ഔദ്യോഗികമായി അവതരിപ്പിക്കാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കെ ഗാലക്‌സി സെഡ് ഫ്‌ളിപ്പ് 5, വാച്ച് 6 സീരീസ് എന്നിവയുടെ ഡിസൈന്‍ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നു. പതിവുപോലെ ചില വെബ്‌സൈറ്റുകളിലൂടെയും ടിപ്പ്സ്റ്റര്‍മാര്‍ വഴിയുമാണ് വിവരങ്ങള്‍ ചോര്‍ന്നത്.
രൂപകല്‍പനയില്‍ ചില മാറ്റങ്ങളോടെയാണ് രണ്ട് ഉപകരണങ്ങളും ഇറങ്ങുക. പ്രത്യേകിച്ചുും ഫ്‌ളിപ്പ് 5 സ്മാര്‍ട്‌ഫോണ്‍. ഫ്‌ളിപ്പ് 4 ല്‍ നിന്ന് വ്യത്യസ്തമായി 3.4 ഇഞ്ച് വലിയ കവര്‍ ഡിസ്‌പ്ലേയോടുകൂടിയാണ് ഫ്‌ളിപ്പ് 5 എത്തുക. പഴയ പതിപ്പില്‍ 1.9 ഇഞ്ച് ആയിരുന്നു കവര്‍ സ്‌ക്രീന്‍ വലിപ്പം.720 x 748 പിക്സല്‍ റസലൂഷനിലുള്ള ഈ ഡിസ്പ്ലേയ്ക്ക് 60 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ടാവും. മാപ്പ്, മെസേജസ്, യൂട്യൂബ്, ജിമെയില്‍ പോലെ വിവിധ ആപ്പുകള്‍ ഈ സ്‌ക്രീനില്‍ പ്രവര്‍ത്തിപ്പിക്കാം.
ഇതോടൊപ്പം, സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസര്‍ ചിപ്പ്, 256 ജിബി വരെ സ്റ്റോറേജ്, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്‌ക്രീന്‍ എന്നിവയും ഫോണില്‍ ഉണ്ടാവും. 3700 എംഎഎച്ച് ആണ് ബാറ്ററി. 25 വാട്ട് ചാര്‍ജിങും ലഭിക്കും.
വിന്‍ ഫ്യൂച്ചര്‍ എന്ന ജര്‍മന്‍ പ്രസിദ്ധീകരണവും ടിപ്പ്സ്റ്റര്‍ ആയ റോളണ്ട് ക്വാണ്ടുമാണ് ഗാലക്സി വാച്ച് 6 സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. വാച്ച് 6, വാച്ച് 6 ക്ലാസിക് എന്ന പേരുകളില്‍ രണ്ട് പതിപ്പുകളുണ്ടാവും. വ്യത്യസ്ത വലിപ്പത്തിലായിരിക്കും ഇവ. ക്രീം, ഗ്രേ നിറങ്ങളിലായിരിക്കും വാച്ചുകള്‍ എത്തുക എന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. എക്സിനോസ് ഡബ്ല്യൂ930, പുതിയ ഹെല്‍ത്ത് ഫീച്ചറുകള്‍ എന്നിവയും വാച്ചില്‍ പ്രതീക്ഷിക്കാം.ജൂലായ് 26നാണ് സാംസങിന്റെ വാര്‍ഷിക അവതരണ പരിപാടിയായ ‘സാംസങ് അണ്‍പാക്ക്ഡ്’ ഇവന്റ് നടക്കുന്നത്.