സ്പോർട്സ് തന്നെ ജീവിതം

സ്പോർട്സ് തന്നെ ജീവിതം

ഓട്ടവും ചാട്ടവും അബ്ദുറഹിമാന് കുട്ടിക്കാലം മുതലേ ഹരമായിരുന്നു. നടക്കുകയാണോ, ഓടുകയാണോ എന്ന മട്ടിലുള്ള നടത്തവും നീളം നോക്കി ചാടലും ബാല്യത്തിലെ ഇഷ്ടവിനോദമായിരുന്നു. ഗ്രാമഭംഗി തുടിച്ചു നിൽക്കുകയും, കർഷകമണം ആഴ്ന്നിറങ്ങിയ പുതുപ്പാടി ഈങ്ങാപ്പുഴയിൽ വേങ്ങത്തറമ്മൽ ടി.പി മായൻകുട്ടിയുടേയും കുഞ്ഞാത്തുട്ടി ഹജ്ജുമ്മയുടേയും എട്ട് മക്കളിൽ മൂന്നാമനായിരുന്നു അബ്ദുറഹിമാൻ. പുതുപ്പാടി എം.ജി.എം യു.പി സ്‌കൂളിലും പുതുപ്പാടി ഗവ.ഹൈസ്‌കൂളിലും പഠനം പൂർത്തിയാക്കി ദേവഗിരി കേളേജ്, ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് (കോഴിക്കോട്) തുടർന്ന് നാഗ്പൂരിലുള്ള ശാരീരിക് ശിക്ഷക് മഹാവിദ്യാലയത്തിലും ഉപരി പഠനം.
പുതുപ്പാടി എം.ജി.എം യു.പി സ്‌കൂളിൽ സ്പോർട്സിന്റെ ചുമതലയുള്ളത് ജോർജ് വർഗീസ് മാഷിനായിരുന്നു. മാഷിനോട് ഉപ്പ അബ്ദുറഹിമാന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കാൻ ഏൽപ്പിച്ചിട്ടുണ്ടായിരുന്നു. മാത്രവുമല്ല സ്‌കൂളിലെ അറബി മാഷ് ബന്ധുവുമായിരുന്നു. സബ്ജില്ലാ സ്പോർട്സ് മത്സരമാകുമ്പോൾ ജോർജ് മാഷ് കുട്ടികളെ വിളിക്കും. അറബി ക്ലാസിൽ നിന്ന് രക്ഷപ്പെടാൻ വെമ്പിയിരുന്ന അബ്ദുറഹിമാന് സ്പോർട്സ് ഒരു ഒഴിവുകഴിവായി മാറി. വെറ്ററിനറി ഡോക്ടറായിരുന്ന അലവിക്കുട്ടിയാണ് സ്റ്റഡിൽ ഡ്രൈവ് കാണിച്ച് തരുന്നത്. അധ്യാപകനായിരുന്ന രഘുനാഥൻ മാസ്റ്ററും നല്ല പിന്തുണ നൽകി.
ദേശീയ അവാർഡ് നാട്ടിലേക്ക് എത്തിച്ചപ്പോൾ നാട്ടുകാർ നൽകിയ സ്വീകരണം അബ്ദുറഹിമാന് മറക്കാനാവാത്തതായിരുന്നു. പുതുപ്പാടി പഞ്ചായത്താണ് സ്വീകരണമൊരുക്കിയത്. 1980ൽ 10,001 രൂപ കാഷ് അവാർഡും ഘോഷയാത്രയുമൊക്കയായിട്ടായിരുന്നു സ്വീകരണം. ഒ.രാജഗോപാലൻ മാസ്റ്ററും ഒരു തുക തന്നിരുന്നു. 1980ൽ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ഈങ്ങാപ്പുഴയിൽ നിന്നും മണൽ ചാക്കിൽ നിറച്ച് തലച്ചുമടായി കുന്നിൻ മുകളിലുള്ള സ്‌കൂൾ മൈതാനം നിരപ്പാക്കിയതും അബ്ദുറഹിമാന് മധുരമുള്ള ഓർമ്മയാണ്.
പീടികക്കുന്ന് ഗോപാലൻ, കെ.പി ഡേവിഡ് തുടങ്ങിയ സുഹൃത്തുക്കളും കൂടെ കൂടിയിരുന്നു. ബാപ്പാക്ക് നാലേക്കർ സ്ഥലം പുഴക്കരയിലായിരുന്നു. രണ്ട് കവുങ്ങുകൾക്കിടയിൽ ചാടിക്കളിക്കലായിരുന്നു അബ്ദുറഹിമാന്റെ മറ്റൊരു വിനോദം. കൊൽക്കത്ത സ്‌കൂൾ നാഷണലിൽ പോകാൻ ഉപ്പ ഒരു തുക നൽകിയിരുന്നു. പൈസ പോരെന്ന് ഉമ്മയോട് പറഞ്ഞപ്പോൾ അരചാക്ക് അടയ്ക്ക എടുത്തോളാൻ പറഞ്ഞു. ബാപ്പ അറിയാതെയായതിനാൽ, കമ്പക്കോടൻ കുഞ്ഞുമുഹമ്മദിന്റെ പീടികയിലാണ് അടയ്ക്ക കൊടുത്തത്.
മൂപ്പര് ഉപ്പാന്റെ അസിസ്റ്റന്റ് കൂടിയാണ്. മൂപ്പർക്കാണെങ്കിൽ അബ്ദുറഹിമാനെ മടക്കാനും പറ്റാത്ത സ്ഥിതിയായി. ബാപ്പാനെ പറ്റിക്കാനും പറ്റില്ല. ‘നാളെ വരേണ്ടി എന്ന് പറഞ്ഞയച്ചു’. പിറ്റേന്ന് രാവിലെ ബാപ്പാന്റെ അടുത്തുപോയി അബ്ദുറഹിമാൻ അടയ്ക്കയുമായി വന്ന വിവരം കുഞ്ഞുമുഹമ്മദ് പറഞ്ഞു. ബാപ്പ കണക്ക് കൂട്ടി കാശ് കൊടുക്കാനാണ് അയാളോട് പറഞ്ഞത്. കൊൽക്കത്തയിൽ നിന്ന് ഗോൾഡ് മെഡലുമായാണ് തിരിച്ചുവന്നത്. തുടർന്നാണ് ഈങ്ങാപ്പുഴ അങ്ങാടിയിൽ നിന്ന് മാലയിട്ടുള്ള സ്വീകരണം. ആ സ്വീകരണത്തിനിടക്കാണ് ഒരാൾ വന്ന് ഒരൊറ്റ കരച്ചിലും കെട്ടിപ്പിടിത്തവും നടത്തിയത്. അത് മറ്റാരുമായിരുന്നില്ല, കുമ്പക്കോടൻ കുഞ്ഞി മുഹമ്മദാണ്.
എം.എൽ.എ നജീബ് കാന്തപുരത്തിന്റെ ബാപ്പ ടി.വി മുഹമ്മദ് മാസ്റ്ററും തന്റെ ജ്യേഷ്ടനായ അഹമ്മദും, നാസറും തന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നതായി അബ്ദുറഹിമാൻ ഓർക്കുന്നുണ്ട്.
പുതുപ്പാടി ഗവൺമെന്റ് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ കൊൽക്കത്തയിൽ നടന്ന സ്‌കൂൾ കായികമേളയിൽ നാഷണൽ ഇന്ത്യാ ഗോൾഡ്മെഡൽ അബ്ദുറഹിമാൻ കരസ്ഥമാക്കി. ഹരിയാനയിൽ നടന്ന നാഷണൽ ഹൈജമ്പ് മത്സരത്തിൽ ഹിറ്റ്സാറിൽ ഗോൾഡും 110 മീറ്റർ ഹർഡിൽസിൽ കൊൽക്കത്തയിൽ വച്ച് ഒന്നാം സ്ഥാനവും അബ്ദുറഹിമാൻ കേരളക്കരയിലെത്തിച്ചു. പഠനത്തോടൊപ്പം സ്പോർട്സിലും കഴിവ് തെളിയിച്ചപ്പോൾ 1983ൽ ഹുബ്ലിയിൽ റെയിൽവേയിൽ സ്പോർട്സ് വെൽഫെയർ ഓഫീസിൽ നയമനം ലഭിച്ചു. റെയിൽവേ ജോലിക്കായി പ്രൊഫ. ലൂസി വർഗീസ് സഹായിച്ചു. ഡിവിഷണൽ റെയിൽവേ മാനേജറായിരുന്ന ഖാൻ സാഹിബും നല്ല പിന്തുണ നൽകി. ഇതിനു മുന്നേ റെയിൽവേയിൽ പോലിസ് ബറ്റാലിയനിൽ നിയമനം നേടിയിരുന്നു.നാലര വർഷക്കാലം അവിടെ തുടർന്നതിന് ശേഷമാണ് 1988ൽ ചേന്ദമംഗല്ലൂർ ഹയർ സെക്കൻന്റി സ്‌കൂളിൽ കായികാധ്യാപകനായി ജോയിൻ ചെയ്തത്.
ചേന്ദമംഗല്ലൂർ സ്‌കൂളിൽ ഒഴിവുണ്ടെന്ന് ഉപ്പയോട് പറയുന്നത് കൊടിയത്തൂരിലെ വളപ്പൻ മുഹമ്മദ് മാസ്റ്ററായിരുന്നു. സ്‌കൂൾ മാനേജ്മെന്റിന്റെ തലപ്പത്തുണ്ടായിരുന്ന ഒ.അബ്ദുറഹിമാൻ സാഹിബ്, ഒ.അബ്ദുള്ള, ഹെഡ്മാസ്റ്ററായിരുന്ന എം.അബ്ദുറഹിമാൻ മാസ്റ്റർ എല്ലാവരും എന്നോട് പറഞ്ഞിരുന്നു ‘ഈ ജോലിക്ക് ചേരുന്നതിന് മുൻപ് ആയിരംവട്ടം ചിന്തിക്കണമെന്ന്’. അതിനൊരു കാരണമുണ്ടായിരുന്നു. അന്ന് റെയിൽവേയിൽ നല്ല സാലറിയാണ് കിട്ടിക്കൊണ്ടിരുന്നത്. സ്വന്തം നാട്ടിൽ തന്നെ ജോലിയെടുക്കണമെന്ന തീരുമാനത്തിന്റെ കൂടി ഭാഗമായി ചേന്ദമംഗല്ലൂർ സ്‌കൂളിൽ അധ്യാപകനായി ചുമതലയേറ്റു. ഇതോടെ നാട്ടിലെ സ്പോർട്സ് രംഗത്തെ പ്രവർത്തനത്തിൽ വ്യാപൃതനാവാനുള്ള അവസരമാണ് ലഭിച്ചത്. ഇതോടുകൂടി കോഴിക്കോട് നഗരത്തിലെ സ്പോർട്സ് സംബന്ധമായ പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമായിത്തീർന്നു. മുൻ മേയറും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായിരുന്ന ടി.പി ദാസനും വി.എം മോഹനൻ മാസ്റ്ററും മുൻകൈയ്യെടുത്താണ് സൈക്കിൾ പോളോ അസോസിയേഷന്റെ ഭാരവാഹിയാക്കുന്നത്. തുടർന്നങ്ങോട്ട് അത്ലറ്റിക് അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി, കബഡി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, അത്ലറ്റിക്സിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി, സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി, റഗ്ബി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ടെന്നീസ് വോളി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, ആട്യാപാട്യാ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ്, ബോൾബാഡ്മിന്റൺ, വടംവലി, ത്രോബോൾ, ഒളിമ്പിക് അസോസിയേഷൻ എന്നിവയുടെ സംസ്ഥാന എക്സിക്യൂട്ടീവംഗവും ഖോഖോ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ സ്പോർട്സ് രംഗത്തെ 16 അസോസിയേഷനുകളുടെ ഭാരവാഹിയുമാണ് ടി.എം അബ്ദുറഹിമാൻ മാസ്റ്റർ.

