ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ കോണ്‍ഗ്രസ് 137 സീറ്റില്‍ ലീഡ് ചെയ്യുന്നു. ആകെയുള്ള 224 സീറ്റില്‍ കേവലഭൂരിപക്ഷമായ 113 നേക്കാളും ഉയര്‍ന്ന ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് നേടിയത്. ഭരണ വിരുദ്ധ വികാരം അലയടിക്കുന്ന കര്‍ണാടകയില്‍ ബി. ജെ. പി 65 സീറ്റിലേക്ക് താഴുകയായിരുന്നു.
വ്യക്തമായ ഭൂരിപക്ഷം കിട്ടിയ കോണ്‍ഗ്രസിന്റെ ഇനിയുള്ള പ്രധാന വെല്ലുവിളി ആരാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹന്‍ എന്നുള്ളതാണ്. ഡി. കെ. ശിവകുമാറും സിദ്ധരാമയ്യയും അവകാശവാദം ഉന്നയിച്ചേക്കും എന്നാണ് സൂചന. മുന്‍മുഖ്യമന്ത്രിയായ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് മകന്‍ യതീന്ദ്ര അഭിപ്രായപ്പെട്ടിട്ടുണ്ട്. വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ഡി. കെ. ശിവകുമാര്‍ ഗാന്ധികുടുംബത്തിന് പ്രിയപ്പെട്ടവന്‍ എന്നുമാത്രമല്ല, ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രചാരണരംഗത്ത് മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. കനകപുര നിയോജക മണ്ഡലത്തില്‍ നിന്ന് എട്ടുതവണ എം. എല്‍. എയായ അദ്ദേഹത്തിന് ശക്തമായ പിന്തുണയുണ്ട്. പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടത്തിലെല്ലാം തുണയായി നിന്ന അദ്ദേഹം ഹൈക്കമാന്റിന്റെ നിര്‍ദ്ദേശങ്ങള്‍ അക്ഷരം പ്രതി പാലിക്കുന്ന വിശ്വസ്തനായ പ്രവര്‍ത്തകനാണ്. നിര്‍ണായക ഘട്ടങ്ങളില്‍ ഹൈക്കമാന്‍ഡ് പോലും സഹായം തേടുന്നത് ഡി. കെ യോടാണ്. കര്‍ണാടകയിലെ ഏറ്റവും ധനികനായ രാഷ്ട്രീയക്കാരില്‍ ഒരാളായ ഡി. കെ യെ മോദി സര്‍ക്കാര്‍ എന്നും വേട്ടയാടിയിട്ടുണ്ട്. സി. ബി. ഐ യും ഇ. ഡി. യും ഐ. ടി വകുപ്പും ഒന്നിലധികം കേസുകള്‍ ചുമത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തി 104 ദിവസം ജയിലിലടക്കപ്പെട്ട അദ്ദേഹം ഇപ്പോള്‍ ജാമ്യത്തിലാണ്. മോദി സര്‍ക്കാര്‍ ഈ കേസുകള്‍ വഴി അദ്ദേഹത്തെ വീണ്ടും ജയിലിലടക്കാനുള്ള ശ്രമങ്ങല്‍ തുടരും.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോദിക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി കാണുന്നത് 76 കാരനായ സിദ്ധരാമയ്യയെയാണ്. തന്റെ അവസാന തെരഞ്ഞെടുപ്പാണിതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. 2013 മുതല്‍ 2018 വരെ മുഖ്യമന്ത്രിയായതിന്റെ പരിചയ സമ്പത്തുള്ള സിദ്ധരാമയ്യയെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.