സ്‌കൂള്‍ ജിം തകര്‍ന്ന് ചൈനയില്‍ 11 മരണം; വനിതാ വോളിബോള്‍ ടീമും പരിശീലകനുമാണ് അപകടത്തില്‍പ്പെട്ടത്

സ്‌കൂള്‍ ജിം തകര്‍ന്ന് ചൈനയില്‍ 11 മരണം; വനിതാ വോളിബോള്‍ ടീമും പരിശീലകനുമാണ് അപകടത്തില്‍പ്പെട്ടത്

ബീജിങ്: ചൈനയില്‍ സ്‌കൂളിലെ ജിം തകര്‍ന്ന് 11 പേര്‍ മരിച്ചു. ചൈനയിലെ ക്വിഖിഹാര്‍ നഗരത്തിലെ സ്‌കൂള്‍ ജിംനേഷ്യമാണ് തകര്‍ന്നത്. ജിംനേഷ്യത്തിന്റെ മേല്‍ക്കുരയാണ് തകര്‍ന്നുവീണത്. മേല്‍ക്കൂരയില്‍ അനധികൃതമായി സാധനങ്ങള്‍ കുത്തിനിറച്ചതാണ് മേല്‍ക്കൂര തകരാന്‍ കാരണമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ക്വിഖിഹാറിലെ ലോംഗ്ഷ ജില്ലയിലെ 34ാം നമ്പര്‍ മിഡില്‍ സ്‌കൂളില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. ഈ സമയം സ്‌കൂളിലെ വനിതാ വോളിബോള്‍ ടീം പരിശീലനം നടത്തുകയായിരുന്നെന്ന് പ്രദേശവാസികളിലൊരാള്‍ ചൈനാ യൂത്ത് ഡെയ്‌ലിയോട് പറഞ്ഞു.
അപകടം നടക്കുമ്പോള്‍ ജിംനേഷ്യത്തില്‍ 19 പേരുണ്ടായിരുന്നു. നാല് പേര്‍ രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വിദ്യാര്‍ത്ഥിനികള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നഗരത്തിന് പുറത്ത് മറ്റൊരു മത്സരം കഴിഞ്ഞ് സ്‌കൂളിലേക്ക് എത്തിയതേ ഉണ്ടായിരുന്നൊള്ളൂ. മരിച്ച കുട്ടികള്‍ പ്രായപൂര്‍ത്തിയായവരാണോയെന്ന് വ്യക്തമല്ല. ടീമിന്റെ പരിശീലകനും അപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ പൂര്‍ണമായും തകര്‍ന്ന മേല്‍ക്കൂര കാണാം. വലിയ ക്രെയിനുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കഴിഞ്ഞ ആഴ്ചയൊടുവില്‍ ഈ മേഖലകളില്‍ അതിതീവ്ര മഴ പെയ്തതായി റിപ്പോര്‍ട്ടുണ്ട്. പിന്നാലെ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും കനത്ത നാശനഷ്ടങ്ങള്‍ക്കും കാരണമായി. ജിംനേഷ്യത്തിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനിടെ, തൊഴിലാളികള്‍ ജിംനേഷ്യത്തിന്റെ മേല്‍ക്കൂരയില്‍ ജലാംശം കൂടുതലുള്ളതും വെള്ളം ആഗിരണം ചെയ്യാന്‍ കഴിയുന്നതുമായ പെര്‍ലൈറ്റ് എന്ന ധാതു നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. മഴ പെയ്തപ്പോള്‍ പെര്‍ലൈറ്റ് വെള്ളം നിറഞ്ഞ് കുതിര്‍ന്ന് ഭാരം കൂടുകയും മേല്‍ക്കൂര തകരുകയും ചെയ്താണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *