‘വാഹനമോഡിഫിക്കേഷന്‍’ വ്ളോഗര്‍മാരും കുടുങ്ങും! നടപടിയെടുക്കാന്‍ ഹൈക്കോടതി

‘വാഹനമോഡിഫിക്കേഷന്‍’ വ്ളോഗര്‍മാരും കുടുങ്ങും! നടപടിയെടുക്കാന്‍ ഹൈക്കോടതി

വാഹനം മോഡിഫിക്കേഷന്‍ നടത്തുന്നവര്‍ മാത്രമല്ല അതു പ്രചരിപ്പിക്കുന്ന വ്ളോഗര്‍മാരും ഇനി കുടുങ്ങും. കേരള ഹൈക്കോടതി തന്നെയാണ് മോഡിഫിക്കേഷനെതിരെ കടുത്ത നടപടി നിര്‍ദേശിച്ച് ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി അജിത്കുമാര്‍ എന്നിവരുടെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് നിര്‍ണായക ഉത്തരവിട്ടിരിക്കുന്നത്. മോഡിഫിക്കേഷന്‍ നടത്തിയ, പ്രത്യേകിച്ച് എല്‍ഇഡി ലൈറ്റുകളും മറ്റും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ക്കെതിരെയാണ് കോടതിയുടെ പരാമര്‍ശം. മോഡിഫിക്കേഷന്‍ വരുത്തിയ വാഹനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും വലിയ തോതില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നതിനെതിരെയും കോടതി വിമര്‍ശിച്ചു.

യുട്യൂബ് ചാനലുകളായ എജെ ടൂറിസ്റ്റ് ബസ് ലൗവര്‍, നസ്റു വ്ളോഗര്‍, നജീബ് സൈനുള്‍, മോട്ടോ വ്ളോഗര്‍ എന്നിവ മുന്‍ നിര്‍ദേശങ്ങളെ അവഗണിച്ചുകൊണ്ട് ഓണ്‍ലൈനില്‍ മാറ്റം വരുത്തിയ വാഹനങ്ങളെ പ്രചരിപ്പിക്കുകയാണ്. ഇത് ഗുരുതരമായ നിയമലംഘനമാണെന്നും ഇത്തരം വാഹനങ്ങള്‍ പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം വാഹനങ്ങളില്‍ വരുത്തുന്ന ഓരോ മോഡിഫിക്കേഷനും 5,000 രൂപ വീതം പിഴ ഈടാക്കാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

‘ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് 008 പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതു സ്ഥലങ്ങളില്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ അടക്കമുള്ളവക്കെതിരെ നടപടി വേണം. കാര്‍നെറ്റ് വഴി രാജ്യത്തെത്തിക്കുന്ന വാഹനങ്ങളും പൊതു സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കണം’ ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *