ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധം നടക്കുന്ന സമയത്ത് ട്വിറ്റര്‍ പൂട്ടിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഭീഷണിയുണ്ടായിരുന്നുവെന്ന് ട്വിറ്റര്‍ മുന്‍ സി.ഇ.ഒയുടെ വെളിപ്പെടുത്തല്‍. മുന്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിയുടേതാണ് വെളിപ്പെടുത്തല്‍. ബ്രേക്കിങ് പോയിന്റ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തല്‍. കര്‍ഷക പ്രതിഷേധങ്ങളുടെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്ത്യയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നായിരുന്നു ഡോര്‍സിയുടെ വെളിപ്പെടുത്തല്‍.
അഭിമുഖത്തിനിടെ, വിദേശ സര്‍ക്കാരുകളില്‍ നിന്ന് എന്തെങ്കിലും സമ്മര്‍ദ്ദം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഡോര്‍സിയുടെ മറുപടി. ”കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ക്കെതിരെ, സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരെ ചുറ്റിപ്പറ്റി നിരവധി അഭ്യര്‍ത്ഥനകള്‍ നടത്തിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഞങ്ങള്‍ ഇന്ത്യയില്‍ ട്വിറ്റര്‍ അടച്ചുപൂട്ടും.. നിങ്ങളുടെ ജീവനക്കാരുടെ വീടുകള്‍ ഞങ്ങള്‍ റെയ്ഡ് ചെയ്യും, അവര്‍ അത് ചെയ്തു. നിങ്ങള്‍ ഇത് പാലിച്ചില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ ഓഫീസുകള്‍ അടച്ചുപൂട്ടും. ഇത് ഇന്ത്യയാണ്, ഒരു ജനാധിപത്യ രാജ്യമാണ് ”- ജാക്ക് ഡോര്‍സി പറഞ്ഞു.
അതേസമയം, ജാക്ക് ഡോര്‍സിയുടെ വാദം കള്ളമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. ഇന്ത്യന്‍ നിയമങ്ങളെ ട്വിറ്റര്‍ മാനിച്ചില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്നാല്‍ ഡോര്‍സിയും സംഘവും തുടര്‍ച്ചയായി ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ആരും ജയിലില്‍ പോകുകയോ ട്വിറ്റര്‍ അടച്ചുപൂട്ടുകയോ ചെയ്തിട്ടില്ല. ഇന്ത്യയിലെ നിയമങ്ങള്‍ ബാധകമല്ല എന്ന മട്ടിലായിരുന്നു ഡോര്‍സിയുടെ കീഴിലുള്ള പെരുമാറിയത്. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയില്‍, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്. 2021 ജനുവരിയില്‍ നടന്ന പ്രതിഷേധത്തിനിടെ, ധാരാളം തെറ്റായ വിവരങ്ങളും വ്യാജ വംശഹത്യ റിപ്പോര്‍ട്ടുകളും നല്‍കി. വ്യാജ വാര്‍ത്തകളെ അടിസ്ഥാനമാക്കി സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്ലാറ്റ്ഫോമില്‍ നിന്ന് തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥനായിരുന്നു”- മന്ത്രി ട്വിറ്ററില്‍ വിശദമാക്കി. ഇന്ത്യയുടെ പരമാധികാരത്തെ അംഗീകരിക്കുന്നതില്‍ ഡോര്‍സിക്ക് പ്രശ്‌നമുണ്ടായിരുന്നുവെന്നും മന്ത്രി കുറിച്ചു.
2021 നവംബറിലാണ് ട്വിറ്റര്‍ സി.ഇ.ഒ സ്ഥാനത്ത് നിന്ന് ഡോര്‍സി രാജിവെക്കുന്നത്. 2022 മെയില്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവച്ചു.