കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കായിക മേളക്ക് നാളെ മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിൽ തുടക്കമാവും. അത് ലറ്റിക്‌സ്, അക്വാട്ടിക്, ഗെയിംസ് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. അത്‌ലറ്റിക്‌സ് മത്സരങ്ങളാണ് 2023 ഒക്ടോബർ 12 മുതൽ 14വരെ നടത്തപ്പെടുന്നത്. 17 സബ്ജില്ലയിൽ നിന്നുമായി 3500 കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒഫീഷ്യൽസും പങ്കെടുക്കും. ആറ് വിഭാഗങ്ങളിലായി 102 മത്സര ഇനമാണ് നടത്തപ്പെടുന്നത്. നിരവധി ദേശീയ താരങ്ങളെ സൃഷ്ടിക്കപ്പെടുന്ന റവന്യു ജില്ലാ കായിക മേളക്ക് സംഘാടക സമിതിയുടെയും വിവിധ അധ്യാപക സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഒക്ടോബർ 16മുതൽ 20വരെ കുന്നംകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയിൽ പങ്കെടുക്കേണ്ട കോഴിക്കോട് ജില്ലാടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെക്കും. ഒക്ടോബർ 12 ന് കാലത്ത് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ പതാക ഉയർത്തുന്നടോടെ മേളക്ക് തുടക്കം കുറിക്കും. 9.30ന് കായിക മേള എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻന്റ് ഷീജ ശശി മുഖ്യാതിഥിയാവും. ഒക്ടോബർ 14ന് വൈകിട്ട് 3.30ന്ന് നടത്തുന്ന സമാപന ചടങ്ങ് കോഴിക്കോട് എം.പി എം. കെ രാഘവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യും.വാർത്ത സമ്മേളനത്തിൽ കായിക മേളയുടെ ജനറൽ കൺവീനറും കോഴിക്കോട് ഡി. ഡി. ഇ യുമായ സി മനോജ് കുമാർ, ജില്ലാ സ്‌പോർട്‌സ് സെക്രട്ടറി ടി. എം സുബൈർ, മീഡിയ &പബ്ലിസിറ്റി കൺവീനർ ആർ കെ ഷാഫി, റിസപ്ഷൻ കമ്മിറ്റി കൺവീനർ എ. കെ മുഹമ്മദ് അഷ്റഫ്, പബ്ലിസിറ്റി ജോയിന്റ് കൺവീനർ മുജീബ് ചളിക്കോട്, ഐ. ടി കോർഡിനേറ്റർ യു .എസ് രതീഷ് തുടങ്ങിയവർ പങ്കെടുത്തു.
