കോഴിക്കൃഷി: മഴക്കാലത്ത് ശ്രദ്ധിക്കേണ്ടവ

കോഴിക്കൃഷി: മഴക്കാലത്ത് ശ്രദ്ധിക്കേണ്ടവ

മഴക്കാലം തുടങ്ങുന്നതോടെ കോഴികളിലും വിവിധതരം രോഗങ്ങള്‍ക്കും തുടക്കമാകും. അതുകൊണ്ട് മഴക്കാലത്തിന് മുന്നേ ഒരുക്കങ്ങള്‍ നടത്താന്‍ കോഴിക്കര്‍ഷകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വിവിധതരം അണുബാധ, പരാദബാധ, പൂപ്പല്‍വിഷബാധ എന്നിവ കാരണം കോഴികള്‍ക്ക് ശ്വാസകോശ രോഗങ്ങള്‍, വയറിളക്കം, വസൂരി തുടങ്ങിയ അസുഖങ്ങള്‍ പിടിപെട്ട് ജീവനാശം സംഭവിക്കാം.

മഴക്കാലത്തിന് മുന്നേ ഒരുക്കാം

1) കൂടിന്റെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കണം. കോഴിക്കൂടിന്റെയും തീറ്റ സൂക്ഷിക്കുന്ന മുറിയുടെയും മേല്‍ക്കൂര പരിശോധിച്ച് ചോര്‍ച്ചയില്ലെന്ന് ഉറപ്പ് വരുത്തണം. മഴചാറ്റല്‍ കൂടിനുളളില്‍ വീഴുന്നതൊഴിവാക്കാന്‍, മേല്‍ക്കൂരയുടെ ഇറമ്പ്/ചായ്പ്പ് ഏകദേശം 2-3 അടി പുറത്തേയ്ക്ക് ചരിച്ച് നീട്ടി നല്‍കണം. കൂടിന്റെ തറയിലൊ ചുവരിലൊ കുഴികളോ വിളളലോ ഉണ്ടെങ്കില്‍ അതു വഴി എലി,പാമ്പ് മുതലായ ജന്തുക്കള്‍ പ്രവേശിക്കാതിരിക്കാന്‍ കോണ്‍ക്രീറ്റ് ചെയ്ത് അടയ്ക്കണം.
2) കൂടിനരികിലുള്ള മരങ്ങളുടെ ചാഞ്ഞു കിടക്കുന്ന ശിഖരങ്ങള്‍ മുറിച്ചു മാറ്റണം.
3) കൂടിന്റെ പരിസരം വൃത്തിയാക്കണം. മഴവെളളം കെട്ടി നിന്ന് കൊതുക് ശല്യമുണ്ടാകുന്നത് ഒഴിവാക്കാന്‍, നിലം ചെറിയ ചരിവ് നല്‍കി നിര്‍മിക്കാനും, ചുറ്റുമുളള ഓട സംവിധാനം ,കുറ്റിക്കാട് വൃത്തിയാക്കാനും ശ്രദ്ധിക്കണം.
4) മഴക്കാലത്ത് ഈര്‍പ്പം കാരണം കോഴിത്തീറ്റയില്‍ പൂപ്പല്‍ബാധ ഉണ്ടാകാനും തീറ്റ കേടാകാനുമുളള സാധ്യത കൂടുതലായതിനാല്‍ ഏകദേശം രണ്ടാഴ്ചക്കാലത്തേയ്ക്ക് ആവശ്യമുളള തീറ്റ മാത്രം സംഭരിക്കാന്‍ ശ്രദ്ധിക്കണം.
5) കോഴികളുടെ പ്രായമനുസരിച്ച് കോഴിവസന്ത, ഐ.ബി.ഡി, കോഴിവസന്ത എന്നീ അസുഖങ്ങള്‍ക്കെതിരെയുളള പ്രതിരോധ മരുന്നുകള്‍ കൃത്യമായി നല്‍കണം.
അടുക്കള മുറ്റത്തെ കോഴികള്‍ക്ക് 3 മാസത്തിലൊരിക്കല്‍ വിര മരുന്ന് നല്‍കണം.
6) കോഴിപ്പേന്‍ ശല്യമുണ്ടെങ്കില്‍ ബാഹ്യപരാദനാശിനികള്‍ വെറ്ററിനറി സര്‍ജന്റെ നിര്‍ദ്ദേശാനുസരണം കോഴികളുടെ പുറത്തും കൂട്ടിലും പ്രയോഗിക്കണം.
7) വിരിപ്പ് രീതിയിലാണ് കോഴികളെ വളര്‍ത്തുന്നതെങ്കില്‍, കേടായ വിരിപ്പ് മാറ്റി വിരിക്കുന്നതിന് ആവശ്യമായ അളവില്‍ വസ്തുക്കള്‍ സംഭരിച്ചു വയ്ക്കണം.
8) ഓട്ടോമാറ്റിക്ക് നിപ്പിള്‍ ഡ്രിങ്കര്‍ സംവിധാനമുളള കൂടുകളില്‍ ചോര്‍ച്ചയുളള നിപ്പിള്‍ ഉടനടി മാറ്റാന്‍ ശ്രദ്ധിക്കണം.

കോഴികളുടെ മഴക്കാല പരിചരണം
1) കൂടിനകം നനയാതെയും, അതേ സമയം ആവശ്യത്തിന് വായുസഞ്ചാരവും ഉറപ്പ് വരുത്തണം. ഇല്ലെങ്കില്‍ കൂടിനുളളില്‍ അമോണിയഗന്ധം ഉല്‍പാദനം വര്‍ദ്ധിക്കുകയും തുടര്‍ന്ന് കോഴികളുടെ പ്രതിരോധശക്തിയും ഉല്‍പാദനക്ഷമത കുറയാനും ഇടവരും . കൂടാതെ നനവുളള വിരിപ്പ് കാരണം കോഴികളില്‍ വിവിധതരം അണുക്കള്‍ വഴി വയറിളക്കം, ശ്വാസകോശ രോഗങ്ങള്‍, ഈച്ചകള്‍ മുട്ടയിട്ട് പുഴുവരിക്കാനും സാഹചര്യമൊരുക്കും. വിരിപ്പ് രീതിയിലാണ് കോഴികളെ വളര്‍ത്തുന്നതെങ്കില്‍ നനവ് തട്ടി വിരിപ്പ് കട്ട പിടിക്കാതിരിക്കാന്‍ ആഴ്ചയില്‍ രണ്ട് തവണ കുമ്മായം വിതറി വിരിപ്പ് ഇളക്കണം ( 100 ച.തു.അടി വിരിപ്പിന് ഏകദേശം 500 ഗ്രാം കുമ്മായം പൊടി മതിയാകും). ഇപ്രകാരം ചെയ്തിട്ടും കൂടിനുളളില്‍ അമോണിയ ഗന്ധം നിലനില്‍ക്കുന്നെങ്കില്‍, നനവ് തട്ടി കട്ടപിടിച്ച വിരിപ്പ് ഭാഗങ്ങള്‍ മാറ്റി, പുതിയത് വിരിച്ച്, 4:1 എന്ന അനുപാതത്തിലെ മരക്കരി സൂപ്പര്‍ ഫോസ്‌ഫേറ്റ് മിശ്രിതം 100 ച.തു.അടിക്ക് 5 കിലോ എന്ന അളവില്‍ വിതറി ഇളക്കുന്നത് അമിതമായ അമോണിയ ഉല്‍പാദനം തടയും.
2) കോഴികള്‍ക്ക് ശുദ്ധീകരിച്ച കുടിവെളളം സദാ ലഭ്യമാക്കണം. കനത്ത മഴയുളളപ്പോള്‍ കുടിവെളള ശ്രോതസ്സുകള്‍ മലിനമാകാനുള്ള സാധ്യത കൂടുതലാണ്. മലിനജലം വഴി കോളിബാസില്ലോസിസ് , വിരബാധ, വയറിളക്കം തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ കോഴികളില്‍ ഉണ്ടാകും. അതിനാല്‍ കര്‍ഷകരുടെ കിണറിലോ ജലസംഭരണി ടാങ്കിലോ ഉളള വെളളം 35% ക്ലോറിന്‍ അടങ്ങിയ ബ്ലീച്ചിംഗ് പൗഡര്‍ അല്ലെങ്കില്‍ വിപണിയില്‍ ലഭ്യമായ ജലശുദ്ധീകരണ ലായനികള്‍ ഉപയോഗിച്ച് ശുദ്ധീകരിക്കാം. ( 1000 ലിറ്റര്‍ വെളളത്തിന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ സാധാരണ അവസരങ്ങളില്‍ മതിയാകും. എന്നാല്‍ പകര്‍ച്ചവ്യാധികള്‍ ഉളള സമയത്ത് , ബ്ലീച്ചിംഗ് പൗഡറിന്റെ അളവ് ഇരട്ടിയാക്കണം 5 ഗ്രാം )
3) കോഴിത്തീറ്റ വൃത്തിയുളളതും ഈര്‍പ്പരഹിതവുമായ, തറനിരപ്പില്‍ നിന്നും ഉയര്‍ന്ന പ്രതലത്തിലോ ചുമരില്‍ നിന്നും വിട്ടോ സൂക്ഷിക്കണം. പൂപ്പല്‍ ബാധിച്ച കാറലുളള തീറ്റ കോഴികള്‍ക്ക് നല്‍കരുത്. അത് കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാക്കും.
4) മഴക്കാലത്ത് കോഴിക്കുഞ്ഞുങ്ങളില്‍ രക്താതിസാരം ഉണ്ടാക്കുന്ന വളരെ മാരകമായൊരു രോഗമാണ് കൊക്‌സിഡിയോസിസ് അഥവാ രക്താതിസാരം. കുടിവെളളം, തീറ്റ, പരിസരം എന്നിവ മലിനപ്പെടുന്നത് വഴിയാണ് ഈ രോഗമുണ്ടാകുന്നത്. ഒരു വെറ്ററിനറി സര്‍ജന്റെ നിര്‍ദ്ദേശാനുസരണം പ്രാരംഭഘട്ടത്തില്‍ മരുന്ന് നല്‍കിയും ജാഗ്രതയോടു കൂടിയ പരിചരണം കൊണ്ടും രോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കും. സമയം വൈകുന്തോറും മരണനിരക്ക് വര്‍ദ്ധിക്കും.
5) എല്ലാ ദിവസവും രാവിലെ തീറ്റ-വെളള പാത്രങ്ങളില്‍ ബാക്കി വന്നത് മാറ്റണം. ഈ പാത്രങ്ങള്‍ ക്വാര്‍ട്ടണറി അമോണിയം അടങ്ങിയ അണുനശീകരണ ലായനി അല്ലെങ്കില്‍ സോപ്പുലായനി ഉപയോഗിച്ച് കഴുകിത്തുടച്ച് വേണം വീണ്ടും ഉപയോഗിക്കുവാന്‍.
6) മഴക്കാലത്ത് കോഴിക്കുഞ്ഞുങ്ങളുടെ ബ്രൂഡിംഗ് വെല്ലുവിളി നിറഞ്ഞതാണ്. മഴച്ചാറ്റല്‍ കാരണം വിരിപ്പ് നനയുന്നത് ഒഴിവാക്കാനും കുഞ്ഞുങ്ങള്‍ക്ക് ആവശ്യമുളള ചൂട് കൂടിനുളളില്‍ നിലനിര്‍ത്താനും ബ്രൂഡിംഗ് ഷെഡിന്റെ വശങ്ങളില്‍ പ്‌ളാസ്റ്റിക്ക് കര്‍ട്ടന്‍ നല്‍കാവുന്നതാണ്. പകല്‍ സമയങ്ങളില്‍ ഈ കര്‍ട്ടനുകളുടെ മുകള്‍വശം ഏകദേശം ഒന്നരയടി താഴ്ത്തുന്നത് കൂടിനുളളില്‍ വായുസഞ്ചാരം ഉറപ്പാക്കുന്നതോടൊപ്പം കൂടിനുളളില്‍ ഉണ്ടാകാനിടയുളള അമോണിയ ഗന്ധം പുറന്തളളാനും സഹായിക്കും. അല്ലെങ്കില്‍ അമോണിയയുടെ രൂക്ഷഗന്ധം തങ്ങിനിന്ന് കുഞ്ഞുങ്ങള്‍ക്ക് തളര്‍ച്ച, കണ്ണെരിച്ചില്‍, ശ്വാസംമുട്ടല്‍ എന്നീ പ്രതികൂല സാഹചര്യമുണ്ടാക്കും.
7) പ്രതികൂല കാലവസ്ഥ കാരണമുളള ശാരീരിക ബുദ്ധിമുട്ട് കുറയ്ക്കാന്‍ വിറ്റാമിന്‍ മരുന്നുകള്‍, വിവിധതരം ധാതുലവണ മിശ്രിതങ്ങള്‍, ലിവര്‍ ടോണിക്കുകള്‍ എന്നിവ തീറ്റയിലോ വെളളത്തിലോ ചേര്‍ത്ത് കോഴികള്‍ക്ക് നല്‍കണം.

കോഴികളെ വളര്‍ത്തുന്ന കര്‍ഷകര്‍ കൃത്യമായ ജൈവസുരക്ഷ മാര്‍ഗ്ഗങ്ങള്‍ ശീലമാക്കുന്നതും മാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കുന്നതും വഴി മഴക്കാലത്ത് ഉണ്ടാകാനിടയുള്ള രോഗാണുബാധയുടെ പ്രധാന സ്രോതസ്സ് ഒഴിവാക്കി രോഗങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *