ബെംഗലൂരു: ശക്തമായ ഭരണവിരുദ്ധവികാരം അലയടിച്ച കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിളക്കമാര്‍ന്ന വിജയത്തിനു പിന്നാലെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ചുമതലയേല്‍ക്കുമെന്ന് സൂചന. ഡി. കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ബി. ജെ. പിയേക്കാള്‍ ഇരട്ടിയിലേറെ സീറ്റുകള്‍ നേടി വിജയിച്ച കോണ്‍ഗ്രസിന് മുന്നില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കങ്ങളില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കുക പ്രധാനമാണ്. കോണ്‍ഗ്രസില്‍ നിന്ന് ജയിച്ചുവന്ന എം. എല്‍. എമാരിലും സിദ്ധരാമയ്യയെ പിന്തുണക്കുന്നവരാണ് അധികവും. അതേസമയം തെരഞ്ഞെടുപ്പില്‍ കാര്യമായി സഹായിച്ച വൊക്കലിംഗ സമുദായത്തെയും കോണ്‍ഗ്രസ് പരിഗണിക്കും. ഈ സമുദായത്തില്‍ നിന്നുള്ള ഒരാളെയും ഉപമുഖ്യമന്ത്രിയാക്കും. ഡികെ ശിവകുമാറിന് പ്രധാനപ്പെട്ട വകുപ്പുകള്‍ നല്‍കുമെന്നുമാണ് വിവരം.
തന്റെ അവസാന തെരഞ്ഞെടുപ്പാണിതെന്ന് 76 കാരനായ സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എതിരാളിയായി രാഹുല്‍ ഗാന്ധി കാണുന്നത് സിദ്ധരാമയ്യയെയാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന് മകന്‍ യതിന്ദ്ര അഭിപ്രായപ്പെട്ടിരുന്നു. 2013 മുതല്‍ 2018 വരെ മുഖ്യമന്ത്രിയായ അനുഭവ പരിചയം ഉള്ള സിദ്ധരാമയ്യ തന്നെ ഇത്തവണയും കര്‍ണാടക മുഖ്യമന്ത്രിയാകണമെന്നു തന്നെയാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗവും ആവശ്യപ്പെടുന്നത്. കര്‍ണാടക കോണ്‍ഗ്രസിലെ അതികായന്മാരായ സിദ്ധരാമയ്യയെയും ഡി. കെ. ശിവകുമാറിനെയും അവര്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പുറത്തറിയിക്കാതെ ഒന്നിക്കാവുന്ന മേഖലകളില്‍ ഒന്നിച്ചു കൊണ്ടുപോകാനായി എന്നതാണ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിളക്കമാര്‍ന്ന വിജയത്തിന് കാരണങ്ങളിലൊന്ന് എന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.