ഡല്‍ഹി: സ്ത്രീ സുരക്ഷയ്ക്ക് മുഖ്യപ്രാധാന്യമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും രാജ്യത്ത് രണ്ടു വര്‍ഷത്തിനിടെ പത്ത് ലക്ഷത്തിലധികം സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതായതായി റിപ്പോര്‍ട്ട്. 2019 മുതല്‍ 2021 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ അടിസ്ഥാനത്തില്‍ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തുവിട്ടത്. 2021ല്‍ മാത്രം രാജ്യത്തുടനീളം 18 വയസിന് മുകളിലുള്ള 3,75,058 സ്ത്രീകളെ കാണാതായി.
2019-2021 കാലയളവില്‍ മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളെ കാണാതായത്. മധ്യപ്രദേശില്‍ നിന്ന് 2019-ല്‍ 52,119 സ്ത്രീകളും 2020-ല്‍ 52,357-ഉം 2021-ല്‍ 55,704-ഉം സ്ത്രീകള്‍ അപ്രത്യക്ഷമായി. മഹാരാഷ്ട്രയില്‍ 2019-ല്‍ 63,167 സ്ത്രീകളും 2020-ല്‍ 58,735-ഉം 2021-ല്‍ 56,498-ഉം സ്ത്രീകളെയും കാണാതായി. 2021-ല്‍ 90,113 പെണ്‍കുട്ടികളെ (18 വയസ്സിന് താഴെയുള്ളവര്‍) കാണാതായി, ഏറ്റവും കൂടുതല്‍ പശ്ചിമ ബംഗാളില്‍ നിന്നാണ് (13,278). 2019 മുതല്‍ 2021 വരെ രാജ്യത്തുടനീളം 10,61,648 സ്ത്രീകളാണ് അപ്രത്യക്ഷമായത്. ഇതേ കാലയളവില്‍ 2,51,430 പെണ്‍കുട്ടികളെ കാണാതായി.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ അന്വേഷണവും പ്രോസിക്യൂഷനും ഉള്‍പ്പെടെ ക്രമസമാധാനം നിലനിര്‍ത്തേണ്ടത് അതത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ ഫലപ്രദമായ നടപടിയെടുക്കാന്‍ 2013 ലെ ക്രിമിനല്‍ ലോ (ഭേദഗതി) നിയമം നടപ്പാക്കുന്നത് ഉള്‍പ്പെടെ സ്ത്രീകളുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികളെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍നിന്ന് 41,621 സ്ത്രീകളെ കാണാതായതായി നേരത്തെ എന്‍സിആര്‍ബി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടിന് പിന്നാലെ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള ചര്‍ച്ചകളും സജീവമായിരുന്നു. സ്ത്രീകളെ മനുഷ്യക്കടത്തിന് ഉപയോഗിക്കുന്നുവെന്നും പദവിയില്‍ ഇരിക്കുമ്പോള്‍ ഇത്തരം കേസുകള്‍ ശ്രദ്ധയില്‍ പെട്ടുവെന്നും പറഞ്ഞ് ഗുജറാത്ത് പോലീസ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജന്‍ പ്രിയദര്‍ശി രംഗത്തെത്തിയിരുന്നു. ഇന്ത്യ മനുഷ്യക്കടത്ത് തടയുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങള്‍ പോലും പാലിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2022ലെ ഹ്യൂമന്‍ ട്രാഫിക്കിങ് റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.