ന്യൂഡല്‍ഹി: ഹരിയാനയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള നൂഹ് ജില്ലയില്‍ പശുക്കളെ സംരക്ഷിക്കുന്നതിനായി പോലിസുകാരെ നിയമിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. നൂഹ് ജില്ലയില്‍ 100 പോലിസുകാരെയെങ്കിലും നിയമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നതിലും ക്രമസമാധാനപാലനത്തിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു. അതേസമയം, മുസ്‌ലിം കുടിയേറ്റക്കാരുടെ സുരക്ഷയെക്കുറിച്ച് ടിഎംസിയുടെ രാജ്യസഭാ അംഗമായ സാകേത് ഗോഖലെ പോലിസ് കമ്മീഷണര്‍ക്ക് കത്തെഴുതി.
രണ്ട് ദിവസത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ജനങ്ങളോട് സമാധാന അഭ്യര്‍ത്ഥനയുമായി ഹരിയാന മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. പോലിസിന് എല്ലാവരേയും സംരക്ഷിക്കാന്‍ കഴിയില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമാവുകയും ചെയ്തിരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സ്വന്തം സുരക്ഷ നോക്കേണ്ടതുണ്ടോയെന്ന് ഡല്‍ഹി എ.എ.പി സര്‍ക്കാര്‍ ചോദ്യം ചെയ്തു. ഹരിയാന ആക്രമണത്തില്‍ പ്രതികരിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും രംഗത്തെത്തിയിട്ടുണ്ട്. സമാധാനം പാലിക്കണമെന്നും സംഘര്‍ഷങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നുമായിരുന്നു യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലറുടെ നിലപാട്.