ലാപ്ടോപ്പ്, കംപ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് വിലക്കില്ല; പുതിയ ലൈസന്‍സിങ് സംവിധാനം കൊണ്ടുവരും: ഐ.ടി മന്ത്രാലയം

ലാപ്ടോപ്പ്, കംപ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് വിലക്കില്ല; പുതിയ ലൈസന്‍സിങ് സംവിധാനം കൊണ്ടുവരും: ഐ.ടി മന്ത്രാലയം

ന്യൂഡല്‍ഹി: ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, കംപ്യൂട്ടറുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം. അതേസമയം ഇവയുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട പുതിയ ലൈന്‍സന്‍സിങ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. ലൈസന്‍സ് നേടിയ ശേഷം മാത്രം ലാപ്ടോപ്പ്, ടാബ്ലെറ്റുകള്‍, പേഴ്സണല്‍ കംപ്യൂട്ടറുകള്‍, ചെറിയ പേഴ്സണല്‍ കംപ്യൂട്ടര്‍, മറ്റ് ഐടി ഉപകരണങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യണമെന്ന് ആഗസ്റ്റ് മൂന്നിന് പുറത്തിറക്കിയ നോട്ടീസില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ലൈസന്‍സ് നേടുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്(ഡിജിഎഫ്ടി) പ്രത്യേക പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ സമയം കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. അപേക്ഷയില്‍ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയാല്‍ അപേക്ഷ നല്‍കി ഏതാനും ദിവസങ്ങള്‍ക്കുള്ളിലോ അഞ്ച് മുതല്‍ പത്ത് മിനിറ്റുകള്‍ക്കുള്ളിലോ ഡിജിഎഫ്ടി ലൈസന്‍സ് അനുവദിച്ച് നല്‍കും. ഒരു വര്‍ഷം കാലാവധിയുള്ള ലൈസന്‍സ് സംവിധാനം ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്.

ഇലക്ട്രോണിക്സ്, ഐടി ഹാര്‍ഡ് വെയറുകള്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യയെ കൂടുതല്‍ സ്വയം പര്യാപ്തമാക്കുന്നതിന് സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഐടി ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ഇന്ത്യക്ക് ശേഷിയും കഴിവുമുണ്ടെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. പിഎല്‍ഐ 2.0 (PLI 2.0) എന്ന പദ്ധതിയിലൂടെ 3,29,000 കോടി രൂപയുടെ മൊത്തത്തിലുള്ള ഉല്‍പ്പാദനവും 2740 കോടി രൂപയുടെ ഇലക്ട്രോണിക്സ് ഉല്‍പ്പാദനത്തിനുള്ള അധിക നിക്ഷേപവുമാണ് ലക്ഷ്യമിടുന്നത്. ഇത് പുതിയ നേരിട്ടുള്ള 75,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. സാമ്പത്തിക ലാഭത്തിനൊപ്പം ഐടി ഹാര്‍ഡ്‌വെയറുകള്‍ സാധാരണക്കാരന് താങ്ങുന്ന വിലയ്ക്ക് ലഭ്യമാക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

പിഎല്‍ഐ 2.0 ഐടി ഹാര്‍ഡ് വെയര്‍ പ്ലാനില്‍ ഇതുവരെ 44 കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ എച്ച്പി ഇന്‍കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള രണ്ട് കമ്പനികള്‍ ജൂലൈ 31-ന് മുമ്പ് തന്നെ അപേക്ഷ നല്‍കി കഴിഞ്ഞു. ആഗസ്റ്റ് 30 വരെയാണ് അപേക്ഷ നല്‍കുന്നതിനുള്ള സമയം അനുവദിച്ചിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *