പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ഉടന്‍ സമഗ്ര വിലയിരുത്തലുണ്ടാകുമെന്നും ഇത്തവണ പ്ലസ് വണ്‍കാര്‍ക്ക് 50 അധിക അധ്യയന ദിവസങ്ങള്‍ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു യോഗം കൂടി ചേരും. പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.
പ്രഖ്യാപിച്ച തീയതിയില്‍ തന്നെ പരീക്ഷാഫലം പ്രസിദ്ധികരിക്കാനും പ്രഖ്യാപിച്ച തീയതിയില്‍ തന്നെ ക്ലാസ് തുടങ്ങാനുമായി. ഇതുകൊണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് 50 അധിക അധ്യയന ദിവസങ്ങള്‍ ലഭിക്കും. ഹയര്‍ സെക്കന്‍ഡറി മെറിറ്റ് സീറ്റില്‍ 2,63,380 പേരും സ്പോര്‍ട്സ് ക്വാട്ടയില്‍ 4026 പേരും കമ്മ്യൂണിറ്റി ക്വാട്ടയില്‍ 19,901 പേരും മാനേജ്മെന്റ് ക്വാട്ടയില്‍ 20431 പേരും അണ്‍ എയ്ഡഡ് ക്വാട്ടയില്‍ 12,945 പേരും അടക്കം 3,20,683 പേര്‍ പ്രവേശനം നേടിയിട്ടുണ്ട്. സപ്ലിമെന്ററി അലോട്ട്മെന്റ് ഒഴിവുകള്‍ അപേക്ഷാ സമര്‍പ്പണം ജൂലൈ 8 മുതല്‍ 12 വരെയാണ്.