ദിവ്യ എസ് അയ്യർ വിഴിഞ്ഞം തുറമുഖം മാനേജിങ് ഡയറക്ടർ
തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം തുറമുഖം മാനേജിങ് ഡയറക്ടറായി നിയമിച്ചു. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ട് ഡയറക്ടർക്ക് പുറമേ അധികചുമതലയായാണ് എം.ഡി. സ്ഥാനം നൽകിയത്. ഐ.എ.എസ്. തലത്തിലെ വലിയ അഴിച്ചുപണിയുടെ ഭാഗമായാണ് നടപടി. സാമൂഹിക സുരക്ഷാമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു എ ഐ.എ.എസിനെ പത്തനംതിട്ട ജില്ലാ കലക്ടറായി നിയമിച്ചു.
കൂടാതെ വിവിധ ജില്ലാ കളക്ടർമാർക്കും മാറ്റമുണ്ട്. ആലപ്പുഴ ജില്ലാ കളക്ടർ ഹരിത വി. കുമാറിനെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. മലപ്പുറം ജില്ലാ കളക്ടർ പ്രേംകുമാർ വി.ആറിനെ പഞ്ചായത്ത് ഡയറക്ടറുടെ സ്ഥാനം നൽകി. കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീണിനെ ഫുഡ് സേഫ്റ്റി കമ്മിഷണറായി നിയമിച്ചു. തിരുവനന്തപുരം സ്മാർട്ട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധികചുമതലയും നൽകി.
ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കലക്ടർ. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ദേവിദാസ.എൻനെ കൊല്ലം ജില്ലാ കളക്ടറായി നിയമിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വിനോദ് വി.ആറാണ് മലപ്പുറം ജില്ലാ കലക്ടർ. പ്രവേശന പരീക്ഷ കമ്മിഷണർ അരുൺ കെ. വിജയനെ കണ്ണൂർ ജില്ലാ കളക്ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ സ്നേഹിൽ കുമാർ സിങ്ങിന് കോഴിക്കോട് ജില്ലാ കലക്ടറുടെ ചുമതല നൽകി.