കെ.സുധാകരന്റെ അറസ്റ്റ്: സംസ്ഥാനത്ത് കെ.പി.സി.സി ഇന്ന് കരിദിനം ആചരിക്കും

കെ.സുധാകരന്റെ അറസ്റ്റ്: സംസ്ഥാനത്ത് കെ.പി.സി.സി ഇന്ന് കരിദിനം ആചരിക്കും

പന്തം കൊളുത്തി പ്രകടനവും സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തും

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ന് സംസ്ഥാനവ്യാപകമായി കെ.പി.സി.സി കരിദിനം ആചരിക്കും. കൂടാതെ ബൂത്ത് തലം മുതല്‍ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികള്‍ നടക്കും. വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തും.കെ സുധാകരനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
പ്രതിഷേധ പ്രകടനങ്ങളില്‍ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. കെ.സുധാകരന്റെ അറസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്. പാറ്റ്‌നയില്‍ പ്രതിപക്ഷ സഖ്യ ചര്‍ച്ചയുണ്ടായ ദിവസം തന്നെ കെ.പി.സി.സി പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് ബി.ജെ.പിയെ സുഖിപ്പിക്കാനെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. പ്രതികാര രാഷ്ട്രീയം സി.പി.എമ്മിനെ നാശത്തിലേക്ക് നയിക്കുമെന്നും വേണുഗോപാല്‍ പ്രതികരിച്ചു.

ദേശീയ തലത്തില്‍ പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കുമ്പോള്‍ മുണ്ടുടുത്ത മോദിയെന്ന് തെളിയിക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശും കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ തെറ്റായ നടപടികള്‍ക്ക് ജനഹിതത്തിലൂടെയും നീതിന്യായ വ്യവസ്ഥയിലൂടെയും മറുപടി നല്‍കുമെന്നും എ.ഐ.സി.സിയും ട്വീറ്റ് ചെയ്തു. ഇന്നലെ രാത്രി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചിരുന്നു.

കെ.സുധാകരനെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കേസില്‍ സുധാകരനെതിരേ തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. താന്‍ നിരപരാധിയാണെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു. 25 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പില്‍ പരാതിക്കാര്‍ പണം കൈമാറിയ 2018 നവംബര്‍ 22 ഉച്ചക്ക് രണ്ട് മണിക്ക് മോന്‍സന്റെ വീട്ടില്‍ കെ.സുധാകരന്റെ സാന്നിദ്ധ്യം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളായിരുന്നു ക്രൈംബ്രാഞ്ചിന്റെ പിടിവള്ളി. ചികിത്സക്ക് അന്നേ ദിവസം മോന്‍സനെ കണ്ടു എന്ന് കെ.സുധാകരന്‍ സമ്മതിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *