ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്സഭയില്‍ മറുപടി നല്‍കും. വൈകീട്ട് 4 മണിക്കാണ് ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം. മനീഷ് തിവാരി അടക്കമുള്ള നേതാക്കള്‍ പ്രതിപക്ഷത്ത് നിന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അടക്കമുള്ളവര്‍ ഭരണ പക്ഷത്ത് നിന്നും ഇന്ന് സംസാരിക്കും. സര്‍ക്കാരിന് കൃത്യമായ ഭൂരിപക്ഷം ഉള്ളതിനാല്‍ അവിശ്വാസ പ്രമേയം പരാജയപ്പെടും എന്ന് ഉറപ്പാണ്.
എന്‍.ഡി.എക്ക് 331 എം.പിമാരുടെ പിന്തുണയാണുള്ളത്. ബി.ജെ.പിക്ക് മാത്രം 303 എം.പിമാരുണ്ട്. പ്രതിപക്ഷ സഖ്യത്തിന് ഉറപ്പുവരുത്താനായിട്ടുള്ളത് 144 അംഗങ്ങളുടെ പിന്തുണ മാത്രമാണ്. ഇരു സഖ്യങ്ങളിലും പെടാത്ത 70 എം.പിമാരാണ് ലോക്സഭയിലുള്ളത്. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷവും എന്‍.ഡി.എയെ പിന്തുണക്കുന്നവരാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് രണ്ടാം തവണയാണ് അവിശ്വാസ പ്രമേയത്തെ നേരിടുന്നത്. 2018ല്‍ ആയിരുന്നു മോദി സര്‍ക്കാരിനെതിരേയുള്ള ആദ്യ അവിശ്വാസ പ്രമേയം. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അന്നത്തെ അവിശ്വാസ പ്രമേയം. ബി.ജെ.പി രാജ്യസ്‌നേഹികളല്ല, രാജ്യദ്രോഹികളാണെന്ന് രാഹുല്‍ പാര്‍ലമെന്റില്‍ വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യയുടെ ശബ്ദം കേള്‍ക്കാന്‍ മോദി തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണിപ്പൂര്‍ ഇന്ത്യയില്‍ അല്ലെന്നാണ് മോദിയുടെ പക്ഷമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.