തിരുവനന്തപുരം: ചരിത്ര നിമിഷം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ആദ്യ ചരക്കുകപ്പലെത്തി. വിഴിഞ്ഞം പുറംകടലിൽ എത്തിയ ഷെൻഷുവ 15 ചരക്ക് കപ്പലിനെ ഇന്ന് രാവിലെ അതീവ സുരക്ഷയിൽ ടഗ് ബോട്ടുകളുടെ സഹായത്തോടെ ബർത്തിൽ എത്തിച്ചു. തുറമുഖത്തിനാവശ്യമായ മൂന്ന് ക്രെയിനുകളാണ് ചൈനയിൽ നിന്നുള്ള കപ്പലിലുള്ളത്. വാട്ടർ സല്യൂട്ട് നൽകിയാണ് മൂന്ന് ടഗ് ബോട്ടുകൾ കപ്പലിനെ വരവേറ്റത്.പ്രവൃത്തി പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലിനും നങ്കൂരമിടാനാവുന്ന ഇന്ത്യയിലെ ഏക തുറമുഖമാകും വിഴിഞ്ഞം. ഇതുവരെ കൊളംബോ പോർട്ടിലാണ് ഇന്ത്യയിലേക്കുള്ള വലിയ കപ്പലുകൾ ചരക്കിറക്കിയിരുന്നത്. അവിടെ നിന്ന് ചെറിയ കപ്പലുകൾ വഴി ചരക്ക് ഇന്ത്യയിലെത്തിക്കുകയായിരുന്നു. വിഴിഞ്ഞത്ത് മതർ പോർട്ട് വരുന്നതോടെ ഏത് വലിയ കപ്പലിനും രാജ്യത്ത് നേരിട്ടെത്താനാകും.
തുറമുഖത്തിന്റെ ആദ്യഘട്ടം അടുത്ത വർഷം പൂർത്തിയാകുമ്പോൾ ബർത്തിന്റെ നീളം 800 മീറ്ററാകും. ഏത് കൂറ്റൻ കപ്പലിനും നങ്കുരമിടാം. മൂന്ന് കിലോമീറ്റർ നീളം വേണ്ട പുലിമുട്ടിന്റെ 2300 മീറ്ററും പൂർത്തിയായി.
. 10 ലക്ഷം കണ്ടെയിനറുകൾ കൈകാര്യം ചെയ്യാനാകുന്ന രീതിയിലാണ് തുറമുഖത്തിന്റെ രൂപകൽപന. ഒന്നാം കപ്പലിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ആദ്യ കപ്പലിനുള്ള സർക്കാരിന്റെ ഔദ്യോഗിക വരവേൽപ്പ് ഞായറാഴ്ചയാണ്. 8000 പേർക്ക് ഇരിക്കാനുള്ള കൂറ്റൻ പന്തലിൽ വച്ച് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും.