കോഴിക്കോട്: 1937ല്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് നാടിന് അത്താണിയായി പ്രവര്‍ത്തിക്കുന്ന വെസ്റ്റ്ഹില്‍ അനാഥമന്ദിരത്തില്‍ ക്രമക്കേട് നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സമാജം നിര്‍വ്വാഹസമിതിയംഗങ്ങളായ ആറ് പേര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ പോലിസ് കമ്മീഷണര്‍, മേയര്‍, വിജിലന്‍സ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
10/12/2022ന് സ്ഥാനമേറ്റ ഭരണസമിതി സെക്രട്ടറിയായ സുധീഷും വൈസ് പ്രസിഡന്റ് ഷനൂപും ചേര്‍ന്നാണ് ക്രമക്കേടുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. സമാജത്തിന്റെ ചെക്കുകള്‍ ബാങ്കില്‍ നിന്ന് മാറുന്നതിന് ട്രഷററുടെ കൂടി ഒപ്പ് വേണമെന്നിരിക്കെ അത് മറികടക്കാന്‍ തെറ്റായ മിനിട്‌സുണ്ടാക്കി സ്ഥാപനത്തിന്റെ അക്കൗണ്ടുള്ള മൂന്ന് ബാങ്കില്‍ സമര്‍പ്പിച്ച് ഇടപാട് നടത്തുകയാണ്.
ബാങ്കുകളില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. സുമനസുകള്‍ നല്‍കുന്ന സഹായമായി ലഭിച്ച തുക 1.87 കോടി രൂപയാണ് 2022ല്‍ സ്ഥാനമേറ്റ കമ്മിറ്റിയെ ഏല്‍പ്പിച്ചത്. പ്രതിമാസം ചേരേണ്ട യോഗം ഇപ്പോള്‍ വിളിക്കാറില്ല. 12/03/2023ന് യോഗം ചേര്‍ന്നതിന് ശേഷം 07/07/2023 നാണ് യോഗം ചേര്‍ന്നിട്ടുണ്ട്. ചേവായൂര്‍ ഡിസേബിള്‍സ് ഹോമിലെ സിവില്‍ വര്‍ക്കുകളുടെ ക്രമാതീതമായ തുക ട്രഷറര്‍ ഐ.പി പുഷ്പരാജ് നല്‍കാന്‍ തയ്യാറാവാതിരുന്നപ്പോള്‍ അദ്ദേഹത്തെ ചെക്കില്‍ ഒപ്പിടുവിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഫോണിലൂടെ ഭീഷണിപ്പെടുകയുമായിരുന്നു. ഇത് സംബന്ധിച്ച് വെള്ളയില്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
നിര്‍വ്വാഹക സമിതി യോഗത്തില്‍ അഞ്ച് പേര്‍ പങ്കെടുത്താലേ കോറം തികയൂ എന്നിരിക്കെ നാല് പേരെ വച്ചാണ് സെക്രട്ടറി തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. ഇത് നിയമവരുദ്ധമാണ്: ട്രഷററുടെ ഒപ്പിന്റെ സീല്‍ അനധികൃതമായി ഉപയോഗിച്ച് ആജീവനാന്ത അംഗങ്ങളെ ചേര്‍ക്കുകയും അവരെ നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെടുത്തുകയുമാണ് സെക്രട്ടറി ചെയ്തിട്ടുള്ളത്.
മനുഷ്യസ്‌നേഹികള്‍ അഗതികള്‍ക്ക് നല്‍കുന്ന സംഭാവന ഉപയോഗിച്ച് സെക്രട്ടറിക്കും പ്രസിഡന്റിനും സഞ്ചരിക്കാന്‍ കാറ് വാങ്ങിക്കാന്‍ ശ്രമം നടക്കുകയാണ്. കോഴിക്കോട് നഗരത്തിലെ മഹത്തായ സ്ഥാപനങ്ങളില്‍ ഒന്നാണിത്. കഴിഞ്ഞകാലങ്ങളില്‍ ഇതിന് നേതൃത്വം നല്‍കിയവരെല്ലാം സത്യസന്ധതയും ധാര്‍മ്മികതയും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിച്ചത് കൊണ്ടാണ് 1.87 കോടി രൂപ നീക്കിയിരിപ്പുണ്ടായത്.
സ്ഥാപനത്തിന് സ്വന്തമായി ഏക്കര്‍ കണക്കിന് ഭൂമിയുണ്ട്. ഈ സ്ഥാപനം സംരക്ഷിക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണ്. ഇവിടെ ലഭിക്കുന്ന ഓരോ തുകയും സുതാര്യവും സത്യസന്ധവും ഉദ്ദേശശുദ്ധിയോടെ ചില വഴിക്കേണ്ടതുമാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിയമവിരുദ്ധ നടപടികള്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കും.
ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കാത്തവരെ കായികമായി ആക്രമിക്കുമെന്ന ഭീഷണിയും ഇവര്‍ മുഴക്കുന്നുണ്ട്. അധികാരികളും പൗരസമൂഹവും ഇക്കാര്യത്തിലിടപ്പെടണമെന്നവര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഐ.പി പുഷ്പരാജ് (ട്രഷറര്‍), കോയിശ്ശേരി ഉസ്മാന്‍ (ജോ. സെക്രട്ടറി), ഹാഷിം.കെ, ചെറോത്ത് അഗ്നിവേഷ്, ടി. മുരളി, പുല്ലൂര്‍കണ്ടി അശോകന്‍ എന്നിവര്‍ പങ്കെടുത്തു.