എയര്‍ ഇന്ത്യ എക്‌സ്പ്രസ് സൗജന്യ സ്‌നാക്‌സ് ബോക്‌സ് വിതരണം നിര്‍ത്തി; പ്രവാസികള്‍ക്ക് തിരിച്ചടിയാകും

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സൗജന്യ സ്‌നാക്‌സ് ബോക്‌സ് വിതരണം നിര്‍ത്തി; പ്രവാസികള്‍ക്ക് തിരിച്ചടിയാകും

ഇനി പണം നല്‍കണം

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന സൗജന്യ ലഘുഭക്ഷണ കിറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിലാക്കി. ഇനി മുതല്‍ പണം നല്‍കി ഭക്ഷണം വാങ്ങണമെന്നാണ് നിര്‍ദേശം. സ്വകാര്യവല്‍ക്കരണത്തിന് ശേഷം വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയത്. പ്രവാസികള്‍ക്ക് സൗജന്യമായി ലഘുഭക്ഷണ കിറ്റ് സര്‍വീസ് തുടങ്ങിയ കാലം മുതല്‍ നല്‍കിയിരുന്നു. ഇന്നു മുതല്‍ ഇനി സൗജന്യ കിറ്റ് വിതരണം ചെയ്യേണ്ടെന്ന് എയര്‍ ഇന്ത്യ സി.ഇ.ഒ നിര്‍ദേശം നല്‍കി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭക്ഷണം ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുത്ത് പണമടക്കാം. അല്ലെങ്കില്‍ വിമാനത്തിനുള്ളില്‍ പണം നല്‍കിയും യാത്രക്കാര്‍ക്ക് ഭക്ഷണം വാങ്ങാം. ഇടക്കിടെ ടിക്കറ്റ് നിരക്ക് കൂട്ടുന്നതിന് പിന്നാലെ സൗജന്യമായി നല്‍കിയിരുന്ന ലഘുഭക്ഷണ കിറ്റും നിര്‍ത്തിയത് പ്രവാസികള്‍ക്കേറ്റ തിരിച്ചടിയാണ്.
ടാറ്റ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഏറ്റെടുത്തത്തിന് ശേഷം വരുമാനം വര്‍ധന ലക്ഷ്യമിട്ടാണ് പുതിയ നീക്കങ്ങള്‍. ക്യാബിന്‍ ക്രൂവിന് ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ പ്രത്യേക മുറികളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കിയിരുന്നത്. ഇത് നിര്‍ത്തലാക്കി എയര്‍ ഇന്ത്യ എക്‌സപ്രസ് സി.ഇ.ഒ അലോക് സിംഗ് ഉത്തരവിറക്കിയിരുന്നു.
ഡെപ്യൂട്ടി മാനേജര്‍ വരെയുള്ള ജീവനക്കാരില്‍ രണ്ടു പേര്‍ ഒരു മുറിയില്‍ താമസിക്കണമെന്നാണ് പുതിയ തീരുമാനം. ഇതിനെതിരെ ജീവനക്കാര്‍ ഡല്‍ഹിയിലെ ലേബര്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ദീര്‍ഘനേരം വിമാനയാത്ര ചെയ്യുന്ന ജീവനക്കാര്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാത്തത് മികച്ച സേവനത്തെയും സുരക്ഷയെയും ബാധിക്കുമെന്നാണ് ജീവനക്കാരുടെ വാദം. ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സി.ഇ.ഒ വിളിച്ച യോഗത്തിലും തീരുമാനമുണ്ടായില്ല. സൗജന്യ ഭക്ഷണം നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരേ കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കുമെന്ന് പ്രവാസി സംഘടനകള്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *