കർമംകൊണ്ട് സഫലമായ ഏഴ് പതിറ്റാണ്ട് കാലത്തെ ജീവിതം പിന്നിട്ട് നവതിയുടെ നിറവിലാണ് അഡ്വ.സി.ജെ റോബിൻ. 1933 മാർച്ച് 27നാണ് അദ്ദേഹത്തിന്റെ ജനനം. സി.ആർ ജോസഫ്-സ്റ്റെല്ല ദമ്പതികളുടെ 7 മക്കളിൽ മൂന്നാമൻ. അഞ്ചാം വയസിൽ തന്നെ കോഴിക്കോട് സെന്റ് ജോസഫ് ഹൈസ്‌കൂളിൽ പഠനം. എസ്.എസ്.എൽ.സി പൂർത്തിയാക്കിയതിന് ശേഷം സാമൂതിരി കോളേജിൽ പഠനം. ഇക്കാലത്താണ് ആ മനസ്സിൽ രാഷ്ട്രീയ തോന്നലുകൾ മുളപൊട്ടുന്നത്. ഇന്റർ മീഡിയറ്റ് രണ്ടാം വർഷമാണ് കോളേജ് യൂണിയൻ പ്രസിഡണ്ടായി മത്സരിക്കാൻ പ്രേരണയുണ്ടായതും വാശിയേറിയ മത്സരത്തിൽ വിജയിക്കുകയും അങ്ങിനെ ഒരു തെരഞ്ഞെടുപ്പിന്റെ ചൂടും വാശിയും മനസ്സിലാക്കുകയും ചെയ്തു. അതിൽ ആകൃഷ്ടനായി. അന്നു കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.കൃഷ്ണ കുമാർ ആയിരുന്നു.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ നേതാവായി വളർന്ന അദ്ദേഹം കോളേജ് യൂണിയൻ ചെയർമാനായി. പിന്നീടാണ് മദ്രാസ് ലയോള aബി മേനോൻ എന്നിവരുമായി അടുക്കുന്നത്. ആ അടുപ്പം സോഷ്യലിസ്റ്റ് പാതയിൽ പ്രവർത്തനം ആരംഭിക്കുന്നതിന് ഹേതുവായി. അച്ഛന്റെ കുടുംബം മുഴുവൻ കോൺഗ്രസായിരുന്നു. അതിനിടയിലാണ് സോഷ്യലിസം തലക്ക് പിടിച്ച് സോഷ്യലിസ്റ്റ് പ്രചാരകനായി ഗ്രാമങ്ങൾതോറും പ്രവർത്തനരംഗത്ത് സജീവമായത്. കാലത്ത് നേരത്തേ വീട്ടിൽ നിന്നിറങ്ങി പോകും. കോൺഗ്രസുകാരനായ അച്ഛൻ തടസം പറഞ്ഞിട്ടില്ല.
1962ലാണ് കോഴിക്കോട് മുനിസിപ്പാലിറ്റി കോർപറേഷനാകുന്നത്. അന്ന് സി.ജെ റോബിന് 29 വയസ്. സീറ്റ് ലഭിക്കുമെന്ന് പലർക്കും പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും സീറ്റ് ലഭിച്ചില്ല. രാഷ്ട്രീയം സ്വന്തക്കാർക്കായി പങ്കിടുന്ന പ്രവണത അവിടെയും ആവർത്തിച്ചു. 1967ലെ തെരഞ്ഞെടുപ്പിലും സീറ്റില്ല. ഇതറിഞ്ഞ് ആനകുളം പൂവളപ്പിലെ കോൺഗ്രസ് യുവാക്കൾ പ്രക്ഷോഭം ഉണ്ടാക്കി. സി.ജെ റോബിന് സീറ്റ് കൊടുക്കണം. ഇലക്ഷൻ പ്രവർത്തനം തുടങ്ങിയപ്പോഴാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടത്. ഡി.സി.സിയിലെത്തിയപ്പോൾ അച്ഛൻ അവിടെയുണ്ടായിരുന്നു. പി.കുമാരൻ, കുട്ടിമാളുഅമ്മ, കോഴിപ്പുറത്ത് മാധവൻ മേനോൻ ഇവരായിരുന്നു ഇക്കാലത്തെ നേതാക്കൾ. എല്ലാവരും റോബിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നവർ. കോൺഗ്രസ്സ് പാർട്ടി സീറ്റ് തന്നു. മത്സരിച്ചു. 1967ൽ 142 വോട്ടിന് പി.എം.എ സലാമിനെ പരാജയപ്പെടുത്തി. കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർഥിയായാണ് ജയം. ജനസേവനത്തിൽ മുഴുകയിതോടെ നല്ല കൗൺസിലറായി പേരെടുത്തു.
അന്ന് കോർപറേഷൻ ഭരണം സി.പി.എമ്മിനായിരുന്നു. കോൺഗ്രസിന്റെ കോർപറേഷൻ ലീഡറായി റോബിൻ. തുടർന്ന് മൂന്ന് തവണ മത്സരിച്ചു. 700, 1000, 1300 വോട്ടുകൾക്കായിരുന്നു വിജയിച്ചത്. അക്കാലത്തെ പേരെടുത്ത മേയർമാരായിരുന്നു ഇ.സി ഭരതൻ, കുട്ടികൃഷ്ണൻ നായർ എന്നിവർ. 1974ലാണ് സി.ജെ റോബിൻ മേയറാകുന്നത്. രണ്ടു തവണ മേയറായി. (11.12.1973 മുതൽ 10.5.1974, 3.10.1980 മുതൽ 3.10.1981)
മേയർ ഭരണകാലം
മേയറായി ഭരണം നടത്തിയ കാലം അദ്ദേഹം ഓർത്തെടുത്തു. രാവിലെ 11 മണിക്ക് ഓഫിസിൽ എത്തും. പിന്നെ വീട്ടിലേക്ക് ഇടയ്ക്ക് മടക്കമില്ല. തൊട്ടടുത്ത ബ്രാഹ്‌മിൺസ് ഹോട്ടലിൽ നിന്ന് ചായയും ഉഴുന്നുവടയും കഴിക്കും. മുഴുവൻ സമയവും മേയർ ഓഫിസിൽ സജീവം. മധ്യാഹ്നങ്ങളിൽ കോർപറേഷൻ കമ്മീഷണർമാരുമായി സംസാരിക്കും. എല്ലാ ഫയലുകളും കാണും. താനറിയാതെ ഒരു കാര്യവും നടക്കരുതെന്ന് നിർബന്ധമുള്ള മേയറായിരുന്നു സി.ജെ റോബിൻ. അക്കാലത്താണ് 1981ൽ ഓൾ വേൾഡ് മേയേഴ്‌സ് കോൺഫറൻസിൽ പങ്കെടുക്കാൻ റോബിൻ റോമിൽ പോകുന്നത്. മാർപാപ്പയെ കാണാൻ അനുവാദം ലഭിച്ചു. അന്ന് ഫാദർ ജസ്റ്റിൻ കോയിപറമ്പിൽ മുഖേനയാണ് മാർപാപ്പയെ കാണുന്നത് (അദ്ദേഹത്തിന്റെ പ്രത്യേക താൽപര്യം കൊണ്ടാണ്).
‘അദ്ദേഹം മാർപാപ്പയോട് കോഴിക്കോട്ടെ ജനങ്ങൾക്ക് വേണ്ടി പ്രാർഥിക്കാൻ അഭ്യർഥിച്ചു’. മേയേഴ്‌സ് കോൺഫറൻസിന്റെ കൂടെ ഫ്രാങ്ക്ഫർട്ട് (ജർമനി), പാരിസ്, ലണ്ടൻ എന്നിവിടങ്ങളും സന്ദർശിച്ചു. പിന്നീട് കേന്ദ്രമന്ത്രിയായ സെയ്ദ് മുഹമ്മദായിരുന്നു അംബാസഡർ. മേയറായിരുന്ന കാലത്ത് അച്ഛനെ പലപ്പോഴും നേരിൽ കാണുന്നത് രാത്രി ഭക്ഷണസമയത്താണ്. രാത്രി 10 മണിക്കാണ് അദ്ദേഹവുമായി സംസാരിക്കുക. അച്ഛൻ ബഹുജനങ്ങളുമായി നല്ല അടുപ്പമുള്ള കോൺഗ്രസുകാരനായിരുന്നു. പലപ്പോഴും അച്ഛനോട് കാറിൽ കയറാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം കയറാറില്ലായിരുന്നു.
അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘ അത് സർക്കാർ വാഹനമാണ്. അത് നിനക്ക് ഉപയോഗിക്കാനുള്ളതാണ്’. പിന്നീട് അദ്ദേഹത്തെ നിർബന്ധിച്ചിട്ടില്ല. പിന്നീടാണ് സി.ജെ റോബിൻ സ്‌പോർട്‌സ് അസോസിയേഷനുകളുടെ സാരഥ്യത്തിലേക്ക് വരുന്നത്. കെ.ഡി.എഫ്.എ പ്രസിഡന്റായിരുന്ന ഘട്ടത്തിലാണ് നാഗ്ജി ഫുട്‌ബോൾ നടത്തിയത്.
മേയർ പദവിയും സ്‌പോർട്‌സ് അസോസിയേഷൻ ഭാരവാഹിയുമായിരുന്ന കാലത്താണ് നാഗ്ജി ടൂർണമെന്റ് വരുന്നത്. മേയർ തന്നെ ബംഗാളിൽ പോകണം. ആവശ്യം കൗൺസിൽ ഒന്നടങ്കം മുന്നോട്ടുവച്ചതാണ്. അവിടെ ചെന്നപ്പോഴാണ് മോഹൻബഗാൻ, മുഹമ്മദൻസ് ടീമുകളെ കിട്ടില്ലെന്നറിഞ്ഞത്. ഉടൻ അന്ന് കേന്ദ്രമന്ത്രിയായിരുന്ന കെ.പി ഉണ്ണികൃഷ്ണനുമായി ബന്ധപ്പെട്ടു. ചരിത്രത്തിലാദ്യമായി രണ്ട് വിദേശ ടീമുകൾ കോഴിക്കോട്ട് ബൂട്ടണിഞ്ഞു. തുടക്കം കൂക്കിവിളികളായിരുന്നെങ്കിൽ മത്സരം മൂന്ന് നാല് ദിവസം പിന്നിട്ടപ്പോൾ കൈയ്യടിയായി മാറി. ഇതിലൂടെ കോഴിക്കോടിന്റെ ഫുട്‌ബോൾ കമ്പം മടക്കിക്കൊണ്ട് വരാൻ സാധിച്ചു. മേയറായ കാലത്ത് ചെയ്ത ഏറ്റവും പ്രധാന കാര്യമായി ആഡ്വ.സി.ജെ റോബിൻ ഓർത്തെടുക്കുന്നത് പാളയം സബ്വേ തുറന്ന് കൊടുത്തതാണ്. അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന പി.എം അബൂബക്കറിന്റെ ഉറച്ച പിന്തുണയും ഇക്കാര്യത്തിൽ ലഭിച്ചു.
മറ്റൊന്ന് പുതിയ ബസ് സ്റ്റാന്റിലെ ബിൽഡിംഗ് തുറന്ന് കൊടുക്കാത്തതായിരുന്നു. ഫയൽ വിളിച്ചുവരുത്തി പോരായ്മ പരിഹരിച്ച് തുറന്ന് കൊടുക്കാൻ ഉത്തരവിട്ടു. മേയറായിരുന്ന കാലത്ത് ഉച്ചക്ക് രണ്ടര മണിക്ക് കോർപറേഷൻ ഓഫിസ് മുഴുവൻ നടന്ന് പരിശോധിക്കും. സ്റ്റാഫിന്റെ ജോലി നിരീക്ഷിക്കും. അക്കാലത്ത് എല്ലാ ജിവനക്കാരും ജാഗ്രതയോടെ ജോലി ചെയ്തിരുന്നു. മേയറായ കാലത്തും പൊതുജീവിത കാലത്തും കോഴിക്കോട്ടെ പത്രക്കാർ വലിയ പിന്തുണയാണ് തന്നത്.
പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന കാലത്തെല്ലാം പാവപ്പെട്ട അനാഥ കുട്ടികളെ എടുത്തു വളർത്തി ജീവിതത്തിലേക്ക് വഴികാണിച്ചു കൊടുത്ത സെന്റ് വിൻസെന്റ് ഹോമുമായി നിരന്തരം ബന്ധപ്പെട്ടു. പ്രത്യേകിച്ച് ഉത്സവ ദിവസങ്ങളായ ക്രിസ്തുമസ്, തിരുവോണം, ബക്രീദ് ദിവസങ്ങൾ അവിടുത്തെ സിസ്റ്റർമാരും കുട്ടികളുമൊത്താണ് ആഘോഷിച്ചിരുന്നത്.
നവതിയുടെ നിറവിൽ
സി.ജെ റോബിനെന്ന പൊതുപ്രവർത്തകൻ നവതിയുടെ നിറവിലാണ്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പത്തിലേ ഫുട്‌ബോൾ കളിക്കുമായിരുന്നു അതോടൊപ്പം സ്‌പോർട്‌സിൽ വലിയ താൽപര്യം പുലർത്തി. ഈ തൊണ്ണൂറു വയസ്സിനിടക്ക് കാര്യമായ ഒരു ആരോഗ്യപ്രശ്‌നവും അദ്ദേഹത്തിനുണ്ടായിട്ടില്ല. സത്കർമങ്ങൾ ജീവിതങ്ങളെ പരിലസിപ്പിക്കുന്ന ആപ്തവാക്യമാണ് ഇവിടെ പ്രസക്തമാകുന്നത്. പൊതുരംഗത്തുള്ളവരും വരാൻ ആഗ്രഹിക്കുന്നവരോടും അദ്ദേഹം നൽകുന്ന സന്ദേശമിതാണ്, ‘ രാഷ്ട്രീയം ഒരിക്കലും വിരുദ്ധമായ പ്രവർത്തനമായി കാണരുത്. രാഷ്ട്രീയമില്ലാതെ നാടിന് മുന്നോട്ടു പോകാനാവില്ല. അഴിമതിയില്ലാത്തവരെ ജനങ്ങളും മാധ്യമലോകവും പിന്തുണക്കുക തന്നെ ചെയ്യും’.
തന്റെ പ്രസ്ഥാനമായ കോൺഗ്രസിനെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ‘കോൺഗ്രസ് വ്യക്തമായ പരിപാടികളിലൂടെ ജനങ്ങളുടെ അംഗീകാരം നേടണം. ഉയർന്ന് പ്രവർത്തിക്കണം’. ക്രൈസ്തവനായ തനിക്ക് കോഴിക്കോടൻ സമൂഹം വലിയ പിന്തുണയാണ് തന്നത്. ഇത്ര സ്‌നേഹമുള്ള മനുഷ്യർ വെറെ എവിടെയുമില്ല. അദ്ദേഹം പറഞ്ഞു നിർത്തി. ഇപ്പോൾ വായനയും വിശ്രമവുമായി കഴിയുകയാണ്. ഇതിനിടക്ക് സുഹൃത്ത്‌സംഘം ടൗൺഹാളിൽ ഒരുക്കിയ ആദരവിൽ പങ്കെടുത്തിരുന്നു. ഭാര്യ എൽസമ്മയും മക്കളായ റേഡിയാന, റിയലിന, റോഷൻ, രാജേഷ് എന്നിവരും പേരമക്കളുമടങ്ങിയതാണ് റോബിന്റെ കുടുംബം. മഹാൻമാരായ നഗരപിതാക്കൾ നേതൃത്വം കൊടുത്ത നന്മയുടെ മഹാനഗരമാണ് കോഴിക്കോട്. നാടിനായി ജീവിക്കുകയും സ്‌പോർട്‌സിന്റെ ഉന്നതിക്കുവേണ്ടി അഹോരാത്രം പ്രയത്‌നിച്ച കർമയോഗിയാണ് സി.ജെ റോബിൻ. അദ്ദേഹത്തിന്റെ മാതൃക കാലം പിൻപറ്റുക തന്നെ ചെയ്യുമെന്നുറപ്പാണ്. അതാണ് കോഴിക്കോടിന്റെ പാരമ്പര്യം. സി.ജെ റോബിനെന്ന നിഷ്‌ക്കാമ കർമിയുടെ ജീവിതം പൂത്തുനിൽക്കുന്ന ചരിത്രമായി കോഴിക്കോടൻ ചരിത്രത്തിൽ വജ്രശോഭയോടെ പരിലസിക്കട്ടെ.