തലശ്ശേരി: കേരളത്തിനകത്തും പുറത്തുമുള്ള അനേകായിരം ശിവഭക്തരെ ആകര്‍ഷിക്കുന്ന കൊട്ടിയൂര്‍തീര്‍ത്ഥാടനത്തെക്കുറിച്ചുള്ള ആര്‍ക്കൈവ്‌സ് രേഖകള്‍ കൗതുകമുണര്‍ത്തുന്നു. കോഴിക്കോട് മലബാര്‍ കൃസ്ത്യന്‍ കോളജ് ചരിത്ര വിഭാഗം മേധാവിയായിരുന്ന മയ്യഴി സ്വദേശി പ്രൊഫ: എം.സി. വസിഷ്ഠിന്റെ ചരിത്ര ശേഖരത്തില്‍ നിന്നാണ് ദക്ഷിണകാശിയായ കൊട്ടിയൂരിനെക്കുറിച്ചുള്ള ഗതകാലതീര്‍ത്ഥാടനത്തിന്റെ സവിശേഷതകള്‍ ലഭ്യമാകുന്നത്. 141 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1882 ലെ കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തെക്കുറിച്ചുള്ള ആര്‍ക്കൈവ്്സ് രേഖ ഏറെ ശ്രദ്ധേയമാണ്.
കോഴിക്കോട് റീജിയണല്‍ ആര്‍ക്കൈവ്സിലെ ബോര്‍ഡ് ഓഫ് റവന്യൂവിന്റെ പ്രൊസീഡിംഗ്സ് വോളിയം 193 A/11 ലാണ് കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തെ കുറിച്ചുള്ള പരാമര്‍ശം കാണുന്നത്. 1882 ജൂണ്‍മാസത്തിലെ തീര്‍ത്ഥാടനത്തിനുശേഷം 1882 ഒക്ടോബര്‍ 12 ന് കോട്ടയം താലൂക്കിലെ ഒന്നാം ക്ലാസ് ഹോസ്പിറ്റല്‍ അസിസ്റ്റന്റ് എ.മുത്തുസ്വാമി പിള്ള മദ്രാസിലെ സാനിറ്ററി കമ്മീഷണര്‍ എം.സി. ഫര്‍ണലിന് അയച്ച റിപ്പോര്‍ട്ടിലാണ് കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തിന്റെ വിശദാംശങ്ങള്‍ പ്രൊഫ. വസിഷ്ഠ് കണ്ടെത്തുന്നത്.
1882 ജൂണ്‍ മാസത്തില്‍ നടന്ന തീര്‍ത്ഥാടനകാലത്ത് കൊട്ടിയൂരില്‍ അറുപതിനായിരത്തോളം പേരെത്തിയിട്ടുണ്ടെന്നും, തീര്‍ത്ഥാടകര്‍ക്കുള്ള വെള്ളം കിണറ്റില്‍ നിന്നും തോടുകളില്‍ നിന്നുമാണ് ശേഖരിച്ചതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ലഭ്യമായ വെള്ളത്തിന്റെ നിലവാരം മികച്ചതാണെന്നും, മഴ പെയ്യുന്ന സമയമായത് കൊണ്ട് കിണറുകളും തോടുകളും നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തീര്‍ത്ഥാടന സമയത്ത് പകര്‍ച്ചവ്യാധികള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, പൊതുവെ ആരോഗ്യകരമായ പ്രശ്നങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടുമില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വനമധ്യത്തിലാണ് ഉത്സവം നടക്കുന്നത്. ഉത്സവം നടക്കുന്ന കാലം മഴ പെയ്യുന്ന ജൂണ്‍ മാസവും. ഇതിനു പുറമേ തീര്‍ത്ഥാടകരുടെ സുരക്ഷക്കായി മെഡിക്കല്‍ അസിസ്റ്റന്റ്, കിണറുകള്‍ക്ക് ചുറ്റും മതിലുകള്‍ കെട്ടണമെന്ന് ശുപാര്‍ശയും ചെയ്യുന്നുണ്ട്.
നമ്മുടെ നാട്ടിലെ വിഭവചൂഷണത്തില്‍ മാത്രം ശ്രദ്ധിച്ചിരുന്ന കൊളോണിയല്‍ ഭരണകൂടം ജനങ്ങളുടെ ആരോഗ്യ പ്രശ്നത്തിലും ശ്രദ്ധിച്ചിരുന്നുവെന്നതിന് തെളിവാണ് ആര്‍ക്കൈവ്സ് രേഖ. എന്നാല്‍ കൊളോണിയല്‍ ഭരണകൂടത്തിന്റെ ജനങ്ങളുടെ ആരോഗ്യത്തിലുള്ള ശ്രദ്ധ പോലും അവരുടെ വിഭവചൂഷണ താല്പര്യങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ആരോഗ്യമുള്ള ജനതയെ മാത്രമേ വിഭവചൂഷണത്തിന് വിദഗ്ദമായി ഉപയോഗിക്കാന്‍ കഴിയുകയുള്ളു.ഈ തിരിച്ചറിവാണ് കൊളോണിയല്‍ ഭരണകൂടത്തിന്റെ ജനങ്ങളുടെ ആരോഗ്യത്തിലേക്കുള്ള അതീവ ശ്രദ്ധയ്ക്ക് കാരണമെന്ന് അനുമാനിക്കാം. കാനനപാതകളും, വനമധ്യത്തിലെ ക്ഷേത്രവും, അവിടുത്തെ ആചാരപ്പെരുമയും, ഓടപ്പൂവിന്റെ സവിശേഷതകളുമെല്ലാം ഇപ്പോഴും അതേപടി നിലനില്‍ക്കുന്നുവെന്നത് ഈ തീര്‍ത്ഥാടന കാലത്തും കാണാനാവും.