ബംഗ്ലൂരു : കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരെ നാല്‍പ്പത് ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. അഞ്ചരക്കോടിയോളം വോട്ടര്‍മാര്‍ വിധിയെഴുതുന്ന സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ബി. ജെ. പിയും ഒപ്പം ജെ. ഡി. എസും. പൂജകള്‍ക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കര്‍ണാടക പി. സി. സി അധ്യക്ഷന്‍ ഡി കെ ശിവകുമാറും അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം വോട്ട് ചെയ്യാനെത്തിയത്.
കര്‍ണാടക പി. സി.സി അധ്യക്ഷന്‍ ഡി കെ ശിവകുമാറും മന്ത്രി ആര്‍ അശോകയും മത്സരിക്കുന്ന കനകപുരയിലാണ് ഉച്ച വരെ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. കര്‍ണാടകയിലെ ഏറ്റവും വലിയ താലൂക്കായ കൊല്ലെഗലിലാണ് ഏറ്റവും കുറവ് പോളിംഗ്. വാശിയേറിയ പോരാട്ടം നടക്കുന്ന ഉത്തര കര്‍ണാടകയിലെ പല മണ്ഡലങ്ങളിലും ദക്ഷിണ കന്നഡ ജില്ലയിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്.
നഗരമേഖലകളില്‍ സാമാന്യം ഭേദപ്പെട്ട പോളിംഗ് ഉണ്ട്. ബെംഗളുരു സൗത്ത് മേഖലകളിലെ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. കഴിഞ്ഞ വര്‍ഷം വെറും 55% പോളിംഗ് മാത്രമാണ് ബെംഗളുരു നഗരത്തില്‍ രേഖപ്പെടുത്തിയത്. ഇന്ന് വൈകിട്ട് ആറരയ്ക്ക് ശേഷമാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവരിക.