ചാലക്കര പുരുഷു
തലശ്ശേരി: ഗുരു സമാധി ദിനം തലശേരിക്കാർക്ക് ഇന്നലെയെന്നപോൽ ഓർത്തെടുക്കാനാവും. നിത്യതയിൽ വിലയിച്ച ആ ഋഷിവര്യന്റ ശാന്ത പ്രസന്ന മായ മുഖം തലമുറകൾ കഴിഞ്ഞിട്ടും ശ്രീനാരായണീയരുടെ ഹൃദയത്തിൽ മങ്ങാതെ കിടക്കുന്നു.
ഗുരുവിന്റെ കൈകളാൽ സ്ഥാപിതമായ ഉത്തരകേരളത്തിലെ ആദ്യ ക്ഷേത്രവും, ഗുരു സശരീരനായിരിക്കുമ്പോൾ തന്നെ സ്ഥാപിതമായ പഞ്ചലോഹ പ്രതിമയും ജഗന്നാഥ സവിധത്തിലാണുള്ളത്.
തലശ്ശേരിയും, മാഹിയും ഗുരുവിന് ഏറെ ഇഷ്ടപ്പെട്ട പ്രദേശങ്ങളായിരുന്നു. ഒട്ടേറെ ശിഷ്യരും ഗൃഹസ്ഥ ശിഷ്യരും ഇവിടെയുണ്ട്.
ഗുരു സമാധിയടഞ്ഞ വേളയിൽ അദ്ദേഹത്തെ പരിചരിക്കാൻ ഭാഗ്യമുണ്ടായത് തലശ്ശേരിക്കാരനായ എടക്കാട്ടെ ഗുരുപ്രസാദ് സ്വാമിക്കായിരുന്നു. അദ്ദേഹമായിരുന്നു ഗുരുവിന്റെ വിയോഗ വാർത്ത ശ്രീ നാരായണ സമൂഹത്തെ അറിയിച്ചത്.
‘പ്രസംഗിക്കുകയോ, അധികം സംസാരിക്കുകയോ ചെയ്യാത്ത സ്വാമികൾ സൂര്യനെ പോലെ സന്നിധി മാത്രം കൊണ്ട് ശക്തിയും, പ്രേമവും പ്രസരിപ്പിച്ചു. ആ നാരായണചൈതന്യം പല നരേന്ദ്രരേയും പ്രസിദ്ധ വാഗ്മികളാക്കിയിട്ടുണ്ട്.ആ പ്രേമവിലാസം പല കഠിന വൈരങ്ങളേയും വേരറുത്തിട്ടുണ്ട്. ആ ജ്ഞാനദൃഷ്ടി അനേകരെ വിച്ഛിന്നസംശയരാക്കിയിട്ടുണ്ട്. ആ ത്യാഗ ശീലം വളരെപേർക്ക് കർമ്മയോഗ രഹസ്യം കാണിച്ച് കൊടുത്തു.
അദ്ദേഹത്തിന്റെ ശരീരം ശിവഗിരിയിലെ പഞ്ചഭൂതങ്ങൾ എനിക്കെനിക്കെന്ന് പങ്കിട്ടെടുത്തു. എന്നാൽ അതിൽ നിന്ന് വിട്ടു പോയ ആ മഹാശക്തി, അദ്ദേഹം ഉപദേശിച്ച ഏക ദൈവം, ഏക മതം, ഏക ജാതി ലോകത്തിൽ സുസ്ഥാപിതമാകുംവരെ നമ്മെ ശാസിച്ചു കൊണ്ടും, അനുഗ്രഹിച്ചു കൊണ്ടുമിരിക്കും.’
ധർമ്മം പത്രത്തിൽ മഹാസമാധിയെക്കുറിച്ച് എഴുതിയ ചിലവാക്കുകളാണിത്.
‘1104 കന്നി 5 ന് പകൽ 3.30 ന് സമാധി വിവരം നാട്ടിലാകെ കാട്ടുതീ പോലെ പടർന്നു.കരൾ പിളരും പോലുള്ള നൊമ്പരത്താൽ ജനങ്ങൾ പരിഭ്രാന്തരായി ഓടി നടന്നു. പണിശാലകൾ തൊട്ട് പാഠശാലകൾ വരെ അടച്ചിട്ടു അമ്പലങ്ങളിൽ പ്രത്യേക പൂജകൾ നടന്നു.’ ഗുരുവിന്റെ ജീവചരിത്രം ആദ്യമായെഴുതിയ മൂർക്കോത്ത് കുമാരൻ ഗജകേസരിയിലെഴുതിയതിങ്ങനെയായിരുന്നു. മൂന്നാം നാളിൽ വൈകുന്നേരം. 6 മണിക്ക് ജഗന്നാഥ ക്ഷേത്രത്തിൽ അനേകമാളുകൾ പങ്കെടുത്ത അനുശോചന യോഗത്തിൽ ചെറുവാരി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സമാധി വാർത്ത പ്രസിദ്ധീകരിച്ച അന്നത്തെ 22 മുഖ്യ പത്രങ്ങളിലേയും, മൂന്ന് മാസികകളിലേയും സമാധി വൃത്താന്തം സമാഹരിച്ച് 1929ൽ ഗുരുദേവ ശിഷ്യൻ കെ.സി.രാമോട്ടി തലശ്ശേരിയിൽ നിന്നും പ്രസിദ്ധികരിച്ച ലഘു ഗ്രന്ഥം സമാധിസംബന്ധിച്ച ആധികാരിക കൃതിയാണ്. 1929ൽ ജഗന്നാഥ സവിധത്തിൽ സ്ഥാപിച്ച ഗുരുദേവപ്രതിമയുടെ എൺപതാം വാർഷിക നാളിൽ 1980ലാണ് ആദ്യമായി ജനങ്ങളും, മഠങ്ങളുമെല്ലാംകൂട്ടത്തോടെ ഗുരുപ്രതിമയിൽ പുഷ്പമാല്യങ്ങൾ ചാർത്താൻ തുടങ്ങിയതെന്ന് പയ്യന്നൂർ ആനന്ദ തീർത്ഥ ട്രസ്റ്റ് ചെയർമാൻ ടി.വി.വസുമിത്രൻ എഞ്ചിനീയർപറയുന്നു. അന്ന്മൂർക്കോത്ത് രാമുണ്ണിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ.പി. രത്‌നാകരൻ, ചമ്പാടൻ വിജയൻ, വസുമിത്രൻ എഞ്ചിനിയർ എന്നിവർ സംസാരിച്ചിരുന്നു.