സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ നടക്കുന്ന അഴിമതികള്‍ നിത്യവാര്‍ത്തകളായി മാറുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വില്ലേജ് അസിസ്റ്റന്റായ ഒരുദ്യോഗസ്ഥന്‍ പിടിക്കപ്പെട്ടതും അയാളുടെ സമ്പാദ്യത്തെക്കുറിച്ച് വലിയ വാര്‍ത്തകള്‍ പുറത്തുവന്നതും. പ്യൂണ്‍ തൊട്ട് ഉന്നതങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ വരെ അഴിമതിയില്‍ പങ്കാളികളാവുകയാണ്. സര്‍ക്കാര്‍ നല്ല ശമ്പളമാണ് ജീവനക്കാര്‍ക്ക് നല്‍കികൊണ്ടിരിക്കുന്നത്. ഇന്നത്തെ അവസ്ഥയില്‍ ഓരോ മാസവും കടമെടുത്താണ് ശമ്പളം കൊടുത്തുകൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിലെ വിലസൂചികയനുസരിച്ചാണെങ്കില്‍ പോലും വളരെ നല്ലനിലയില്‍ ജീവിക്കാനുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. അതുംപോരാഞ്ഞ് ആര്‍ത്തി മൂത്താണ് കൈക്കുലിമേടിക്കുന്നത്. ആവശ്യങ്ങള്‍ക്കായി എത്തുന്നവരില്‍ നിന്നാണ് ഇക്കൂട്ടര്‍ കൈക്കൂലി വാങ്ങുന്നത്. നിയമപരമല്ലാതെ കാര്യങ്ങള്‍ക്ക് കൂട്ടുനിന്നും കൈക്കൂലി വാങ്ങുന്നവരുണ്ട്. ഫയലുകള്‍വച്ച് താമസിപ്പിക്കുന്നത് കൈക്കൂലി വാങ്ങുന്നതിനുള്ള ഉപാധിയായും ചിലര്‍ മാറ്റുന്നുണ്ട്.
സ്വകാര്യ സ്വത്ത് സമ്പാദിക്കാന്‍ യാതൊരു നിയന്ത്രണവുമില്ലാത്ത ഒരു രാജ്യത്ത് അഴിമതയുണ്ടാവുക സ്വാഭാവികമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി ശവമ്പളം ലഭിക്കുമ്പോള്‍, നിശ്ചിത വരുമാനമില്ലാത്ത ദശലക്ഷങ്ങള്‍ സംസ്ഥാനത്തുണ്ട്. അത്തരം ആളുകളടക്കം നല്‍കുന്ന നികുതി പണംകൊണ്ടാണ് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതെന്ന കാര്യം മറന്നുകൊണ്ടാണ് ഉദ്യോഗസ്ഥരില്‍ ചിലരില്‍ ചിലര്‍ അഴിമതി നടത്തുന്നത്. ഭൂരിപക്ഷം ഉദ്യോഗസ്ഥരും അഴിമതിക്കാരല്ലെന്നതും ഫയലുകള്‍വച്ച് താമസിപ്പിക്കാത്തവരാണെന്നതും ശുഭോഭര്‍ക്കമാണ്. അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഓഫിസുകളില്‍ പ്രയാസം നേരിടാറുണ്ട്. സഹപ്രവര്‍ത്തകരില്‍ ഭൂരിപക്ഷം കൈക്കൂലി വാങ്ങുമ്പോള്‍ ഇത്തരക്കാര്‍ക്ക് പ്രയാസമുണ്ടാകാറുണ്ട്. ചില ഓഫിസുകളില്‍ ലഭിക്കുന്ന പണം ഓഹരിയായി വീതംവയ്ക്കുന്ന രീതിയുമുണ്ട്. ഉദ്യോഗസ്ഥരെ അഴിമതിയിലേക്ക് തള്ളിവിടുന്നതില്‍ ചില ഘടകങ്ങളുണ്ട്. അതിലൊന്ന് നിയമാനുസൃതം ലഭിക്കാത്ത രേഖകള്‍ ചുളുവില്‍ നേടാനുള്ള ഇടപെടലുകളാണ്.
സംസ്ഥാനത്ത് റവന്യൂ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത്. ഇതിനെതിരേ ഈ രംഗത്തുള്ള സംഘടനകള്‍ ശക്തമായി ഇടപെടേണ്ടതുണ്ട്. അഴിമതി സമൂഹത്തെ ബാധിക്കുന്നത് ദുരന്തമാണ്. ഉന്നത രാഷ്ട്രീയ നേതൃത്വവും അഴിമതിയെ ചെറുക്കാന്‍ തയ്യാറാകണം. എന്ത്കാര്യം ചെയ്യണമെങ്കിലും കൈക്കൂലി കിട്ടണം, കമ്മീഷന്‍ കിട്ടണം എന്നുവന്നാല്‍ എങ്ങനെയാണ് പ്രവര്‍ത്തിയില്‍ മൂല്യം ഉയര്‍ത്തിപിടിക്കാനാവുക. സര്‍ക്കാര്‍ ജീവനക്കാര്‍ ഇക്കാര്യം ഗൗരവത്തിലെടുക്കുകയും അഴിമതിക്കാരായ സഹപ്രവര്‍ത്തകരെ തെറ്റായ വഴിയില്‍നിന്ന് പിന്തിരിപ്പിക്കാനും ശ്രമിക്കണം. സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ വിഭാഗം കാര്യക്ഷമമായി ഇടപെടണം. അഴിമതിക്കാരുടെ സ്വത്ത് കണ്ടുകെട്ടുകയും അഴിമതിയില്‍ പിടിച്ചാല്‍ സര്‍വീസില്‍ നിന്ന് ഉടന്‍ നീക്കുകയും തുറങ്കലിലടക്കുകയും വേണം. നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. നിയമം കര്‍ശനമാക്കുകയും സാമൂഹിക ഇടപെടലുകള്‍ ഉണ്ടാവുകയും ചെയ്താല്‍ അഴിമതിയെ പിടിച്ചുകെട്ടാനാകും.