കോഴിക്കോട്: പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതി(പി.എം.ഇ.ജി.പി) കേന്ദ്രസര്‍ക്കാര്‍ ഖാദി കമ്മീഷന്‍ വഴി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ലഭിക്കേണ്ട സബ്‌സിഡി ലഭിക്കാത്തതിനാല്‍ സംരംഭകര്‍ ദുരിതം പേറുകയാണെന്ന് കേരള സ്‌മോള്‍ എന്റര്‍പ്രണേഴ്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി ചിലവിന്റെ 15 ശതമാനം മുതല്‍ 35 ശതമാനം വരെ സബ്‌സിഡി അനുവദിക്കുകയും പ്രസ്തുത തുക വായ്പയെടുത്ത ബാങ്കുകളില്‍ നിക്ഷേപിക്കുകയുമാണ് പതിവ്. ഈ തുക വായ്പയിലേക്ക് വരവ് ചെയ്യേണ്ടതും ബാക്കിതുക മാത്രമേ ബാങ്ക് സംരംഭകനില്‍ നിന്നും ഈടാക്കാന്‍ പാടുള്ളൂ. വായ്പയെടുത്ത് മൂന്ന് വര്‍ഷത്തിനുള്ളില്‍ യൂണിറ്റ് പരിശോധന നടത്തി പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത സര്‍ക്കാര്‍ ഏജന്‍സികളായ കെ.വി.ഐ.സി, കെ.വി.ഐ.ബി, ഡി.ഐ.സി എന്നിവയ്ക്കായിരുന്നു.
2017 മുതല്‍ ഇത് കന്ദ്രേസര്‍ക്കാര്‍ എടുത്ത് മാറ്റുകയും മുംബൈ ആസ്ഥാനമായ ജെന്‍സിസ് ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയെ ഏല്‍പ്പിച്ചു. ഒരു യൂണിറ്റ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഭീമമായ തുകയാണ് ഈ ഏജന്‍സിക്ക് നല്‍കുന്നത്. എന്നാല്‍ ഈ കമ്പനി സംസ്ഥാനത്ത് തുച്ഛമായ തുകക്ക് മറ്റൊരു കമ്പനിക്ക് കരാര്‍ നല്‍കുകയും ചെയ്തു. 2019ല്‍ കരാറെടുത്ത കമ്പനികള്‍ തമ്മിലുണ്ടായ പ്രശ്‌നം കാരണം യഥാസമയം പരിശോധന നടത്തിയിട്ടില്ല. ഈതുകാരണം ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട സബ്‌സിഡി തുക സംരംഭകന്റെ വായ്പ തുകയിലേക്ക് അഡ്ജസ്റ്റ് ചെയ്തിട്ടില്ല. സംരംഭകന്റെ പേരിലുള്ള സബ്‌സിഡി തുക സ്വന്തം പേരില്‍ ബാങ്കില്‍ ഉണ്ടായിട്ടും മുഴുവന്‍ തുകയും പലിശയും അടക്കാന്‍ സംരംഭകന്‍ നിര്‍ബന്ധിതനാവുകയാണ്. ആയിരക്കണക്കിന് സംരംഭകരാണ് ദുരിതം പേറുന്നത്. ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം. പ്രശ്‌നപരിഹാരം ഉണ്ടാകാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നവര്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കാവില്‍ പി.മാധവന്‍, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി അസീസ് ആവേലം, ജില്ലാ സെക്രട്ടറി പ്രശാന്ത്കുമാര്‍ മണിയൂര്‍ എന്നിവര്‍ പങ്കെടുത്തു.