കോഴിക്കോട്: നാടൻ പാട്ടിന്റെ ഈണവും ദാർശനികമാനവുമുള്ള കവിതകളെഴുതി മലയാള കവിതയ്ക്ക് ഭാരതീയ സാഹിത്യത്തിൽ ഇടം നൽകിയ കവിയാണ് അക്കിത്തമെന്ന് കവി ശ്രീധരനുണ്ണി പറഞ്ഞു. അക്കിത്തത്തിന്റെ ചരമദിനത്തോടനുബന്ധിച്ച് ഭാഷാ സമന്വയ വേദി സംഘടിപ്പിച്ച അക്കിത്തം സ്മൃതി സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിയുമൊത്തുള്ള ആകാശവാണിയിലെ ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു. അക്കിത്തം കവിതകളുടെ ഹിന്ദി വിവർത്തകൻ കൂടിയായ ഡോ. ആർസു അധ്യക്ഷത വഹിച്ചു.അന്ത:കരണ വിശുദ്ധി അക്കിത്തം കവിതയ്ക്ക് കരുത്തേകിയെന്നും കണ്ണീർ കണത്തിൽ സൗരമണ്ഡലം കണ്ടെത്തിയ നിരുപാധിക സ്‌നേഹത്തിന്റെ കവിയാണ് അക്കിത്തമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അക്കിത്തം കവിതകളുടെ വിവിധ ഭാവങ്ങളെക്കുറിച്ച് അക്കിത്തം കവിതകളുടെ കന്നഡ വിവർത്തക ഡോ. സുഷമ ശങ്കർ ബംഗ്‌ളുരു, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഡോ.കെ.വി തോമസ്, ഡോ.ഗോപി പുതുക്കോട്, കെ.ജി.രഘുനാഥ് എന്നിവർ സംസാരിച്ചു. ഡോ.ഒ.വാസവൻ സ്വാഗതവും സഫിയ നരിമുക്കിൽ നന്ദിയും പറഞ്ഞു. മഹാകവി അക്കിത്തം, ഒ.എൻ.വി കുറുപ്പ് എന്നീ ദിവംഗതനായ ജ്ഞാനപീം പുരസ്‌കാര ജേതാക്കളുടെ സ്മരണാർത്ഥം തപാൽ സ്റ്റാമ്പ് പുറത്തിറക്കണമെന്ന് ഭാഷാ സമന്വയ വേദി നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു.