കെ.ആര്‍.സുശീലന്‍
വൈക്കം.
ചരിത്രം തങ്കലിപികളില്‍ രേഖപ്പെടുത്തിയ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി സമ്മേളനങ്ങള്‍ കഴിഞ്ഞു.വൈക്കം വീണ്ടും പഴയപടി നിദ്രയിലായി. ശതാബ്ദിയുടെ ഒരു വര്‍ഷം ഇനിയും അവശേഷിക്കുന്നു. നിശബ്ദ സ്മൃതികളുമായി.
നൂറ്റാണ്ടുകളായി തുടരുന്ന സവര്‍ണ മേധാവിത്വത്തിന്റെ അധികാരങ്ങളും അനാചാരങ്ങളും ഒരു വശത്തും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് അയിത്തോച്ചാടനം എന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത നയം (1924 കാക്കിനാഡ കോണ്‍ഗ്രസ് സമ്മേളനം) മറുഭാഗത്തും അണിചേര്‍ന്ന ഐതിഹാസിക സമരമായിരുന്നു വൈക്കം സത്യഗ്രഹം.(1924 1925) മഹാത്മാഗാന്ധി അതിന്റെ നായകസ്ഥാനത്ത് കൃഷ്ണനെപ്പോലെ രഥം തെളിച്ചതും ടി.കെ.മാധവനെപ്പോലെ ഒരു കര്‍മ്മയോഗി അര്‍ജ്ജുനനെപ്പോലെ മുഖ്യയോധാവയതും ചരിത്രമാണ്.
ശ്രീനാരായണ ഗുരുദേവന്റെയും ഈ വി.രാമസ്വാമിനായ്ക്കരുടേയും മന്നത്തു പത്മനാഭന്റെയും ഒക്കെ നവോത്ഥാന ചിന്തകളും നേരിട്ടുള്ള ഇടപെടലുകളും ഈ സത്യഗ്രഹ സമരത്തെ ധാര്‍മ്മികതയുടെ പരിവേഷമണിയിച്ച് മഹത്തായ ലക്ഷ്യസാക്ഷാല്‍ക്കാരത്തിലേക്ക് നയിച്ചു.ശ്രീ നാരായണ ഗുരുവിന്റെ വൈക്കത്തെ മഠമാണ് സത്യഗ്രഹഭൂമിയായി മാറിയത് എന്ന കാര്യവും പ്രത്യേകം ശ്രദ്ധാര്‍ഹമാണ്.
വൈക്കം ക്ഷേത്രത്തിനോട് അനുബന്ധിച്ചു കിടക്കുന്ന നാല് റോഡുകളിലൂടെ ഈഴവാദികളായ അവര്‍ണര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ലഭിക്കുക എന്നതു മാത്രമായിരുന്നില്ല വൈക്കം സത്യഗ്രഹത്തിന്റെ ലക്ഷ്യം. ഹിന്ദു സമുദായത്തിനിടയിലെ അയിത്തം തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മ എന്നീ അനാചാരങ്ങള്‍ക്ക് എതിരെയും ആയിരുന്നു വൈക്കം സത്യഗ്രഹം. സഞ്ചാരസ്വാതന്ത്ര്യം നേടിക്കൊടുത്തു എങ്കിലും അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം ലഭിക്കാന്‍ പിന്നെയും കാലങ്ങളെടുത്തു. ക്ഷേത്ര കാര്യങ്ങളിലുള്ള സവര്‍ണാധിപത്യം ഇന്നും തുടരുന്നു എന്നതും ജനായത്തഭരണകൂടങ്ങള്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലുകളാണ്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജാതിഭേദം, തീണ്ടല്‍, അവ4ണക്ക് ക്ഷേത്ര വിലക്ക് തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ ഒരുപറ്റം പിന്നാക്കയുവാക്കള്‍ വൈക്കം ക്ഷേത്രത്തിലേക്ക് ബലമായി കയറിയപ്പോള്‍ വേലുത്തമ്പി ദളവയുടെ പടയാളികള്‍ അവരെ നിഷ്‌ക്കരുണംകൊലപ്പെടുത്തുകയും മൃതശരീരങ്ങള്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുയുള്ള ചെളികുളത്തില്‍ ചവിട്ടി താഴ്ത്തുകയും ചെയ്തു. ആ കുളമാണ് ദളവാക്കുളം എന്ന് പിന്നീട് കുപ്രസിദ്ധമായത.
