ന്യൂഡല്‍ഹി: എം.പി സ്ഥാനം തിരികെ കിട്ടി ലോക്‌സഭയിലെത്തിയ ദിനം രാഹുല്‍ ഗാന്ധിക്കെതിരേ പരാതിയുമായി ബി.ജെ.പി വനിത എം.പിമാര്‍. ലോക്‌സഭ നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കിയെന്നാണ് ആരോപണം. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ആരോപണം ഉന്നയിച്ചത്. ലോക്സഭയില്‍ സംസാരിക്കാന്‍ എഴുന്നേല്‍ക്കുമ്പോഴാണിതെന്നും സഭ്യതയില്ലാത്ത സ്ത്രീവിരുദ്ധ ആണത്തഘോഷമെന്നും സ്മൃതി ഇറാനി പറഞ്ഞു. സ്മൃതി ഇറാനിക്കും വനിത എം.പിമാര്‍ക്കും നേരെയാണ് ഫ്‌ളൈയിങ് കിസ് നല്‍കിയതെന്ന് ശോഭ കരന്തലജെ ആരോപിച്ചു. വിഷയത്തില്‍ ബി.ജെ.പി വനിത എം.പിമാര്‍ രാഹുലിനെതിരെ പരാതി നല്‍കി.
അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ആഞ്ഞടിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ രണ്ടാം നാള്‍ സംസാരിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സര്‍ക്കാരിനുമെതിരെ മണിപ്പൂര്‍ വിഷയത്തില്‍ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തി. മണിപ്പൂരില്‍ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്. സംസ്ഥാനം ഇപ്പോള്‍ രണ്ടായിരിക്കുന്നുവെന്ന് രാഹുല്‍ വിമര്‍ശിച്ചു.