ഗാസയിലെ ഏക വൈദ്യുതി പ്ലാന്റിന്റെ പ്രവര്‍ത്തനം മണിക്കൂറുകള്‍ക്കുള്ളില്‍ നിലയ്ക്കുമെന്ന് ഗാസയിലെ പവര്‍ അതോറിറ്റി. ഇസ്രയേല്‍ വൈദ്യുതി വിതരണം നിര്‍ത്തിയ പശ്ചാത്തലത്തില്‍, മേഖലയില്‍ പൂര്‍ണമായി വൈദ്യുതി മുടങ്ങുമെന്നും അതോറിറ്റി അറിയിച്ചു. ഗാസയിലെ വൈദ്യുതി സമ്പൂര്‍ണമായി വിച്ഛേദിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. ഗാസയിലേക്കുള്ള എല്ലാ അതിര്‍ത്തികളും അടച്ചിരിക്കുന്ന സാഹചര്യത്തില്‍, പവര്‍ പ്ലാന്റിലേക്കും ആശുപത്രികള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ആശ്രയിക്കുന്ന ജനറേറ്ററുകളിലേക്കും ഇന്ധനം എത്തിക്കാന്‍ സാധ്യമല്ല.
അതേസമയം, ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ വന്‍തോതില്‍ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. മണിക്കൂറുകള്‍ക്കുള്ളില്‍ ഗാസയിലേക്ക് കരമാര്‍ഗമുള്ള ആക്രമണം ആരംഭിക്കും എന്നാണ് സൂചന. ഗാസയില്‍ കണ്ണുംപൂട്ടി ആക്രമണം നടത്താന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി സൈന്യത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം. ഹമാസ് ശക്തികേന്ദ്രങ്ങളില്‍ സര്‍വശക്തിയുമെടുത്ത് ആക്രമിക്കുക. ഗാസ മുന്‍പ് എങ്ങനെയായിരുന്നോ അതുപോലെ തിരിച്ചു വരാത്ത വിധത്തില്‍ ആക്രമിക്കാനും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് നിര്‍ദേശിച്ചു.
ഗാസ അതിര്‍ത്തിയില്‍ സൈനികരോട് സംസാരിക്കുമ്പോഴായിരുന്നു ഇസ്രയേല്‍ പ്രതിരോധമന്ത്രിയുടെ നിര്‍ദേശം. സൈന്യത്തെ എല്ലാ നിയന്ത്രണങ്ങളില്‍ നിന്നും മോചിപ്പിക്കുന്നു. സര്‍വശക്തിയുമെടുത്ത് ആക്രമിക്കുക, സമ്പൂര്‍ണ ആധിപത്യം നേടുക. ഗാസ പഴയപടിയാകില്ലെന്ന് ഉറപ്പാക്കുക. മന്ത്രി സൈന്യത്തോട് പറഞ്ഞു. ഗാസയില്‍ മാറ്റം വേണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്. എന്നാല്‍ അവര്‍ വിചാരിക്കാത്ത തരത്തില്‍ 180 ഡിഗ്രി മാറുന്ന തരത്തിലുള്ള മാറ്റമാണ് നടപ്പാക്കേണ്ടത്. ആക്രമണം നടത്തിയതില്‍ അവര്‍ ഖേദിക്കണം. രാജ്യത്തെ ജനങ്ങളെ, സ്ത്രീകളെ കൊലപ്പെടുത്തിയവരോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി പറഞ്ഞു.