ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിങ്, കസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ജി.എസ്.ടിയില്‍ ഇളവില്ല. നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന 28 ശതമാനത്തില്‍ തന്നെ തുടരും. ഒക്ടോബര്‍ ഒന്ന് മുതലാണ് നികുതി പ്രാബല്യത്തില്‍ വരിക. നികുതി ഇളവ് വേണമെന്ന ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികളുടെ ആവശ്യം ജി.എസ്.ടി കൗണ്‍സില്‍ അംഗീകരിച്ചില്ല. ആറുമാസത്തിന് ശേഷം ഇത് അവലോകനം ചെയ്യും. 51ാമത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും കാസിനോകള്‍ക്കും കുതിരപ്പന്തയത്തിനും 28% ഏകീകൃത നികുതി ചുമത്താന്‍ നേരത്തെ യോഗത്തില്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന്, വന്‍കിട ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം ജി.എസ്.ടി 28 ശതമാനമായി തന്നെ എന്ന് തീരുമാനിക്കുകയായിരുന്നു. ലോട്ടറിയും വാതുവയ്പ്പും പോലെ ഇവ മൂന്നും അവശ്യവസ്തുക്കളല്ലെന്നും ജി.എസ്.ടി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും യോഗത്തില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു.