റായ്പൂര്‍ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വമ്പിച്ച വിജയത്തില്‍ മധുരം വിതരണം ചെയ്താണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. അഴിമതിയുടെ തലക്കിട്ട് ഹനുമാന്റെ ഗദ കൊണ്ട് കിട്ടിയ അടിയാണ് കര്‍ണാടക തെരഞ്ഞെടുപ്പിലെ ബി. ജെ. പിയുടെ തോല്‍വിയെന്ന് അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതു പോലെത്തന്നെയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും മോദി മുന്നണിപ്പോരാളിയായി നിന്നു കൊണ്ട് വോട്ട് തേടിയ തെരഞ്ഞെടുപ്പിലെ പരാജയം മോദിയുടെ പരാജയമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ മുന്നേറ്റത്തെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന നേതാവ് ജയ്‌റാം രമേഷും രംഗത്തെത്തി. കോണ്‍ഗ്രസ് വിജയിച്ചു, പ്രധാനമന്ത്രി പരാജയപ്പെട്ടു എന്നാണ് കര്‍ണാടകയിലെ ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചനയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ ഹിതപരിശോധന പോലെയായിരുന്ന ബി. ജെ. പി പ്രചാരണങ്ങള്‍ കന്നട ജനത തള്ളിക്കളഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടു വെച്ച വിഷയങ്ങള്‍ തികച്ചും പ്രാദേശികങ്ങളായിരുന്നു. സാധാരണ ജനങ്ങളുടെ ജീവിതം, ഭക്ഷ്യ സുരക്ഷ, വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കിയപ്പോള്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ഭിന്നിപ്പ് പടര്‍ത്താനാണ് കര്‍ണാടകയിലെ താരപ്രചാരകനായിരുന്ന പ്രധാനമന്ത്രി ശ്രമിച്ചതെന്ന് ജയ്‌റാം രമേഷ് പറഞ്ഞു.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിനനുകൂലമായിരുന്ന കര്‍ണാടകയില്‍ 132 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്.