ചാലക്കര പുരുഷു
മാഹി: കേരളക്കരയില്‍ കുടുംബശ്രീ പോലുള്ള ജനകീയ പ്രസ്ഥാനങ്ങള്‍ പാവപ്പെട്ടവര്‍ക്ക് അത്യാവശ്യത്തിന് ധനസഹായം ലഭ്യമാക്കാന്‍ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ച് കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, കുടുംബശ്രീകളുടെ മറവില്‍ മയ്യഴിയുടെ വിവിധ ഭാഗങ്ങളില്‍ കഴുത്തറപ്പന്‍ ബ്ലേഡ് മാഫിയകള്‍ തഴച്ചുവളരുന്നു. ഒരു ലക്ഷം രൂപ വാങ്ങിയാല്‍ പതിനായിരം രൂപ പ്രതിമാസ പലിശ നല്‍കണം. കുടുംബശ്രീകളാവട്ടെ ഒരു ലക്ഷത്തിന് ആഴചയില്‍ 4000 രൂപയാണ് പലിശയിനത്തില്‍ ഈടാക്കുന്നത്. പുരുഷന്മാരുടെ പിന്‍ബലമുണ്ടെങ്കിലും സ്ത്രീകളാണ് കൊള്ള പലിശക്ക് പണം കൈമാറുന്നത്. കടമെടുത്ത് പലിശ കയറി ഒടുവില്‍ ഗത്യന്തരമില്ലാതെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി വീടും പറമ്പും കഴിഞ്ഞ ദിവസം ഒരു പ്രവാസി കുടുംബത്തിന് കിട്ടിയ വിലയ്ക്ക് വില്‍ക്കേണ്ടി വന്നു. എന്നിട്ടും കടം വീട്ടാനാവാതെ ആ കുടുംബമാകെ, കൂലിപ്പണി തേടി തെക്കന്‍ കേരളത്തിലേക്ക് സ്ഥലം വിട്ടിരിക്കുകയാണ്.
ഇതേ വീടിനടുത്ത് മറ്റൊരു വീടും കൊള്ളപ്പലിശ കൊടുക്കാനാവാതെ ചുളുവിലയ്ക്ക് വില്‍ക്കേണ്ടി വന്നിരിക്കുകയാണ്. പലരും കടക്കെണിയില്‍ കരുങ്ങി ആത്മഹത്യാമുനമ്പിലാണുള്ളത്. പന്തക്കല്‍, ചാലക്കര, ഈസ്റ്റ് പളളൂര്‍, കോയ്യോട്ട് തെരു, മയ്യഴി കടലോര മേഖല എന്നിവിടങ്ങളിലെല്ലാം ബ്ലേഡ് മാഫിയകള്‍ തഴച്ചുവളരുകയാണ്.
നികുതിയിളവുകളുടേയും, സുരക്ഷാ ബോധത്തിന്റെയും പിന്‍ബലത്തില്‍ വിവിധ മാഫിയസംഘങ്ങളുടെ വിളനിലമായി മയ്യഴി ത്വരിതഗതിയില്‍ മാറുന്നു.
മറുവശത്ത് നൂതനമായ രാസ ലഹരി വസ്തുക്കളുടെയെല്ലാം സിരാ കേന്ദ്രമായി മയ്യഴി മേഖലയാകെമാറുകയാണ്. സാധാരണക്കാര്‍ ഏറെ ആശങ്കകളോടെയാണ് മാറിക്കൊണ്ടിരിക്കുന്ന മയ്യഴിയെ ഭീതിയോടെ നോക്കിക്കാണുന്നത്. സംസ്ഥാന-അന്തര്‍ സംസ്ഥാന മാഫിയാ സംഘങ്ങള്‍ കേന്ദ്ര ഭരണ പ്രദേശമായ മയ്യഴിയില്‍ ആധിപത്യമുറപ്പിക്കുകയാണ്. നിയമങ്ങളും, ചട്ടങ്ങളുമെല്ലാം ഇവര്‍ക്ക് മുന്നില്‍ വഴിമാറുന്നു. ഹാന്‍സ്, പാന്‍പരാഗ് തുടങ്ങിയവ തൊട്ട് കഞ്ചാവ് വരെയുള്ള ലഹരി വസ്തുക്കള്‍ ആന്ധ്ര, ബീഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ഭാണ്ഡക്കെട്ടുകളിലാക്കിയാണ്, ആരാലും ശ്രദ്ധിക്കപ്പെടാത്ത നിലയില്‍ മയ്യഴിയിലെത്തിക്കുന്നത്. മാഹി മേഖലയിലെ ഒട്ടുമിക്ക സ്റ്റേഷനറി കടകളിലെല്ലാം ലഹരി വസ്തുക്കള്‍ വില്‍പ്പനക്കുണ്ട്. പൊലീസ് വല്ലപ്പോഴും പിടികൂടും.
ദുര്‍ബ്ബലമായ നിയമത്തിന്റെ പിന്‍ബലത്തില്‍ 100 രൂപ പിഴയടച്ച് രക്ഷപ്പെടും. ഇത് ആവര്‍ത്തിക്കപ്പെടുകയും ചെയ്യും. മംഗലാപുരത്തും, ബാംഗ്‌ളൂരിലും പഠിക്കുന്ന മയ്യഴിയിലും പരിസര പ്രദേശങ്ങളിലുമുള്ള ചില വിദ്യാര്‍ത്ഥികളാണ് എം.ഡി.എം.എ പോലുള്ള നൂജന്‍ ലഹരി വസ്തുക്കള്‍ മയ്യഴിയിലെത്തിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഇത്തരം നാല് കേസ്സുകളാണ് പിടിക്കപ്പെട്ടത്. വന്‍തോതിലുള്ള ഒരു കഞ്ചാവ് വേട്ടയുമുണ്ടായി. ഇവയിലെല്ലാം കരിയര്‍മാരും വിതരണക്കാരുമായുള്ളത് മെഡിസിനും, എഞ്ചിനിയറിംഗിനുമടക്കം പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന 24 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികളാണ്. ക്യാമ്പസുകളില്‍ പ്രണയത്തോടൊപ്പമാണ് ലഹരിയും കടന്നു വരുന്നത്. പിന്നീട് ഇവര്‍ ലഹരിക്ക് അടിമകളാകും. മൊബൈല്‍ ഫോണും ബൈക്കുമുപയോഗിച്ചാണ് ആവശ്യക്കാര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്നത്. ലഹരി ഉപയോഗിക്കുന്ന കുട്ടികള്‍ തന്നെയാണ് ഇവയുടെ കരിയര്‍മാരും വില്‍പ്പനക്കാരുമെന്ന് കാണാം. വിനോദ സഞ്ചാരമെന്ന പേരില്‍ കാറില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ലഹരി വസ്തുക്കള്‍, തങ്ങള്‍ക്ക് ആവശ്യമുള്ളവ മാറ്റി വെച്ച് ബാക്കി ചെറു പായ്ക്കറ്റുകളിലാക്കി വലിയ വിലയ്ക്ക് വിറ്റ് ലാഭമുണ്ടാക്കും. ചിലവില്ലാതെ ലഹരി നുണയാം, പണവും സമ്പാദിക്കാം.
ഒരു ലിറ്ററിന് 14 രൂപയുടെ വിലക്കുറവുള്ള മാഹിയില്‍ ഇപ്പോള്‍ പെട്രോള്‍-ഡീസല്‍ കടത്തും പൊടിപൊടിക്കുകയാണ്. 9 ചതുരശ്ര കിലോമീറ്ററിനുള്ളില്‍ 16 പെട്രോള്‍ പമ്പുകളുണ്ട്. ഒരു ടാങ്കറില്‍ ഇന്ധനം കടത്തിയാല്‍ ഒറ്റയടിക്ക് ഒന്നര ലക്ഷം കൈയ്യില്‍ വരും. മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ മാഹിക്ക് ചുറ്റിലും ഹൈവേ നിര്‍മ്മിച്ചു കൊണ്ടിരിക്കെ, വലിയ ടോറാ ടിപ്പറില്‍ 30 വീപ്പകള്‍ നിരത്തിവെച്ച് 6000 ലിറ്റര്‍ വരെ പെട്രോള്‍ കടത്തുകയാണ്. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വാഹനമാണെന്നേ ധരിക്കുകയുള്ളൂ. ചെറുകിട വാഹനങ്ങള്‍ തൊട്ട് ടാങ്കര്‍ ലോറികള്‍ വരെ കടത്തില്‍ സജീവമാണ്. കടല്‍ വഴിയുള്ള ഇന്ധനകടത്തിലും നിരവധി ചെറുപ്പക്കാരുടെ ഗ്രൂപ്പുകള്‍ സജീവമാണ്.
ലൈസന്‍സോ, നികുതിയോനല്‍കാതെ നിരവധി പൂഴിക്കടത്ത് കേന്ദ്രങ്ങള്‍ മയ്യഴിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാമൂലുകള്‍ എല്ലാറ്റിനും പരിരക്ഷയേകുന്നു. പതിനഞ്ചോളം പൂഴി വില്‍പ്പന കേന്ദ്രങ്ങള്‍ മാഹിയിലുണ്ട്. നോക്കുന്നിടത്തെല്ലാം പെട്രോള്‍ പമ്പുകളും മദ്യഷാപ്പുകളുമുള്ള മാഹിയില്‍ ആയിരക്കണക്കിന് അപരിചിതര്‍ നിത്യേന വന്നെത്തുന്നുണ്ട്. ഇത്തരക്കാര്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യില്ല. ഇവിടം കേന്ദ്രീകരിച്ചാണ് എല്ലാ ഇടപാടുകളും നടക്കുന്നത്. ഏത് തരംമാഫിയകള്‍ക്കും തഴച്ചുവളരുന്നുള്ള വളക്കൂറുള്ള മണ്ണായി മയ്യഴി മാറുകയാണ്.
അധികൃതരെ എളുപ്പത്തില്‍ സ്വാധീനിക്കാനാവുമെന്നത് മറ്റൊരു കാരണം. മുഖ്യധാരാ രാഷ്ട്രീയ ‘പാര്‍ട്ടികള്‍ ലഹരിക്കെതിരെ പൊതുവേദികളില്‍ പ്രതികരിക്കാറുണ്ടെങ്കിലും, അണികളില്‍ പലരും ലഹരി വിപണിയുടെ വക്താക്കള്‍ ആണന്നത് പച്ചയായ യാഥാര്‍ത്ഥ്യം. രാഷ്ട്രീയത്തിന്റെ പിന്‍ബലത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. പിടിക്കപ്പെട്ടാല്‍ ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയക്കാര്‍ ഇടപെടും. ഇവര്‍ക്ക് നിയമ സഹായം ചെയ്യുന്നതും പതിവാണ്. പൊലീസിന്റേയും, സാമൂഹ്യ-രാഷ്ട്രിയ സംഘടനകളുടേയും ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ ഉണ്ടായാല്‍ മാത്രമേ, വരും തലമുറയെയെങ്കിലും രക്ഷപ്പെടുകയുള്ളൂ. ലഹരിയും, നികുതി വെട്ടിപ്പും, ബ്ലേഡുകളുമെല്ലാം ചേര്‍ന്ന് മയ്യഴിയെ അധോലോകത്തിന്റെ കൈപ്പിടിയിലൊതുക്കുകയാണ്.