ലോൺ ആപ്പ് തട്ടിപ്പ്, 72 ആപ്പുകൾ നീക്കം ചെയ്യാൻ തീരുമാനം

ലോൺ ആപ്പ് തട്ടിപ്പ്, 72 ആപ്പുകൾ നീക്കം ചെയ്യാൻ തീരുമാനം

തിരുവനന്തപുരം: ലോൺ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടർന്ന് ഈ വർഷം പോലീസിന്റെ സഹായം തേടിയെത്തിയത് 1427 പരാതിക്കാർ. സൈബർ ലോൺ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ നമ്പർ) എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്.

2022ൽ 1340 പരാതികളും 2021ൽ 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. പരാതികളിൽ പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോൺ നമ്പറുകളും പരിശോധിച്ചു തുടർനടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയിൽ ലോൺ ആപ്പ് തട്ടിപ്പിന് ഇരയായി ദമ്പതികൾ കുട്ടികളെ കൊന്ന് സ്വയം ജീവനൊടുക്കിയ സംഭവത്തിനുശേഷം പോലീസ് 72 ആപ്പുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിരുന്നു.

പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നടപടിയെടുത്തു. ദേശീയതലത്തിൽ രൂപീകരിച്ച പോർട്ടൽ വഴിയാണ് ആപ്പ് സ്റ്റോർ, പ്ലേ സ്റ്റോർ, വെബ് സൈറ്റുകൾ എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നത്. സംസ്ഥാനതലത്തിൽ ലഭിക്കുന്ന പരാതികൾ പരിശോധിച്ചു നടപടിക്കായി പോർട്ടലിലേക്ക് കൈമാറും.

നിരവധി ആളുകൾ ലോൺ ആപ്പ് തട്ടിപ്പിനു ഇരയാവുന്നെങ്കിലും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതോടെയാണു പരാതിക്കാരുടെ എണ്ണവും വർധിച്ചത്. ലോൺ ആപ്പ് കേസുകളിൽ ഇതുവരെ രണ്ട് എഫ്‌ഐആർ മാത്രമാണ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സൈബർ പോലീസ് പറയുന്നു. എറണാകുളത്തും വയനാട്ടിലും. കഴിഞ്ഞ ദിവസം ലോൺ ആപ്പ് തട്ടിപ്പുകൾ അറിയിക്കാൻ 9497980900 എന്ന നമ്പർ പോലീസ് നൽകിയിരുന്നു. ഇതിൽ ലഭിച്ച 5 സംഭവങ്ങൾ തുടർനടപടികൾക്കായി കൈമാറി. മറ്റുള്ള പ്രതികരണങ്ങൾ പരിശോധിച്ചു വരുന്നതായും അധികൃതർ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *