കട്ടപ്പന: വണ്ടൻമേട് രാജാക്കണ്ടം നായർസിറ്റിയിൽ ആണ് അപകടത്തിൽ 3 പേർ മരിച്ചത്.പാടത്തെ പോസ്റ്റിലുള്ള ഫ്യൂസ് ഊരാൻ വെള്ളത്തിൽ ഇറങ്ങിയപ്പോഴാണ് വൈദ്യുതിലൈനിൽനിന്നും ഷോക്കേറ്റ് അച്ഛൻ മരിച്ചത്. പിന്നാലേ അന്വേഷിച്ചുചെന്ന രണ്ടുമക്കളും പാടത്ത് ഇറങ്ങിയപ്പോൾ ഷോക്കേറ്റ് മരിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞുപെയ്ത മഴയിൽ ചെമ്പകശേരി കനകാധരൻനായരുടെ പുരയിടത്തിലെ മുരിക്കും, പ്ലാവിന്റെ കൊമ്പും ഒടിഞ്ഞ് വീടിന് സമീപത്തെ വൈദ്യുതിലൈനിലേക്ക് വീണിരുന്നു. കനകാധരൻനായർ, ലൈനിലേക്ക് വൈദ്യുതി പ്രവഹിക്കാതിരിക്കാൻ വീടിനുതാഴെ പാടത്തുള്ള പോസ്റ്റിലെ ഫ്യൂസ് ഊരിമാറ്റാൻ പോയപ്പോഴാണ് അപകടം. മരം വീണതിനെത്തുടർന്ന്, പാടത്തെ പോസ്റ്റിൽനിന്ന് ലൈൻപൊട്ടി വെള്ളത്തിൽ വീണിരുന്നു. ഇതറിയാതെയാണ് കനകാധരൻനായർവെള്ളത്തിലിറങ്ങിയത്.
അച്ഛനെ കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചെത്തിയ മക്കളായ വിഷ്ണുവും, വിനോദും പിന്നാലെ ഷോക്കേറ്റ് മരിച്ചു. മൂവരേയും കാണാതായതിനേത്തുടർന്ന് വിഷ്ണുവിന്റെ ഭാര്യ ആതിര ചെല്ലുമ്പോൾ ഇവർ മരിച്ചുകിടക്കുന്നതാണ് കണ്ടത്. ആതിരയാണ് അലമുറയിട്ട് പ്രദേശവാസികളെ വിവരം അറിയിച്ചത്. പറമ്പിൽ പുല്ലുചെത്താൻ പോയപ്പോഴാണ് ഇവർ മരിച്ചതെന്നാണ് ആദ്യം എല്ലാവരും കരുതിയത്.