സംഘകാലഘട്ടം മുതല്‍ വൈക്കവും, വൈക്കത്ത് അമ്പലത്തിലുള്ള പനച്ചിക്കല്‍ കാവും ബുദ്ധവിഹാരവും സംഘാരാമവും ആയിരുന്നു എന്നും കരുതപ്പെടുന്നു. വാസ്തുശൈലിയും ബുദ്ധ സംഘകാലഘട്ടങ്ങളുടെ പ്രതികങ്ങള്‍ ആണ്. ക്ഷേത്രത്തിലെ വട്ടശ്രീകോവില്‍ മഹാസ്തൂപം എന്നിവ അതിനു തെളിവായി പറയപ്പെടുന്നു.എന്നാല്‍ അയിത്തം പിന്നിടു വന്നു ചേര്‍ന്നതാകാം.ക്ഷേത്രം ബ്രാഹ്‌മണ മേല്‍ക്കോയ്മയില്‍ വരികയുമായിരുന്നു.
അവര്‍ണ്ണ ജനത തങ്ങളുടെ കൈവിട്ടുപോയ ആരാധനാലയങ്ങള്‍ തിരികെ പിടിക്കാന്‍ നടത്തിയ വിഫലശ്രമത്തിന്റെ വേദനിപ്പിക്കുന്ന സ്മരണയാണ് ദളവാക്കുളം സംഭവം. മഹാത്മജിയ്ക്ക് പ്രവേശനം നിഷേധിച്ച ഇണ്ടംതുരുത്തിമന ഇന്ന് ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസായിമാറിയതും ചരിത്രത്തിന്റെ കാവ്യനീതിയാണ്.
ഇത്ര ദേശീയശ്രദ്ധ നേടിയസമരമാണ് വൈക്കത്ത് നടന്നത് എങ്കിലും വൈക്കം പിന്നീട് അധികമൊന്നും നവോത്ഥാന പാതയില്‍ മുന്നോട്ടു പോയില്ല എന്നത് എല്ലാവരും സമ്മതിക്കുന്ന സത്യമാണ്. മഹാത്മജിയ്ക്കു പോലും വഴിതെറ്റില്ല എന്ന് എല്ലാവരും ആക്ഷേപമായി പറയുന്നുമുണ്ട്. സത്യഗ്രഹത്തിന്റെ ശതാബ്ധി ആഘോഷങ്ങള്‍ പ്രതിജ്ഞാബദ്ധമായി നടത്തുന്ന സംഘടനകള്‍ക്കും ഭരണ നേതൃത്വത്തിനും സ്തുതിഗീതങ്ങള്‍ക്കപ്പുറത്ത് പലതും ചെയ്യാനുണ്ടാകും.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മഹാസമ്മേളനവും കേരള സര്‍ക്കാന്റെ ശതാബ്ദി സമ്മേളനവും പല സംഘടനകളും നടത്തിയ സമ്മേളനങ്ങളും കഴിഞ്ഞ് വൈക്കം വീണ്ടും ശാന്തമായി. അയിത്തവും അനാചാരങ്ങളും ഇപ്പോഴും നിശബ്ദ നിദ്രയിലാണ്.
‘ജാതിഭേദമില്ലാതെ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഇപ്പോള്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ട്. പക്ഷേ ജാതി കോയ്മ ഇപ്പോഴും നിലനില്ക്കുന്നു. അവര്‍ണ വര്‍ഗത്തില്‍ നിന്ന് പൂജ ചെയ്യാന്‍ ആരുമില്ല. അതുപോലെ ജാതി തിരിഞ്ഞാണ് അഷ്ടമിയുത്സവം പോലും. ജാതി തിരിഞ്ഞ് നായരും ഈഴവരും പുലയരും ധീവരരും വിശ്വകര്‍മ്മജരും താലപ്പൊലി നടത്തുന്നു.സത്യഗ്രഹത്തിന്റെ ഒരുമ കൈമോശം വന്നിരിക്കുന്നു.