സർഗ്ഗാത്മക കൃതികളുടെ വിവർത്തനം  ഏകലവ്യ സാധന ഡോ.ആർസു

സർഗ്ഗാത്മക കൃതികളുടെ വിവർത്തനം ഏകലവ്യ സാധന ഡോ.ആർസു

കോഴിക്കോട്: സർഗ്ഗാത്മക കൃതികളുടെ വിവർത്തനം ഏകലവ്യന്റെ സാധന പോലെയാണെന്നും എന്നാൽ മുൻനിര പബ്ലിഷേർ്‌സ് അടക്കം വിവർത്തകരെ അവഗണിക്കുകയാണെന്ന് ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ ഡോ.ആർസു പറഞ്ഞു. വിവർത്തനം പ്രൊഫഷണലും ഡെയ്‌ലി വേജസുമാകുമ്പോൾ എഴുത്തുകാരന്റെ അഗാധമായ എഴുത്തിന്റെ മാനം കണ്ടെത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാഷാ സമന്വയ വേദി സംഘടിപ്പിച്ച മലയാള കൃതികളുടെ ഉത്തരേന്ത്യൻ സഞ്ചാരം സെമിനാറിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവർത്തകന്റെ ചോരയും വിയർപ്പും പലപ്പോഴും കാണാതെ പോകുകയാണ്. ഭാരതീയത വളർത്തുന്നത് രാഷ്ട്രീയക്കാരോ ഭരണ കർത്താക്കളോ മാത്രമല്ല. രാജ്യത്തെ വ്യത്യസ്ത ഭാഷകളിലെഴുതുന്ന എഴുത്തുകാരാണ്. മലയാളത്തിലെ കൃതികൾ വേണ്ടത്ര മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുന്നില്ല. നമ്മുടെ മഹത്തായ രചനകൾ ഭാരതീയ വായനക്കാരിലേക്കെത്തണം. സാംസ്‌കാരികപരമായ അമാവാസിയല്ല പൗർണ്ണമിയാണ് വിവർത്തനമെന്നും കേരളം വിവർത്തന സാഹിത്യത്തിൽ വളരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിനാർ പ്രശസ്ത എഴുത്തുകാരൻ വി.ആർ.സുധീഷ് ഉൽഘാടനം ചെയ്തു. ടി.ഡി.രാമകൃഷ്ണന്റെ നോവൽ അന്ധർ- ബധിരർ- മൂകർ ഡോ. അജിത മേനോൻ ഹിന്ദിയിലേക്ക് പരിഭാഷ പ്പെടുത്തിയത് ചടങ്ങിൽ പ്രകാശനം ചെയ്തു.ഡോ.പി.കെ.രാധാമണി അധ്യക്ഷത വഹിച്ചു. ഡോ.ആർസുവിൽ നിന്ന് ടി.ഡി.രാമകൃഷ്ണൻ പ്രഥമ പ്രതി ഏറ്റുവാങ്ങി. ഡോ.ആസാദ്, ഡോ.ഇന്ദുലേഖ സംസാരിച്ചു. ഡോ. അജിത മേനോൻ വിവർത്തനാനുഭവങ്ങൾ പങ്കുവെച്ചു. വേലായുധൻ പള്ളിക്കൽ സ്വാഗതവും, കെ.എം.വേണുഗോപാൽ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *