ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സംശയത്തിന്റെ നിഴലില്‍

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സംശയത്തിന്റെ നിഴലില്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുകുലുക്കുകയും സംസ്ഥാനത്ത് ഭരണമാറ്റത്തിന് തന്നെ ഇടയാക്കിയതുമായ സംഭവങ്ങളിലൊന്നാണ് സോളാര്‍ വിവാദം. ഈ വിവാദമുണ്ടായപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ നിശ്ചയിച്ചതായിരുന്നു ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍. അക്കാലത്ത് തുടക്കം മുതല്‍ സിറ്റിംഗ് വരെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു കമ്മീഷന്റെ നടപടിക്രമങ്ങള്‍. പരാതിക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുന്‍പിന്‍ നോക്കാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയ ആയുധമാക്കി. മാധ്യമങ്ങളാവട്ടെ പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്തകളുടെ ഘോഷയാത്ര തന്നെ സൃഷ്ടിക്കുകയായിരുന്നു. വിവാദ സിഡി തിരഞ്ഞുള്ള പോക്കും ദൃശ്യമാധ്യമങ്ങള്‍ പിന്നാലെ ഓടിയതും അവസാനം ഒരു തുമ്പും കിട്ടാതെ ഇളിഭ്യരായി മടങ്ങിയ ഇക്കാര്യത്തില്‍ മാധ്യമങ്ങളും ഒരു പുനഃപരിശോധന നടത്തുന്നത് നല്ലതാണ്. ഏതെങ്കിലും ആരോപണം ഉന്നയിക്കപ്പെടുമ്പോള്‍ അത് വിവാദമാക്കി, വാര്‍ത്തകള്‍ മെനയുന്നത് നല്ലതല്ല. അത്തരം വാര്‍ത്തകള്‍ സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വാര്‍ത്താമാധ്യമങ്ങളുടെ മേധാവികള്‍ ആഴത്തില്‍ ചിന്തിക്കണം. സോളാര്‍ കമ്മീഷന് മുമ്പില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നിര്‍ഭയനായാണ് 17 മണിക്കൂറുകളോളം ഹാജരായി മൊഴി നല്‍കിയത്.

മുഖ്യമന്ത്രി എന്ന പദവി ഉപയോഗിച്ച് വേണമെങ്കില്‍ കമ്മീഷനെ നിശ്ചയിക്കാതിരിക്കാമായിരുന്നു. അതുമല്ലെങ്കില്‍ കമ്മീഷനെ സ്വാധീനിക്കാമായിരുന്നു. എന്നാല്‍ അതിനൊന്നും മുതിരാതെ അദ്ദേഹം കമ്മീഷനുമായി സഹകരിക്കുകയാണുണ്ടായത്. പല നേതാക്കളും വിവാദങ്ങളുണ്ടാവുകയോ, കേസില്‍ പെടുകയോ ചെയ്യുമ്പോള്‍ ഒളിച്ചോടുകയോ, കോടതി നടപടികളിലൂടെ കേസ് നീട്ടികൊണ്ടുപോകാനോ ശ്രമിക്കുന്ന കാലത്താണ് അദ്ദേഹം കമ്മീഷനുമായി സഹകരിച്ചതെന്നത് ശ്രദ്ധേയമാണ്,

സോളാര്‍ വിവാദകാലത്ത് മാധ്യമങ്ങള്‍ തുറന്ന് വായിക്കാന്‍ പോലും പൊതുജനം മടിച്ചിരുന്നു എന്നതാണ് സത്യം. സഭ്യതക്ക് നിരക്കാത്ത വാര്‍ത്തകളാണ് ഇക്കാലത്ത് മാധ്യമലോകത്ത് നിറഞ്ഞുനിന്നത്. പരാതിക്കാരി തന്നെ വ്യത്യസ്തമായ നിലപാടുകള്‍ ഇക്കാലയളവുകളില്‍ സ്വീകരിച്ചിരുന്നുവെന്നത് തന്നെ ഇതിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതായിരുന്നു. സി.ബി.ഐക്ക് നല്‍കിയ പരാതി അവര്‍ അന്വേഷണം നടത്തി പരാതിക്കാരി ഉന്നയിച്ചവര്‍ കുറ്റം ചെയ്തിട്ടില്ലെന്ന റിപ്പോര്‍ട്ടും നല്‍കിയിരുന്നു.

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇപ്പോള്‍ പരാമര്‍ശം നടത്തിയത് മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ സി.ദിവാകരനാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. തുടര്‍ന്ന് അന്ന് കേസന്വേഷണം നടത്തിയ സംഘത്തലവനും ഡി.ജി.പിയുമായിരുന്ന എ.ഹേമചന്ദ്രനും കമ്മീഷന്റെ നടപടികളെ വിമര്‍ശിച്ചിരിക്കുകയാണ്. കമ്മീഷന്‍ സദാചാര പോലിസ് ചമയുകയും മസാലകഥകളിലായിരുന്നു കമ്മീഷന് താല്‍പര്യമെന്ന് അദ്ദേഹം തുറന്നടിച്ചിരിക്കുകയാണ്. വ്യക്തികളുടെ സ്വകാര്യതയിലായിരുന്നു കമ്മീഷന് താല്‍പര്യമെന്നും ഇത് സംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നെന്നും അദ്ദേഹം തന്റെ സര്‍വീസ് സ്റ്റോറിയായ ‘ നീതി എവിടെ’ എന്ന ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്. ഹൈക്കോടതി തന്നെ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുകയുണ്ടായിട്ടുണ്ട്.

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ നിമയനം സംബന്ധിച്ചും അന്ന് ആഭ്യന്തമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യത്യസ്തമായ അഭിപ്രായമാണുണ്ടായിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാര്‍ക്ക് താരപരിവേഷം നല്‍കുകയും അരനൂറ്റാണ്ടിലധികം ജനപ്രതിനിധിയായിരിക്കുകയും സംസ്ഥാന മുഖ്യമന്ത്രിയായിരിക്കുകയും ചെയ്ത വ്യക്തിയുടെ വാക്കുകള്‍ പരിഗണിക്കാതെ നിരവധി തട്ടിപ്പുകേസുകളില്‍ പ്രതികളായവരുടെ വാക്കുകള്‍ക്കും നിലപാടുകള്‍ക്കും പിന്തുണ നല്‍കിയെന്ന ആരോപണമാണ് ശിവരാജന്‍ കമ്മീഷന്‍ നേരിടുന്നത്.

നീതിന്യായ മേഖലയില്‍ ഉന്നതപദവിയിലിരുന്ന അദ്ദേഹത്തെ പോലുള്ള ഒരു വ്യക്തിത്വം ആരോപണ വിധേയനായിരിക്കുകയാണ്. സോളാര്‍ വിവാദം അവസാനിച്ചെങ്കിലും അതിന്റെ ബാക്കിപത്രമായി ഇനിയും നിലപാടുകള്‍ വ്യക്തമാക്കപ്പെടും. സോളാര്‍ വിവാദം പോലുള്ള കാര്യങ്ങള്‍ ഉയര്‍ന്ന് വരാതിരിക്കാന്‍ ഭരണത്തിലിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം വാര്‍ത്തകള്‍ ഉയര്‍ന്ന് വരുമ്പോള്‍ കാള പെറ്റുവെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന രീതി മാധ്യമങ്ങളും ഉപേക്ഷിക്കണം. നീതി എല്ലാവര്‍ക്കും ലഭ്യമാകണം. പ്രത്യേകിച്ച് കുറ്റം ചെയ്യാത്തവര്‍ ക്രൂശിക്കപ്പെടുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. അത് ഉറപ്പുവരുത്തേണ്ടത് ആഭ്യന്തരവകുപ്പും ജുഡീഷ്യറിയുമാണ്. പുറത്തേക്കുവന്ന വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യത്തില്‍ തെറ്റ് പറ്റിയവര്‍ ആത്മപരിശോധന നടത്താന്‍ തയ്യാറാവേണ്ടത് കേരളീയ സമൂഹത്തിന്റെ ആവശ്യമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *