ഗുണ്ടാസംഘങ്ങളുടെ വേരറുക്കണം

ജനങ്ങളുടെ സൈ്വര ജീവിതത്തിനും, നാടിനും ഭീഷണിയാവുന്ന ഗുണ്ടാസംഘങ്ങളെ പിടികൂടി നിയമത്തിന്റെ മുൻപിലെത്തിക്കേണ്ടത് നാടിന്റെ സുഗമമായ പ്രയാണത്തിന് അത്യാന്താപേക്ഷിതമാണ്. മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന് മുൻപിൽ ഇരു ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടുകയും പോലീസ് അവരെ അറസ്റ്റ് ചെയ്തിരിക്കുകയുമാണ്. റിയൽ എസ്‌റ്റേറ്റ് സംബന്ധമായ ഇടപാടുകൾ, പലിശ ഇടപാടുകൾ, സ്വർണ്ണകള്ളക്കടത്ത്, മയക്ക് മരുന്ന് എന്നിത്യാദി മേഖലകളിലാണ് ഗുണ്ടാ സംഘങ്ങൾ ഇടപെടുന്നത്. ഇടപാടുകളിൽ അഭിപ്രായ വ്യത്യാസം വരുമ്പോൾ ഗുണ്ടാസംഘങ്ങളെ സമീപിക്കുകയും അവർ ഗുണ്ടാ മാർഗ്ഗത്തിലൂടെ പണമിടപാടിലിടപെടുകയും, അതെല്ലാം പലപ്പോഴും സംഘർഷത്തിലും, സംഘട്ടനത്തിലും കലാശിക്കുകയും ചെയ്യാറുണ്ട്. സമൂഹത്തിൽ അമിതമായി കൊണ്ടിരിക്കുന്ന മയക്ക് മരുന്ന്-മദ്യവ്യാപനവും ഗുണ്ടാ പ്രവണതകൾ സമൂഹത്തിൽ വളരാനിടയാക്കുന്നുണ്ട്. കോഴിക്കോടിന്റെ നല്ല പാരമ്പര്യത്തിന് പുഴുക്കുത്തേൽപ്പിക്കുന്നവയാണ് ഗുണ്ടകളുടെ ഇടപെടൽ. ഇത്തരം ഗുണ്ടകൾ വളർന്ന് വരുമ്പോൾ തന്നെ പോലീസ് ഇടപെട്ട് ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും സമൂഹമൊന്നാകെ അധാർമ്മികതക്കെതിരെ അണിനിരക്കുകയും ചെയ്താൽ ഇത്തരം സംഘങ്ങളെ ഇല്ലാതാക്കാൻ സാധിക്കും. യുവാക്കളാണ് പലപ്പോഴും ഗുണ്ടാ സംഘങ്ങളിൽ പെട്ടുപോകുന്നത്. പ്രായത്തിന്റെ എടുത്ത് ചാട്ടവും, വീണ്ടുവിചാരമില്ലായ്മയുമെല്ലാമാണ് ഗുണ്ടാ സംഘങ്ങളിൽ എത്തിപ്പെടാൻ കാരണം. സ്വന്തം ജീവിതം സ്വയം നശിപ്പിക്കുന്നതാണ് ഇത്തരം പ്രവർത്തികൾ. ഓരോരുത്തർക്കും ലഭിച്ച മഹത്തായ ജീവിതം നല്ല ഉദ്ദേശ്യലക്ഷ്യങ്ങളിൽ അടിയുറച്ച് മുന്നോട്ട് പോകാൻ യുവതലമുറയെ പ്രാപ്തരാക്കേണ്ടതുണ്ട്. ഗുണ്ടയായി മുദ്ര കുത്തപ്പെടുകയും കേസുകളിൽപ്പെട്ട് ഭാവി തകരുകയും, അക്രമണങ്ങളിൽ ജീവഹാനിയോ, അംഗവൈകല്യമോ, മാരക മർദ്ദനമോ ഏറ്റ് നശിക്കേണ്ട ഒന്നല്ല ജീവിതം. അതിനെ നേരായ വഴിയിൽ സൗമ്യതയുടെയും സ്‌നേഹത്തിന്റെയും വഴി നടത്താൻ ഓരോരുത്തർക്കുമാവണം.

Share

Leave a Reply

Your email address will not be published. Required fields are marked *