സ്പോർട്സ് അക്കാദമി

പിന്നീടാണ് പുതുപ്പാടി സ്പോർട്സ് അക്കാദമി രൂപീകരിക്കുന്നത്. എട്ട് വർഷക്കാലം അതിന്റെ ഭാരവാഹിയായിരുന്നു. അക്കാദമി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിയത്. പുതുപ്പാടി ഗ്രൗണ്ടിൽ വച്ച് 124 കുട്ടികൾക്ക് (ആറ് മുതൽ പ്ലസ്ടു) പരിശീലനം സംഘടിപ്പിക്കുകയുണ്ടായി. പോലിസ്, മിലിട്ടറി, എക്സൈസ്, ഫോറസ്റ്റ് എന്നീ മേഖലകളിലേക്കാവശ്യമായ ബോഡി ഫിറ്റ്നസ് ഒരുക്കലായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. പുതുപ്പാടി, താമരശ്ശേരി, കട്ടിപ്പാറ, കൊടുവള്ളി, ഓമശ്ശേരി, കിഴക്കോത്ത്, ഉണ്ണിക്കുളം, കോടഞ്ചേരി പഞ്ചായത്തുകളിലെ കുട്ടികളാണ് ക്ലാസിൽ സംബന്ധിച്ചത്.

സ്പോർട്സ് സംഘാടകൻ

കെ. സുധാകരൻ കായികവകുപ്പ് മന്ത്രിയായിരുന്നപ്പോൾ സംസ്ഥാന അത്ലറ്റിക് ജൂനിയർ മീറ്റ്, 2011ലെ നാഷണൽ ടെന്നീസ് വോളിബോൾ ദേശീയ മത്സരം എന്നിവയുടെയല്ലാം മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു അബ്ദുറഹിമാൻ മാസ്റ്റർ. 1990 മുതലാണ് സ്പോർട്സ് കൗൺസിൽ മെമ്പറാകുന്നത്. 1992 മുതൽ ട്രഷറർ സ്ഥാനവും വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പറായും പ്രവർത്തിച്ചു.
പുതിയ മത്സരങ്ങളായ ആട്യാപാട്യ, സെപ്പത്ത്, താക്കറോ, ടെന്നീസ് വോളിബോൾ, റഗ്ബി എന്നീ ഇനങ്ങൾക്ക് കേരളത്തിൽ അഫിലിയേഷൻ ലഭിക്കാനും അബ്ദുറഹിമാൻ മാസ്റ്റർ വലിയ ഇടപെടലാണ് നടത്തിയത്. പുതുതലമുറയെ സ്പോർട്സിൽ ചേർത്ത് പിടിക്കണമെന്ന് പറയുന്ന ഇദ്ദേഹം കുട്ടികൾക്ക് ആറ്, ഏഴ് വയസ് മുതൽ നല്ല പരിശീലനം കൊടുക്കണമെന്ന് നിർദേശിക്കുന്നു. സ്പോർട്സിനായി സമർപ്പിതമായ ജീവിതമാണ് അബ്ദുറഹിമാന്റേത്. നിൽപ്പിലും നടപ്പിലും ശ്വാസത്തിലും സ്പോർട്സിനെ മാറോടണക്കുന്ന ഈ കായികഅദ്ധ്യാപകൻ കോഴിക്കോടിന്റെ സ്പോർട്സിന്റെ ഉന്നതി കൂടി സ്വപ്നം കാണുന്ന വ്യക്തിത്വം കൂടിയാണ്. സ്പോർട്സിന് വേണ്ടി സമർപ്പിച്ച ജീവിതയാത്ര നാടിന്റെ വിജയമന്ത്രമായി മാറുക തന്നെ ചെയ്യും.

തയ്യാറാക്കിയത്

ബാബു ഫ്രാൻസിസ്

 

Share

Leave a Reply

Your email address will not be published. Required fields are marked *