ഇസ്രയേലിന്റെ ഭീകര പ്രവർത്തനങ്ങൾ  അവസാനിപ്പിക്കണം: ഡോ.ഹുസൈൻ മടവൂർ

ഇസ്രയേലിന്റെ ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം: ഡോ.ഹുസൈൻ മടവൂർ

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധം ആരംഭിച്ചതിന്റെ ഉത്തരവാദിത്തം ഭീകര രാഷ്രമായ ഇസ്രയേലിനാണെന്ന് കെ.എൻ.എം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.ഏഴര പതിറ്റാണ്ട് കാലമായി ഇസ്രയേൽ ഫലസ്തീനികളെ നിഷ്‌ക്കരുണം അക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്യുകയാണ്.പവിത്രഭൂമിയായ ജെറുസെലമിലെ ഖുദ്‌സ് പ്രദേശവും അൽ അഖ്‌സാ പള്ളിയും ദിനേന കയ്യേറ്റങ്ങൾക്ക് വിധേയമാവുകയാണ്. ബ്രിട്ടൺ ബ്രിട്ടീഷ് കാരുടേതും ഇന്ത്യ ഇന്ത്യക്കാരുടേതും എന്ന് പറയുന്നത് പോലെ ഫലസ്തീൻ ഫലസ്തീൻകാരുടെതാണെന്ന ഗാന്ധിജിയുടെ വാക്കുകൾ ഐക്യരാഷ്ട്രസഭ മുഖവിലക്കെടുക്കണം. ഫലസ്തീനിൽ നിന്ന് ഇസ്രയേൽ പിൻമാറണമെന്ന അറബ് ലീഗിന്റെ ആഹ്വാനം ഇരുപത്തിരണ്ട് അറബ് രാഷ്ട്രങ്ങളുടെ ശബ്ദമാണ്. റഷ്യയും സൗദി അറേബ്യയും ഇറാനും ഖത്തറും ഫലസ്തീനികളുടെ കൂടെ നിൽക്കുമെന്ന് പ്രഖ്യാപിച്ചത് അവർക്ക് വലിയ ആശ്വാസമായി.
ഫലസ്തീൻ രാഷ്ട്രത്തെ ആദ്യമായി അംഗീകരിച്ച രാജ്യമാണ് ഇന്ത്യ.
ഈ വിഷയത്തിൽ നെഹ്രുവിന്റെ നിലപാട് ലോക ശ്രദ്ധ പിടിച്ച് പറ്റുകയുണ്ടായി. ഫലസ്തീൻ നേതാവ് യാസിർ അറഫാത്തിന്ന് ഇന്ദിരാഗാന്ധി നൽകിയ സ്വീകരണവും അംഗീകാരവും ഗംഭീരമായിരുന്നു.
എന്നും ഇന്ത്യ ഫലസ്തീനിന്റെ ഒപ്പമാണുണ്ടായിരുന്നത്. എന്നാലിപ്പോൾ ആ പാരമ്പര്യത്തിൽ നിന്ന് മാറി അക്രമ രാഷ്ട്രമായ ഇസ്രയേലിന്ന് പിന്തുണ പ്രഖ്യാപിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം അക്രമികളെ സഹായിക്കുന്നതായിപ്പോയി. ഇത് തികച്ചും പ്രതിഷേധാർഹമാണ്. മുൻ പ്രധാനമന്ത്രി വാജ്‌പേയി പോലും ഇന്ത്യ ഫലസ്തീനിന്റെ കൂടെയായിരിക്കുമെന്ന് പ്രഖ്യാപിച്ചതാണ്.
കോൺഗ്രസ്സും സി.പി.എമ്മും മുസ്ലിം ലീഗും മറ്റ് പ്രധാന രാഷ്ട്രീയ പാർട്ടികളും ഫലസ്തീന് പിന്തുണ അറിയിച്ചതിലൂടെ ഇന്ത്യൻ ജനത മർദ്ദിതരായ ഫലസ്തീർകാർക്കൊപ്പമാണെന്നും ഇസ്രയേലിന്റെ ഭീകര പ്രവർത്തനങ്ങൾക്കെതിരിൽ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിൽക്കണമെന്നും വിളിച്ച പറയുന്നുണ്ട്.
ജനിച്ച നാട്ടിൽ ജീവിക്കുവാനുള്ള അവകാശത്തിന്ന് വേണ്ടി പൊരുതുന്ന ഫലസ്തീനികളെ നിയമപരമായ മാർഗ്ഗങ്ങളിലൂടെ സഹായിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും വേണമെന്നും ഹുസൈൻ മടവൂർ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *