മലപ്പുറം: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് യു. ഡി. എഫ് നേതാക്കള്‍. തെരഞ്ഞെടുപ്പ് ഫലം രാജ്യത്തൊട്ടാകെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വര്‍ഗീയ കാര്‍ഡ് കൊണ്ട് എല്ലാം നേടാം എന്ന ബി. ജെ. പി കാഴ്ചപ്പാടിനുള്ള തിരിച്ചടിയാണിതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 2024 വിജയത്തിലേക്കുള്ള യാത്ര ആണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലീം ലീഗ് നേതാവ് ഇ. ടി. മുഹമ്മദ് ബഷിര്‍ എം. പി. പറഞ്ഞു. മോദിയുടെ താരപ്രഭാവത്തിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും രാജ്യത്ത് മൂന്നാം മുന്നണിക്ക് സാധ്യതയില്ലെന്ന വ്യക്തമായെന്നും ഇ. ടി പറഞ്ഞു.
മോദി എന്ന മാജിക് കൊണ്ട് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് വ്യക്തമായതായി കെ. മുരളീധരന്‍ എം. പി പറഞ്ഞു. ബി. ജെ. പി യെ നേരിടാന്‍ ഇപ്പോഴും കരുത്ത് കോണ്‍ഗ്രസിനു തന്നെയെന്നും മുരളീധരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്റെ ക്രൗഡ് പുള്ളര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് വിജയം രാജ്യത്തിനു നല്‍കുന്നത് നല്ല സന്ദേശമെന്ന് സാദിഖലി തങ്ങളും പ്രതികരിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചു. ദക്ഷിണേന്ത്യയില്‍ ബി. ജെ. പിക്ക് സ്വാധീനം ഇല്ലെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.