പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം യോഗം ഇന്ന് ബംഗളൂരുവില്‍, 24 പാര്‍ട്ടികള്‍ പങ്കെടുക്കും

പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം യോഗം ഇന്ന് ബംഗളൂരുവില്‍, 24 പാര്‍ട്ടികള്‍ പങ്കെടുക്കും

ബംഗളൂരു: 2024ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ബി.ജെ.പിക്കെതിരേ വിശാല സഖ്യത്തിനായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാംയോഗം ഇന്നും നാളെയുമായി ബംഗളൂരുവില്‍ ചേരും. പട്‌നയില്‍ ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയാണ് കോണ്‍ഗ്രസ് ആതിഥ്യമരുളുന്ന ബംഗളൂരു യോഗം. ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സോണിയ ഗാന്ധി ഒരുക്കുന്ന അത്താഴവിരുന്നോടെയാണ് യോഗത്തിന് തുടക്കമാവുക. പട്‌ന യോഗത്തില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് മാത്രമായിരുന്നു ക്ഷണമെങ്കില്‍, ഇത്തവണ പ്രാദേശിക പാര്‍ട്ടികള്‍ ഉള്‍പ്പെടെ 24 പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ട്.
ഡല്‍ഹി ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ എ.എ.പിയും യോഗത്തിനെത്തും. വൈകിട്ട് ആറ് മണി മുതല്‍ എട്ട് മണി വരെ ആദ്യയോഗം നടക്കും. തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നില്‍ നേതാക്കള്‍ പങ്കെടുക്കും.

നാളെ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാല് മണി വരെയാണ് പ്രധാന യോഗം. സഖ്യത്തിന് പേര് നല്‍കുന്നതിലടക്കം നാളെ തീരുമാനമുണ്ടാകും. സീറ്റ് വിഭജനത്തിലും പ്രാഥമിക ചര്‍ച്ചയുണ്ടാകും. ഏക സിവില്‍ കോഡ്, എന്‍സിപിയിലെ പിളര്‍പ്പ് എന്നീ വിഷയങ്ങളില്‍ എടുക്കേണ്ട നിലപാടില്‍ യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് മൂന്ന് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ഒരു പൊതു അജണ്ടയോടെ പ്രവര്‍ത്തിക്കേണ്ടതെങ്ങനെ എന്നതിലാകും ചര്‍ച്ചകളില്‍ ഊന്നല്‍ നല്‍കുക.

നാല് മണിക്ക് ശേഷം പ്രതിപക്ഷനേതൃനിരയിലെ നേതാക്കള്‍ സംയുക്തമായി വാര്‍ത്താസമ്മേളനം നടത്തും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഡിഎംകെ, തൃണമൂല്‍, ജെഡിയു, ആര്‍ജെഡി, എന്‍സിപി, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ എന്നിങ്ങനെ ഇന്ന് ഉച്ചയോടെ മമതാ ബാനര്‍ജി, നിതീഷ് കുമാര്‍, തേജസ്വി യാദവ്, അഖിലേഷ് യാദവ്, എം കെ സ്റ്റാലിന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ ബെംഗളുരുവില്‍ എത്തിച്ചേരും.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും അടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ എത്തും. രാവിലെ 11 മണിക്ക് യോഗനടപടികള്‍ വിശദീകരിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ വേണ്ട തന്ത്രങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ വേണമെന്ന അടിസ്ഥാനത്തില്‍ പ്രാദേശി നേതൃത്വങ്ങളെയും യോഗത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്(ജെ), ആര്‍.എസ്.പി, വൈകോയുടെ എംഡിഎംകെ, ഫോര്‍വേര്‍ഡ് ബ്ലോക്ക്, കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷി, വിടുതലൈ ചിരുതൈകള്‍ കക്ഷി, മുസ്‌ലിം ലീഗ് എന്നീ പ്രാദേശിക കക്ഷികളെയാണ് യോഗത്തിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ക്ഷണിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ കുര്‍മി സമുദായത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ അപ്ന ദള്‍, തമിഴ്നാട്ടില്‍ നിന്നുള്ള മനിതനേയാ മക്കള്‍ കക്ഷി എന്നീ കക്ഷികള്‍ക്കും ക്ഷണമുണ്ട്. ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ച സാഹചര്യത്തില്‍ ആം ആദ്മി പാര്‍ട്ടിയും യോഗത്തില്‍ പങ്കെടുക്കും. ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ഞായറാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *