെ ഒഴിയണമെന്നാണ് ഇസ്രയേലിന്റെ നിർദേശം.

പുതിയ നീക്കം സ്ഥിരീകരിക്കാവുന്നതാണെങ്കിൽ ഒരു ദുരന്തമുഖത്തെ വീണ്ടും ആക്രമിക്കുന്നതിൽ നിന്ന് ഇസ്രയേൽ പിന്മാറണമെന്നും യുഎൻ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ 1,300 സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ഇസ്രയേലിന്റെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംഭവം ആദ്യമാണ്.

കഴിഞ്ഞ ആറ് ദിവസത്തിനിടെ ഗാസയിൽ ഇസ്രയേൽ സൈന്യം ആറായിരത്തിലധികം ബോംബുകൾ വർഷിച്ചതായാണ് റിപ്പോർട്ടുകൾ. ആയിരത്തിഅഞ്ഞൂറിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായും ഗാസ അധികൃതർ സ്ഥിരീകരിക്കുന്നു. ഏകദേശം നാലായിരം ടൺ വരുന്ന സ്‌ഫോടക വസ്തുക്കളാണ് ഇസ്രയേൽ ഗാസയ്ക്ക് മുകളിൽ വർഷിച്ചത്. ഇസ്രയേലിന് നേരെ ഹമാസ് ആക്രമണം നടത്തിയ ഒക്ടോബർ ഏഴ് മുതൽ 12 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.

ഹമാസിനെ സമ്പൂർണമായി ഉന്മൂലനം ചെയ്യുന്നതുവരെ ആക്രമണം തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. തങ്ങൾ ലക്ഷ്യത്തിലേക്ക് എത്തും വരെ ആക്രമണം ശക്തമായി തുടരുമെന്നാണ് ഇസ്രയേൽ വ്യോമസേന വ്യാഴാഴ്ച പ്രതികരിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *