പത്തനംതിട്ട: ഏതു സര്‍ക്കാര്‍ ഓഫീസിലെയും ഫയലുകള്‍ പരിശോധിക്കാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ടെന്നും അതാണ് വിവരാവകാശ നിയമത്തിന്റെ ആദ്യ നേട്ടമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ ഹക്കിം പറഞ്ഞു. പ്രശ്‌നപരിഹാരം ഈ നിയമത്തിന്റെ പരിധിയിലല്ല. എന്നാല്‍ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം ലഭിക്കുന്നു എന്നത് വിവരാവകാശ നിയമത്തിന്റെ ഉപോത്പന്നമായിരിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെയും കാതോലിക്കേറ്റ് കോളജിന്റെയും സഹകരണത്തോടെ ജില്ലയിലെ എല്ലാ വകുപ്പുകളിലെയും പൊതുബോധന ഓഫീസര്‍മാര്‍ക്കും അപ്പീല്‍ അധികാരികള്‍ക്കുമായി സംഘടിപ്പിച്ച ഏകദിന പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ‘വിവരാകാശം: ജനസൗഹൃദ നിയമം’ എന്ന വിഷയാവതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.
സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനും വിവരാകാശ നിയമത്തിന് സാധിച്ചിട്ടുണ്ട്. അഴിമതി തടയാന്‍ ഈ നിയമം ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നും ഹക്കിം വിശദീകരിച്ചു. വിവരാകാശ അപേക്ഷ ലഭിച്ചാല്‍ മറുപടി നല്‍കുന്നതിന് ഉദ്യോഗസ്ഥര്‍ 30 ദിവസം വരെ കാത്തിരിക്കാന്‍ പാടില്ല. പരമാവധി വേഗത്തില്‍ വിവരം നല്‍കണം. മറ്റൊരു ഓഫീസറുടെ പക്കലുള്ള വിവരമാണെങ്കില്‍ അഞ്ച് ദിവസത്തിനകം അപേക്ഷ ആ ഓഫീസിലേക്ക് കൈമാറുകയും അക്കാര്യം അപേക്ഷകനെ അറിയിക്കുകയും വേണം. അപേക്ഷകന്‍ ആവശ്യപ്പെടുന്നത് മൂന്നാം കക്ഷിയെ സംബന്ധിച്ച വിവരമാണെങ്കില്‍ അഞ്ച് ദിവസത്തിനകം അദ്ദേഹത്തിന്റെ സമ്മതം തേടണം. മൂന്നാം കക്ഷി 10 ദിവസത്തിനകം മറുപടി നല്‍കണം. എതിര്‍പ്പ് അറിയിക്കുന്ന പക്ഷം പൊതുതാത്പര്യമില്ലെങ്കില്‍ മൂന്നാം കക്ഷിയുടെ വിവരം നല്‍കേണ്ടതില്ല. അപേക്ഷകന്റെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയുണ്ടാകുന്ന കാര്യമാണെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ വിവരം നല്‍കിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ മറ്റ് വകുപ്പുകള്‍ പ്രകാരം ഫീസ് വാങ്ങരുത്. അങ്ങനെ വാങ്ങുന്ന ഉദ്യോഗര്‍ ശിക്ഷാര്‍ഹരാണ്. കേസിന്റെ അന്വേഷണം പൂര്‍ത്തിയായാല്‍ വിവരം നല്‍കണം.
വിവരാകാശ നിയമം പുതിയ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണറായ ഡോ. കെ.എം. ദിലീപ് ക്ലാസ് നയിച്ചു. രാജ്യ സുരക്ഷ, വ്യക്തിവിശേഷങ്ങള്‍, നിയമനിര്‍മാണ സഭകളുടെ അധികാരത്തില്‍ വരുന്ന വിഷയങ്ങള്‍, കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ എന്നിവയിലുള്ള വിവരം നല്‍കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. കോപ്പി റൈറ്റ് ബാധകമായ വിവരങ്ങളും നല്‍കേണ്ടതില്ല. ഒരു അപേക്ഷയില്‍ ഒരു വിഷയം മാത്രം ഉള്‍പ്പെടുത്തുന്നത് മറുപടി വേഗം ലഭിക്കുന്നതിന് ഉപകരിക്കും. വിവരാവകാശ നിയമ പ്രകാരമല്ലാത്ത ഫീസ് അപേക്ഷകരില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഈടാക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഉദ്യോഗസ്ഥരുടെ സംശയനിവാരണവും നടത്തി.
ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ആമുഖ പ്രഭാഷണം നടത്തി. എഡി.എം ബി. രാധാകൃഷ്ണന്‍, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.സുനില്‍ ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് ടി. ജോര്‍ജ്, കോളേജ് സൂപ്രണ്ട് ബിജി കുഞ്ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.