കോഴിക്കോട്: സാമൂഹ്യ-സാമ്പത്തിക സർവ്വേയും കുറ്റമറ്റ രീതിയിൽ ജാതി അടിസ്ഥാനത്തിലുള്ള സെൻസസും നടത്തണമെന്ന് കേരള ഫെഡറേഷൻ(കെഡിഎഫ്) സംസ്ഥാന പ്രസിഡണ്ട് പി.രാമഭദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 103-ാം ഭരണഘടനാ ഭേദഗതി അനുസരിച്ച് പട്ടികജാതി പട്ടിക വർഗ്ഗ പിന്നോക്ക വിഭാഗങ്ങൾക്ക് അർഹതപ്പെട്ട 50 ശതമാനം സംവരണം ലഭ്യമാക്കാനും അടിയന്തിര നടപടി സ്വീകരിക്കണം. ജാതി സെൻസസിന് വേണ്ടി എ.ഐ.സി.സിയും സി.പി.എം പോളിറ്റ് ബ്യൂറോയും നിലപാടെടുത്ത സാഹചര്യത്തിൽ ജാതി സെൻസസിന് ഈ രണ്ട് പാർട്ടികളുടേയും കേരള ഘടകവും നിലപാട് വ്യക്തമാക്കണം. സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ച് നിലവിലുള്ള സംവരണ സമുദായത്തിൽ മാറ്റം വരുത്തി ഏറ്റവും പിന്നോക്കം നിൽക്കുന്ന ഗ്രൂപ്പുകളിൽ വരുന്ന സമുദായങ്ങൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതാണ്. 105-ാം ഭരണഘടനാ ഭേദഗതി അനുസരിച്ച് സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ പട്ടിക സംവരണത്തിനു വേണ്ടി തയ്യാറാക്കണം എന്ന് നിർദ്ദേശിച്ചിരിക്കുന്നതുകൊണ്ട് 105-ാം ഭരണഘടനാ ഭേദഗതിയിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡം അനുസരിച്ച് മാത്രമായിരിക്കണം സംവരണം നൽകേണ്ടത്.
പത്രസമ്മേളനത്തിൽ അഖിലകേരള പത്മശാലിയ സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ.സി.ഭാസ്‌കരൻ, കെ.ഡി.എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.പി.റുഫാസ്, കെ.ഡി.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി സി.കെ.മണി തുടങ്ങിയവർ പങ്കെടുത്തു.